ഭക്തി സാന്ദ്രമായ ഛത്പൂജയ്ക്ക് ഇന്ന് പര്യവസാനം

പട്‌ന: ദിവസങ്ങള്‍ നീണ്ടുനിന്ന ഭക്തി സാന്ദ്രമായ ഛത്പൂജ പര്യവസാനിച്ചു.. പുലര്‍ച്ചെ ഭക്തര്‍ ഉദയ സൂര്യന് 'ഉഷ അര്‍ഘ്യ' അർപ്പിച്ചതോടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. ഉദയ സൂര്യനെ കാണാനും പൂജ നടത്താനും നദി തീരങ്ങളിലേക്ക് ഭക്തര്‍ അതിരാവിലെ തന്നെ ഒഴുകിയെത്തി.ഒക്ടോബർ 25 ആരംഭിച്ച് കാർത്തിക് ശുക്ല പക്ഷത്തിലെ ചതുർഥി തിഥിയിൽ നഹയ്-ഖയ്, പഞ്ചമിയിൽ ഖർണ, ഷഷ്‌ഠിന് ഛത് പൂജ, സപ്‌തമിയിൽ സമാപന ഉഷ അർഘ്യ എന്നിവ ഉൾപ്പെടെയുള്ള ചടങ്ങുകളോടെയാണ് ഛത്‌ പൂജയ്‌ക്ക് സമാപനമായത്.ബിഹാറിൽ "ഉഷ അർഘ്യ" അര്‍പ്പിക്കാന്‍ ആളുകൾ പട്‌ന കലക്‌ടറേറ്റ് ഘട്ടിലേക്ക് എത്തി. ഘട്ടിലെ വിവിധ സ്ഥലങ്ങളിൽ ഭക്തര്‍ പൂക്കളും പഴങ്ങളും ഉൾപ്പെടെയുള്ള വഴിപാടുകൾ അര്‍പ്പിച്ചു. വിവിധ ഘട്ടുകളില്‍ "ഉഷ അർഘ്യ"യുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ വിന്യസിപ്പിച്ചു.നാല് ദിവസം നീണ്ടുനിന്ന ഛത് പൂജയ്ക്ക് സമാപനം കുറിച്ചുകൊണ്ട് ചൊവ്വാഴ്‌ച പുലർച്ചെ ഡൽഹിയിലെ യമുന ഘട്ടിലും "ഉഷ അർഘ്യം" അർപ്പിക്കാൻ ഭക്തർ ഒഴുകിയെത്തി. പ്രകാശപൂരിതമാക്കിയ ഐടിഒയുടെ ഹാത്തി ഘട്ടില്‍ ഭക്തര്‍ ഉദയ സൂര്യനായി പൂജ ചെയ്‌തു.സൂര്യനെ തൊഴാന്‍ വരുന്നവരെ വരവേല്‍ക്കാന്‍ ഹാത്തി ഘട്ട് അലങ്കാരങ്ങളാല്‍ നിറഞ്ഞിരുന്നു. അലങ്കാരങ്ങള്‍ ഭക്തരിലും മതിപ്പ് ഉളവാക്കി. ഇവിടേക്ക് ഒഴുകിയെത്തിയ ഭക്തരില്‍ ഭൂരിഭാഗവും പുഷ്‌പാലങ്കാരത്തില്‍ ആകൃഷ്‌ടരായി. “ഘാട്ട് മനോഹരമായി അലങ്കരിച്ചിരിക്കുന്നു, ഇവിടെ ധാരാളം ആളുകളുണ്ട്… ഇതൊരു അത്ഭുതകരമായ അനുഭവമാണ്,” ഐടിഒ ഹാത്തി ഘട്ടിലെത്തിയ ഒരു ഭക്ത  പറഞ്ഞു.

ഛത്പൂജ സൂര്യദേവനും സഹോദരി ഛത്തി മായയ്ക്കും വേണ്ടി സമർപ്പിക്കുന്ന ഒരു പുരാതന ഹിന്ദു ആഘോഷമാണ്. ഇത് സൂര്യ ഷഷ്ഠി എന്നും അറിയപ്പെടുന്നു. കുടുംബത്തിൻ്റെ ക്ഷേമത്തിനായി സ്ത്രീകൾ  ഇതിനായി കർശനമായ ഉപവാസം ആചരിക്കുന്നു. വ്രതമെടുക്കുന്നവർക്ക്  36 മണിക്കൂർ ഭക്ഷണം കഴിക്കാനോ കുടിക്കാനോ കഴിയില്ല .മുട്ടോളം വെള്ളത്തിൽ നിന്നുകൊണ്ട് സൂര്യനെ പ്രാർത്ഥിക്കുക, പ്രത്യേക പ്രസാദം ഉണ്ടാക്കുകയും പങ്കിടുകയും ചെയ്യുക, പ്രണാമം നടത്തുക എന്നിവയാണ് മറ്റ് പ്രധാന ചടങ്ങുകൾ.