"ശബരിമലയിൽ നടന്നത് കൊടുംകൊള്ള: സ്വർണപ്പാളികൾ മാറ്റി": ഹൈക്കോടതി, കൂടുതൽ അറസ്റ്റിന് സാധ്യത

എറണാകുളം: ശബരിമലയിലെ സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് വി.എസ്.എസ്.സി. സമർപ്പിച്ച ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിൽ അതീവ ഗുരുതരമായ കണ്ടെത്തലുകളെന്ന് ഹൈക്കോടതി. 1998-ൽ സ്ഥാപിച്ച സ്വർണപ്പാളികളും 2019-ൽ സ്വർണം പൂശിയ പാളികളും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.യഥാർഥ സ്വർണപ്പാളികൾ നീക്കം ചെയ്ത് പകരം സ്വർണം പൂശിയ ചെമ്പ് പാളികൾ സ്ഥാപിച്ചതായാണ് വി.എസ്.എസ്.സി.യുടെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാകുന്നത്. എസ്.ഐ.ടിയുടെ ഇടക്കാല റിപ്പോർട്ട് കൂടി പരിഗണിച്ച കോടതി, താൻ ഉന്നയിച്ച ആശങ്കകൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്ന് വ്യക്തമാക്കി.
കുറ്റകൃത്യം നടപ്പിലാക്കിയ രീതി ശാസ്ത്രീയമായി വെളിപ്പെട്ടെന്നും കവർച്ചയ്ക്കായി നടത്തിയ ഗൂഢാലോചനയുടെ കണ്ണികൾ തിരിച്ചറിഞ്ഞതായും കോടതി ചൂണ്ടിക്കാട്ടി. ഇതിൽ വ്യക്തിഗത ഉത്തരവാദിത്തവും ക്രിമിനൽ ബാധ്യതയും ഉൾപ്പെടുമെന്നും ഇതിൽ പങ്കുള്ള കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി.ഉരുക്കിയ സ്വർണം ഉൾപ്പെടെയുള്ള തെളിവുകൾ ഇനിയും കണ്ടെത്താനുണ്ട്. കവർച്ചയുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങൾ അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇപ്പോൾ പുറത്തുവിടാനാകില്ലെന്ന് ഹൈക്കോടതി എടുത്തുപറഞ്ഞു. വി.എസ്.എസ്.സി.യിലെ ശാസ്ത്രജ്ഞരുടെ മൊഴി ഉടൻ രേഖപ്പെടുത്തണമെന്നും ഈ മൊഴികൾ കണ്ടെത്തിയ തെളിവുകളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് എസ്.ഐ.ടി. പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും കോടതി നിർദ്ദേശിച്ചു.സ്വർണപ്പാളികൾക്ക് പുറമെ കൊടിമരം മാറ്റിസ്ഥാപിച്ചതിലും അന്വേഷണം വേണമെന്ന് കോടതി ഉത്തരവിട്ടു. നിലവിലുള്ള അന്വേഷണ സംഘത്തിലേക്ക് ഒരു ഡി.വൈ.എസ്.പിയെയും സി.ഐ.യെയും കൂടി ഉൾപ്പെടുത്തിയ കോടതി, ചൊവ്വാഴ്ച ശബരിമല സന്നിധാനത്ത് വിശദമായ പരിശോധന നടത്താൻ അനുമതി നൽകി. സ്ട്രോങ്ങ് റൂമിലുള്ള വാതിൽപ്പാളിയും പ്രഭാമണ്ഡല പാളിയും കൊച്ചിയിൽ നിന്നുള്ള വിദഗ്ധ സാങ്കേതിക സംഘത്തിന്‍റെ സഹായത്തോടെ എസ്.ഐ.ടി. പരിശോധിക്കും.
പി.എസ്. പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റായിരുന്ന 2024-25 കാലയളവിലെ ഇടപാടുകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താൻ കോടതി നിർദ്ദേശിച്ചു. ഈ കാലയളവിലെ ഇടപാടുകളിലും അന്വേഷണം അനിവാര്യമാണെന്നും അതിലേക്കുള്ള നിർണായകമായ ശാസ്ത്രീയ തെളിവുകൾ വി.എസ്.എസ്.സി. റിപ്പോർട്ടിലുണ്ടെന്നും കോടതി വ്യക്തമാക്കി.2024-25 വർഷത്തെ ഇടപാടുകൾ കൂടി തങ്ങൾ അന്വേഷിക്കുമെന്ന് എസ്.ഐ.ടി. കോടതിയെ അറിയിച്ചു. ഫെബ്രുവരി 9-ന് എസ്.ഐ.ടി. വീണ്ടും ഇടക്കാല അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. പവിത്രമായ ശബരിമലയിൽ നടന്ന സ്വർണക്കൊള്ളയിലെ എല്ലാ സംശയങ്ങളും സമഗ്രമായ അന്വേഷണത്തിലൂടെ നീക്കണമെന്നും ഹൈക്കോടതി കർശന നിർദ്ദേശം നൽകി.
നിലവിൽ 16 പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലുണ്ട്. കേസിൽ ഇതുവരെ 202 സാക്ഷിമൊഴികളാണ് എസ്.ഐ.ടി രേഖപ്പെടുത്തിയത്. പ്രതികളിൽ ചിലരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്തുക്കൾ കണ്ടെത്താനുള്ള പരിശോധനകൾ തുടരുകയുമാണെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.