വാഷി തീപ്പിടുത്തം: "സർക്കാർ അടിയന്തര ധനസഹായം നൽകണം" : ജോജോതോമസ്

മുംബൈ: നവിമുംബൈയിൽ ഇന്ന് രാവിലെ കെട്ടിടത്തിൽ തീപ്പിടിച്ച് നാലുപേർ മരിക്കാനിടയായ സംഭവത്തിൽ മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോതോമസ് അനുശോച്ചിച്ചു.മരണപ്പെട്ടവരുടെ കുടുംബത്തിനും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽകഴിയുന്നവർക്കും സർക്കാർ അടിയന്തര ധനസഹായം നൽകണമെന്നും അഭ്യർത്ഥിച്ചു. റഹേജ റെസിഡൻസിയിലുണ്ടായ ദാരുണമായ തീപിടുത്തത്തിൽ ഒരു മലയാളി കുടുംബത്തിലെ പിഞ്ചുകുട്ടി ഉൾപ്പെടെ നാല് പേർ മരണപ്പെട്ട വാർത്തഏറെ ഞെട്ടലോടെയാണ് കേട്ടറിഞ്ഞതെന്നും, വിലപ്പെട്ട നാല് ജീവനുകൾ നഷ്ടമായത് അത്യന്തം വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ജോജോ തോമസ് ആവശ്യപ്പെട്ടു.പരിക്കേറ്റവർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുകയും വേണം.നഗരത്തിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നത് ജനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകളാണ് ഉയർത്തുന്നതെന്നും കെട്ടിട സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിൽ അധികാരികൾക്ക് വീഴ്ച സംഭവിക്കുന്നുണ്ടോ എന്ന് സമഗ്രമായി പരിശോധിക്കണമെന്നും ജോജോ തോമസ് ആവശ്യപ്പെട്ടു."ഫ്ലാറ്റുകളിലും മറ്റ് റെസിഡൻഷ്യൽ കെട്ടിടങ്ങളിലും സുരക്ഷ ഉറപ്പാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകരുത്. പ്രത്യേകിച്ച് ദീപാവലി ആഘോഷങ്ങൾ നടക്കുന്ന സാഹചര്യത്തിൽ, സുരക്ഷാ വെല്ലുവിളികൾ ഒഴിവാക്കാൻ ശക്തമായ മുൻകരുതലുകൾ സ്വീകരിക്കണം. ഫയർ സേഫ്റ്റി ഓഡിറ്റുകൾ കർശനമാക്കണം," ജോജോ തോമസ് ആവശ്യപ്പെട്ടു.