ഇന്ത്യൻ ഭരണഘടനയ്‌ക്ക് ഇന്ന് 76 വയസ് ! ശക്തമായ ഒരു ജനാധിപത്യത്തിൻ്റെ അടിത്തറയാണ് ഭരണഘടനയെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ജനാധിപത്യത്തിന് ഉയിരേകിയ ഇന്ത്യൻ ഭരണഘടനയ്‌ക്ക് ഇന്ന് 76 വയസ് തികയുന്നു. രാജ്യം ഇന്ന് ഭരണഘടനാ ദിനം ആഘോഷിക്കുകയാണ്. ശക്തമായ ഒരു ജനാധിപത്യത്തിൻ്റെ അടിത്തറയാണ് ഭരണഘടനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. രാജ്യത്തിൻ്റെ പുരോഗതിയിൽ ഭരണഘടന വഹിയ്‌ക്കുന്ന പങ്ക് വളരെ വലുതാണെന്നും എണ്ണമറ്റ പൗരന്മാരുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനുള്ള ശക്തി ഭരണഘടന നൽകിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഭരണഘടന സുരക്ഷിതമായിരിക്കുന്നിടത്തോളം കാലം ഓരോ ഇന്ത്യക്കാരൻ്റെയും അവകാശങ്ങൾ സുരക്ഷിതമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രതികരിച്ചു. രാജ്യത്തെ പൗരന്മാർക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്ന കത്ത് എഴുതി .
കർത്തവ്യങ്ങളുടെ നിർവഹണത്തിൽ നിന്നാണ് അവകാശങ്ങൾ ഒഴുകുന്നത് എന്ന മഹാത്മാഗാന്ധിയുടെ വിശ്വാസത്തെ പ്രധാനമന്ത്രി മോദി തൻ്റെ കത്തിൽ ഓർമിപ്പിച്ചു. കടമകൾ നിറവേറ്റുന്നത് സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയുടെ അടിത്തറയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് എടുക്കുന്ന നയങ്ങളും തീരുമാനങ്ങളും വരും തലമുറകളുടെ ജീവിതത്തെ രൂപപ്പെടുത്തുമെന്നും ഇന്ത്യ ഒരു പുരോഗമന രാജ്യത്തിലേയ്‌ക്ക് നീങ്ങുമ്പോൾ കടമകൾക്കും കർത്തവ്യങ്ങൾക്കും പ്രഥമ സ്ഥാനം നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഭരണഘടനയുടെ 60-ാം വാർഷികത്തോടനുബന്ധിച്ച് ഗുജറാത്തിൽ നടന്ന സംവിധാൻ ഗൗരവ് യാത്ര, പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം, രാജ്യവ്യാപക പരിപാടികൾ തുടങ്ങിയവയും അദ്ദേഹം കത്തിൽ സൂചിപ്പിച്ചു.സർദാർ വല്ലഭായ് പട്ടേലിൻ്റെയും ബിർസ മുണ്ടയുടേയും 150-ാം ജന്മവാർഷികം, വന്ദേമാതരത്തിൻ്റെ 150-ാം വാർഷികം, ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 350-ാം രക്തസാക്ഷിത്വ വാർഷികം എന്നിവയെല്ലാം ഒത്തുചേരുന്ന ഈ വർഷത്തെ ഭരണഘടനാ ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി കത്തിൽ പറഞ്ഞിട്ടുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 51A-യിൽ പ്രതിപാദിച്ചിരിക്കുന്നതുപോലെ, ഈ വ്യക്തിത്വങ്ങളും നാഴികക്കല്ലുകളും നമ്മുടെ കടമകളുടെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യമായി 18 വയസ് തികയുന്ന വോട്ടർമാരെ ആദരിച്ചുകൊണ്ട് സ്‌കൂളുകളും കോളജുകളും ഭരണഘടനാ ദിനം ആഘോഷിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.രാജ്യത്തിൻ്റെ പൗരന്മാർ എന്ന നിലയിൽ തങ്ങളുടെ കടമകൾ നിറവേറ്റുന്നതിനുള്ള പ്രതിജ്ഞ വീണ്ടും എടുക്കാനും അതുവഴി വികസിതവും ശാക്തീകരിക്കപ്പെട്ടതുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് അർഥവത്തായ സംഭാവന നൽകാനും പ്രധാനമന്ത്രി മോദി പൗരന്മാരോട് ആഹ്വാനം ചെയ്‌തു.
