സത്യവാങ്മൂലത്തിൽ 1.72 കോടി രൂപയുടെ കണക്ക് കാണിച്ചിട്ടില്ല : മന്ത്രി പി.എ. മുഹമ്മദ് റിയാസിനും ഭാര്യയ്‌ക്കുമെതിരെ ഹർജി

സത്യവാങ്മൂലത്തിൽ  1.72 കോടി രൂപയുടെ കണക്ക് കാണിച്ചിട്ടില്ല : മന്ത്രി പി.എ. മുഹമ്മദ് റിയാസിനും ഭാര്യയ്‌ക്കുമെതിരെ ഹർജി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ച് വച്ചതിനെതിരെ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, ഭാര്യ വീണ തൈക്കണ്ടി എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. ഹര്‍ജി പരിഗണിച്ച ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് റ്റാനിയ മറിയം ജോസ് മ്യൂസിയം പൊലീസിനോട് ഈ മാസം 22 ന് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചു. അഭിഭാഷകനായ നെയ്യാറ്റിന്‍കര നാഗരാജാണ് ഹര്‍ജി ഫയല്‍ ചെയ്‌തത്.

മുഹമ്മദ് റിയാസിൻ്റെ നാമനിര്‍ദ്ദേശ പത്രികയില്‍ ഭാര്യയായ വീണ തൈക്കണ്ടി സി.എം.ആര്‍.എല്‍-ല്‍ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയുടെ കണക്ക് കാണിച്ചിട്ടില്ലെന്നാണ് ഹര്‍ജിക്കാരൻ്റെ വാദം. ഭാര്യക്ക് ഏതെങ്കിലും കമ്പനികളുമായി കരാര്‍ ഉണ്ടോ എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി നല്‍കാതെ വിവരങ്ങള്‍ മറച്ച് വച്ചതായി ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. നാമനിര്‍ദ്ദേശ പത്രികയില്‍ ബോധപൂര്‍വ്വം വിവരങ്ങള്‍ മറച്ച് വച്ച ഇരുവര്‍ക്കുമെതിരെ കേസ് എടുത്ത് അന്വേഷണം നടത്താന്‍ മ്യൂസിയം പൊലീസിനോട് നിര്‍ദ്ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

വീണ വിജയന് എതിരെയുള്ള മാസപ്പടി കേസ്

എക്സാലോജിക് – സിഎംആർഎൽ മാസപ്പടിഇടപാടു കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളും മന്ത്രി മുഹമ്മദ് റിയാസിൻ്റെ ഭാര്യയുമായ വീണ വിജയനെ പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിച്ചതോടെയാണ് കേസിൻ്റെ തുടക്കം. സേവനം നൽകാതെ 1.72 കോടി രൂപ കൈപ്പറ്റിയെന്നാണ് കേസ്. കള്ളപ്പണ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ് അന്വേഷണം തുടരുന്നു. മാസപ്പടി കേസിൽ സിഎംആറില്‍ നിന്നും കൈക്കൂലി കൈപ്പറ്റിയവരുടെ പേര് വിവരങ്ങൾ പുറത്ത് വിടണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് എസ്‌എഫ്ഐഒ കേസുകൾ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയിൽ നൽകിയ ഹർജിയില്‍ വിധി പറയുന്നത് ഹൈകോടതി സ്റ്റേ ചെയ്‌തിരുന്നു.

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയൻ മൂന്നാം പ്രതിയാണ്. എസ്എഫ്ഐഒ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിനൊപ്പം 775 പേജുള്ള കേസ് ഡയറിയും ഹാജരാക്കിയിരുന്നു. ഇതിൽ മൂവായിത്തിൽ അധികം എൻട്രികളിലായി നിരവധി ആളുകൾ പണം കൈപ്പറ്റിയിട്ടുള്ള വിവരങ്ങളും ഉൾപ്പെട്ടിരുന്നു. ഈ ഹർജിയിൽ വിധി പറയാനിരിക്കേയാണ് പ്രസ്‌തുത രേഖകൾ ഷോൺ ജോർജിന് കൈമാറരുതെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ മാനേജ്മെൻ്റ് ഹൈകോടതിയിൽ നിന്നും സ്റ്റേ വാങ്ങിയത്.