കേരള നിയമസഭാതെരഞ്ഞെടുപ്പ് : നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് വൈകുന്നേരം മൂന്നുമണിവരെ

 കേരള നിയമസഭാതെരഞ്ഞെടുപ്പ് : നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് വൈകുന്നേരം മൂന്നുമണിവരെ

തിരുവനന്തപുരം : കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥനാർത്ഥികൾ ആരൊക്കെ എന്നതിൻ്റെ    യഥാർത്ഥചിത്രം ഇന്ന് വ്യക്തമാകും . പത്രികകൾ പിൻവലിക്കാനുള്ള  സമയം വൈകുന്നേരം3 മണിക്ക് അവസാനിക്കുന്നതോടെ സ്ഥാനാർഥികളുടെ അന്തിമ പട്ടിക പുറത്തുവരും.

നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മപരിശോധനയ്ക്ക് ശേഷം നിലവിൽ 985 സ്ഥാനാർഥികളാണ് സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത്. പത്രിക സമർപ്പിച്ച 1254 പേരിൽ 269 പേരുടെ പത്രികകൾ തള്ളിപ്പോയി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 957 സ്ഥാനാർഥികളായിരുന്നു ഉണ്ടായിരുന്നത്. ഇത്തവണ സ്ഥാനാർഥികളുടെ എണ്ണത്തിൽ വർധനയുണ്ട്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മണ്ഡലത്തിലാണ് കൂടുതൽ സ്ഥാനാർഥികളുള്ളത്. തിരുവനന്തപുരത്ത് 16 സ്ഥാനാർഥികളുണ്ട്.തെരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോൾ പ്രമുഖ മുന്നണികളെയും സ്ഥാനാർഥികളെയും അലട്ടുന്നത് അപരന്മാരുടെ ഭീഷണിയാണ്. വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കാൻ സാധ്യതയുള്ള അപരന്മാരെ പിൻവലിപ്പിക്കാനുള്ള നീക്കങ്ങളിലാണ് രാഷ്ട്രീയപാർട്ടികൾ. മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ അപരനായി സുരേന്ദ്രൻ എന്ന പേരിൽ മറ്റൊരാൾ പത്രിക നൽകിയത് വലിയ ചർച്ചയായിരുന്നു. അപരന്മാർ വോട്ടുവിഹിതത്തിൽ കുറവുണ്ടാക്കുമോ എന്ന ഭയത്തിലാണ് മുന്നണികൾ.സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടം കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. ഡീൽ ആരോപണങ്ങളും വാക്‌പോരുകളുമായി മുന്നണികൾ പരസ്പരം ആഞ്ഞടിക്കുന്നു. വരും ദിവസങ്ങളിൽ ദേശീയ നേതാക്കൾ കൂടി എത്തുന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള നേതാക്കൾ ഇതിനോടകം സംസ്ഥാനത്തെത്തി. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫും ഭരണം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന യുഡിഎഫും കരുത്തുറ്റ പ്രകടനം കാഴ്ചവയ്ക്കുന്ന എൻഡിഎയും തമ്മിലുള്ള പോരാട്ടത്തിൽ ആര് വിജയിക്കുമെന്നത് നിർണായകമാണ്. സ്ഥാനാർഥി ചിത്രം വ്യക്തമാകുന്നതോടെ വോട്ടർമാരെ നേരിൽ കാണാനുള്ള  ഓട്ടപ്പാച്ചിലിലേക്ക് മുന്നണികൾ കടക്കും.