"നമ്മുടെ ഭരണഘടന മനുഷ്യൻ്റെ അന്തസിനും സമത്വത്തിനും സ്വാതന്ത്ര്യത്തിനും വളരെയധികം പ്രാധാന്യം നൽകുന്നു. അവകാശങ്ങൾ നൽകി നമ്മെ ശാക്തീകരിക്കുന്നതോടൊപ്പം, പൗരന്മാരെന്ന നിലയിൽ നമ്മുടെ കടമകളെക്കുറിച്ചും അത് നമ്മെ ഓർമിപ്പിക്കുന്നു, അത് നാം എപ്പോഴും നിറവേറ്റാൻ ശ്രമിക്കണം. ഈ കടമകളാണ് ശക്തമായ ഒരു ജനാധിപത്യത്തിൻ്റെ അടിത്തറ," പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
ഭരണഘടനയുടെ സംരക്ഷണം
അതേസമയം,"ഭരണഘടന വെറുമൊരു പുസ്‌തകമല്ല മറിച്ച് അത് രാജ്യത്തെ ഓരോ പൗരനും നൽകുന്ന പവിത്രമായ വാഗ്‌ദാനമാണ്" എന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. "ഒരാൾ ഏത് മതത്തിൽ നിന്ന് വന്നാലും, ഏത് ജാതിയിൽ നിന്നോ പ്രദേശത്തു നിന്നോ വന്നാലും, ഏത് ഭാഷ സംസാരിച്ചാലും, ദരിദ്രനോ സമ്പന്നനോ ആയാലും അയാൾക്ക് സമത്വം, ബഹുമാനം, നീതി എന്നിവ ലഭിക്കുമെന്ന വാഗ്‌ദാനം. ദരിദ്രർക്കും പിന്നാക്കം നിൽക്കുന്നവർക്കും ഭരണഘടന ഒരു സംരക്ഷണ കവചമാണ്, അത് അവരുടെ ശക്തിയാണ്, ഓരോ പൗരൻ്റെയും ശബ്‌ദമാണ്. ഭരണഘടന സുരക്ഷിതമായിരിക്കുന്നിടത്തോളം കാലം, ഓരോ ഇന്ത്യക്കാരൻ്റെയും അവകാശങ്ങൾ സുരക്ഷിതമായിരിക്കും," അദ്ദേഹം പറഞ്ഞു."ഭരണഘടനയ്‌ക്ക് എതിരായ ഒരു ആക്രമണത്തിനും അനുവദിക്കില്ലെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. അത് സംരക്ഷിക്കേണ്ടത് എൻ്റെ കടമയാണ്, അതിനെതിരായ എല്ലാ ആക്രമണങ്ങൾക്കും മുന്നിൽ ഞാൻ ഒന്നാമതായി നിൽക്കും. ഭരണഘടനാ ദിനത്തിൽ നിങ്ങൾക്കെല്ലാവർക്കും ഹൃദയംഗമമായ ആശംസകൾ. ജയ് ഹിന്ദ്, ജയ് കോണ്‍സ്റ്റിറ്റ്യൂഷൻ" രാഹുൽ ഗാന്ധി പറഞ്ഞു.
സംവിധാൻ സദനിലെ പ്രധാന ചടങ്ങ്:
ന്യൂഡൽഹിയിലെ സംവിധാൻ സദനിലെ സെൻട്രൽ ഹാളിൽ നടക്കുന്ന 'സംവിധാൻ ദിവസ്' എന്ന പരിപാടിയിൽ രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി സി പി രാധാകൃഷ്‌ണൻ, പ്രധാനമന്ത്രി മോദി, ലോക്‌സഭാ സ്‌പീക്കർ ഓം ബിർള തുടങ്ങിയവർ പങ്കെടുക്കും. പഴയ പാർലമെൻ്റ് മന്ദിരത്തിലെ ചരിത്രപ്രസിദ്ധമായ സെൻട്രൽ ഹാളിൽ വച്ച് നടത്തുന്ന ഭരണഘടനാ ദിനാഘോഷങ്ങൾക്ക് രാഷ്ട്രപതി ദ്രൗപതി മുർമു നേതൃത്വം നൽകും.

