'ദി കേരള സ്റ്റോറി 2' : കേരളത്തിൽ ഒഴിഞ്ഞ തിയേറ്ററുകളോടെ തുടക്കം

 'ദി കേരള സ്റ്റോറി 2' : കേരളത്തിൽ ഒഴിഞ്ഞ തിയേറ്ററുകളോടെ തുടക്കം

എറണാകുളം: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും നടുവിൽ 'ദി കേരള സ്റ്റോറി 2' കേരളത്തിലെ തിയേറ്ററുകളിലെത്തിയെങ്കിലും റിലീസ് ദിനത്തിൽ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം തണുപ്പൻ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയുടെ പ്രദർശനം തടയുമെന്ന് ഡി.വൈ.എഫ്.ഐ പ്രഖ്യാപിച്ച സാഹചര്യത്തിൽ മലബാറിലെ തിയേറ്ററുകളിൽ പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്  തിയേറ്റർ ഉടമ ലിബർട്ടി ബഷീർ  പറഞ്ഞു.സിനിമയ്ക്കുള്ളിൽ പ്രതിഷേധാർഹമായ വിഷയങ്ങളൊന്നുമില്ലെന്നാണ് തന്‍റെ അറിവെന്നും, എന്നാൽ സോഷ്യൽ മീഡിയയിലെ നെഗറ്റീവ് ഇമേജും റംസാൻ മാസമായതും കാരണം ആദ്യ ഷോകൾ പലയിടത്തും ആളില്ലാതെ റദ്ദാക്കേണ്ടി വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.കൊച്ചിയിലും സമാനമായ രീതിയിൽ ആദ്യ ഷോകൾ വ്യാപകമായി റദ്ദാക്കപ്പെട്ടു. രാവിലെ സിനിമ കാണാൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ ബുക്കിംഗ് വെബ്സൈറ്റുകളിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചതെന്ന് എറണാകുളത്തെ വനിത-വിനീത തിയേറ്റർ ഉടമ ലിന്‍റോ ഡേവിസ്  പറഞ്ഞു. സൗഹാർദ്ദപരമായി ജനങ്ങൾ ജീവിക്കുന്ന നാടായ കേരളത്തിൽ, ആ സൗഹാർദ്ദത്തെ മുതലെടുക്കാൻ എത്തുന്ന ഒരു കാര്യത്തെയും ജനങ്ങൾ പ്രോത്സാഹിപ്പിക്കില്ല എന്ന വിശ്വാസമുണ്ടെന്നും അതിന്‍റെ പ്രതിഫലനമാകാം കൊച്ചിയിലെ ഷോകൾ വ്യാപകമായി റദ്ദാക്കേണ്ടി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തന്‍റെ തിയേറ്റർ സമുച്ചയമായ വനിത-വിനീതയിൽ 'കേരള സ്റ്റോറി' പ്രദർശിപ്പിക്കില്ല എന്ന് ആദ്യമേ തീരുമാനമെടുത്തിരുന്നുവെന്നും ലിന്‍റോ ഡേവിസ് വ്യക്തമാക്കി. സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരുടെ പിന്തുണയോടെയാണ് തങ്ങൾ മുന്നോട്ട് പോകുന്നത്, അതുകൊണ്ടുതന്നെ പ്രതിഷേധമുള്ള ഒരു സിനിമ പ്രദർശിപ്പിക്കാൻ താൽപ്പര്യമില്ല. മലയാളത്തിലെ ഒട്ടുമിക്ക സെലിബ്രിറ്റികളും എത്തുന്ന ഇടമായതിനാൽ, ഇങ്ങനെയൊരു ചിത്രം പ്രദർശിപ്പിച്ചു എന്നതിന്‍റെ പേരിൽ വരാനിടയുള്ള ചോദ്യങ്ങളെയും പ്രതിഷേധങ്ങളെയും ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് ലിന്‍റോ പറഞ്ഞു.

മൾട്ടിപ്ലക്സുകളിൽ പ്രതിഷേധക്കാർക്ക് കയറിച്ചെല്ലാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ അവിടെ പ്രദർശനം നടക്കുന്നുണ്ടെങ്കിലും കാണികൾ കുറവാണെന്നാണ് റിപ്പോർട്ടുകൾ. റംസാൻ മാസമായതുകൊണ്ടല്ല സിനിമ കാണാൻ പ്രേക്ഷകർ വരാത്തതെന്നും, എല്ലാ മത-രാഷ്ട്രീയ വിഭാഗങ്ങളും ഒന്നിക്കുന്ന തിയേറ്ററുകളിൽ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്താൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ലിന്‍റോ ഡേവിസ് കൂട്ടിച്ചേർത്തു.

അതേസമയം, നിയമാനുമതിയോടെ സെൻസർ ചെയ്തെത്തുന്ന ചിത്രം പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ലെന്ന നിലപാടാണ് ഷേണോയിസ് തിയേറ്റർ ഉടമ സുരേഷ് ഷേണോയ് പറഞ്ഞത് .തിയേറ്ററിനുള്ളിൽ പ്രതിഷേധമുണ്ടായ ചരിത്രം കേരളത്തിലില്ലെന്നും സമാധാനപരമായ പ്രദർശനം സാധ്യമാകുമെന്നുമാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു .തലസ്ഥാന നഗരിയായ തിരുവനന്തപുരത്തും സ്ഥിതി വ്യത്യസ്തമല്ല. പ്രധാന മൾട്ടിപ്ലക്സുകളിലെ രാവിലത്തെ ഷോകൾ ബുക്കിംഗ് ഇല്ലാത്തതിനാൽ വ്യാപകമായി റദ്ദാക്കി. പലയിടങ്ങളിലും ഉച്ചയ്ക്ക് ശേഷമാണ് ആദ്യ പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. പ്രമുഖ തിയേറ്ററായ ഏരീസ് പ്ലക്സിൽ പോലും ആദ്യ ഷോയ്ക്ക് അഞ്ചിൽ താഴെ ബുക്കിംഗ് മാത്രമാണ് ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഉച്ചയ്ക്ക് ശേഷം ബുക്കിംഗിൽ നേരിയ വർധനവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് തിയേറ്റർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.