കേരളത്തിൽ ഇന്ന് കലാശക്കൊട്ട് :വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് വൈകിട്ട് ആറോടെ കൊടിയിറക്കം

 കേരളത്തിൽ ഇന്ന് കലാശക്കൊട്ട് :വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് വൈകിട്ട് ആറോടെ കൊടിയിറക്കം

തിരുവനന്തപുരം സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട് . ആഴ്‌ചകൾ നീണ്ട വാശിയേറിയ പ്രചാരണത്തിനാണ് വൈകിട്ട് ആറോടെ കൊടിയിറങ്ങുന്നത്. നാളെ നിശബ്‌ദ പ്രചാരണവും മറ്റന്നാൾ വോട്ടെടുപ്പും നടക്കും.രാഷ്ട്രീയ അജണ്ടകളും വിവാദങ്ങളും നിറഞ്ഞുനിന്ന തെരഞ്ഞെടുപ്പ് രംഗം ദേശീയ-സംസ്ഥാന നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. പ്രചാരണ ദിവസങ്ങൾ കുറവായിരുന്നെങ്കിലും വിവാദങ്ങൾ ജനമധ്യത്തിലെത്തിക്കാൻ പാർട്ടികൾക്ക് സാധിച്ചു. അവസാനഘട്ടത്തിൽ താരപ്രചാരകരും എത്തിയത് മുന്നണി ക്യാമ്പുകളിൽ ഉണർവുണ്ടാക്കി.

കൊട്ടിക്കലാശത്തിൻ്റെ ഭാഗമായി രാവിലെ മുതൽ സ്ഥാനാർഥികളുടെ റോഡ് ഷോകൾ നടക്കും. ഇതിനായി സ്ഥാനാർഥികൾക്ക് പൊലീസ് പ്രത്യേക കേന്ദ്രങ്ങൾ അനുവദിച്ചു. മൂന്ന് മുന്നണികളും പരസ്യപ്രചാരണത്തിൻ്റെ സമാപനം വൻ ആവേശമാക്കാനുള്ള ശ്രമത്തിലാണ്.തെക്കന്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണവും മുന്നേറ്റങ്ങളും തെരഞ്ഞെടുപ്പിന് അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ വിജയം ഉറപ്പിച്ചിരിക്കുകയാണ് ഇടതുപക്ഷ മുന്നണി. ഇതിലൂടെ തങ്ങള്‍ക്ക് ഭരണ തുടര്‍ച്ചയുണ്ടാകുമെന്നുമാണ് മുന്നണിയുടെ വിശ്വാസം. അതേസമയം ദേശീയ നേതാക്കളെത്തിയുള്ള പ്രചാരണവും അതോടൊപ്പം ശബരിമല പ്രശ്‌നങ്ങളും ഭരണ വിരുദ്ധ വികാരവും തങ്ങളെ അധികാര കസേരയേറ്റുമെന്നാണ് യുഡിഎഫിന്‍റെ ആത്മവിശ്വാസം. എന്നാല്‍ ഏതാനും സീറ്റുകളെങ്കിലും ലഭിക്കണമെന്ന ആഗ്രഹത്തിലായിരുന്നു ബിജെപിയുടെ പ്രചാരണം. ആരോപണങ്ങളും പ്രത്യാരോപണങ്ങളും അതോടൊപ്പം നിരവധി വിവാദങ്ങളും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. എന്നാല്‍ ആരോപണങ്ങളും വിവാദങ്ങളുമൊന്നും തങ്ങളെ ബാധിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. അതേസമയം തെരഞ്ഞെടുപ്പില്‍ മികച്ച വിജയമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.