ശബരിമല മേൽശാന്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഈ മാസം 18ന്

ശബരിമല മേൽശാന്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഈ മാസം 18ന്

പത്തനംതിട്ട: ശബരിമല മേൽശാന്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഈ മാസം 18ന് നടക്കും. ശബരിമല മേൽശാന്തിയ്ക്കായി  14 പേരും മാളികപ്പുറം മേൽശാന്തിയ്ക്കായി  13 പേരുമാണ് ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. സുതാര്യത ഉറപ്പാക്കാനായി ഹൈക്കോടതി പുറപ്പെടുവിച്ച മാർഗരേഖ പ്രകാരം നറുക്കെടുപ്പ് നടക്കുന്ന സമയത്ത് ശബരിമല സ്പെഷ്യൽ കമ്മിഷണർ, ദേവസ്വം ബോർഡ് ചെയർമാൻ, ദേവസ്വം കമ്മിഷണർ, ഹൈക്കോടതി നിരീക്ഷകൻ എന്നിവരടക്കം നാല് പേരെ മാത്രമേ സോപാനത്ത് പ്രവേശിപ്പിക്കുകയുള്ളൂ.

വർഷങ്ങളായി നടന്നുവരുന്ന പ്രത്യേക നറുക്കെടുപ്പ് വഴിയാണ് ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നത്. അപേക്ഷകരിൽ നിന്നും നിശ്ചിത യോഗ്യതയുള്ളവരെ തെരഞ്ഞെടുത്താണ് ചുരുക്കപ്പട്ടിക തയ്യാറാക്കുന്നത്. ഒരു വർഷത്തേക്കാണ് ശബരിമലയിലെ മേൽശാന്തി നിയമനം. മലയാളികളായ ബ്രാഹ്മണർക്ക് മാത്രമാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. നറുക്കെടുപ്പിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷം ശബരിമലയിലോ മാളികപ്പുറത്തോ താമസിച്ച് പൂജാകർമങ്ങൾ നടത്താം.നറുക്കെടുപ്പ് ശബരിമല സന്നിധാനത്ത് വച്ചാണ് നടക്കുക. നിലവിലുള്ള മേൽശാന്തിയുടെ സാന്നിധ്യത്തിൽ പന്തളം കൊട്ടാരത്തിൽനിന്നുള്ള ബാലനാണ് നറുക്കെടുപ്പ് നടത്തുന്നത്. ഈ ബാലൻ, തെരഞ്ഞെടുക്കപ്പെട്ട പേരുകൾ അടങ്ങിയ തുണ്ടുകൾ ഒരു വെള്ളിപ്പാത്രത്തിൽ വച്ച് അതിൽനിന്ന് വിജയിയെ തെരഞ്ഞെടുക്കുന്നു. സുതാര്യത ഉറപ്പാക്കാനാണ് ഹൈക്കോടതി നിരീക്ഷണവും മാർഗരേഖയും നിലവിൽ വന്നത്.