പാലക്കാട് ജനവാസ മേഖലയിൽ ഭീതിവിതച്ച പുലി, മാസങ്ങൾക്ക് ശേഷം കെണിയിലായി

പാലക്കാട്: കഴിഞ്ഞ കുറച്ച് മാസങ്ങളായി തെങ്കര നിവാസികളെ വിറപ്പിച്ച പുലി മണ്ണാർക്കാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. ഏറെ കാലമായി ജനവാസമേഖലയിൽ പുലിയുടെ സാന്നിധ്യമുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കൂട് വച്ചത്. ഇന്ന് പുലർച്ചെയാണ് പുലി കെണിയിൽ അകപ്പെട്ടത്. മണ്ണാർക്കാടിലെ മലയോര മേഖലയായ മെഴുകുംപാറ, തത്തേങ്ങലം പ്രദേശത്ത് മാസങ്ങളായി പുലി പ്രദേശവാസികളുടെ ഉറക്കം കെടുത്തിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ പ്രദേശത്തെ വളർത്ത് നായകളെയും ആടിനെയും പുലി കടിച്ചു കൊന്നിരുന്നു. ഇതോടെ ജനങ്ങളും രോഷാകുലരായി. അതിനുശേഷം നാട്ടുകാർ വനപാലകരെ തടയുന്ന സംഭവം വരെ കഴിഞ്ഞദിവസം പ്രദേശത്ത് ഉണ്ടായിരുന്നു. പുലിയെ പിടികൂടാനായി കഴിഞ്ഞ മാസമാണ് വനം വകുപ്പ് ഈ പ്രദേശത്ത് കൂടി സ്ഥാപിച്ചത്. രാവിലെ ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് ആദ്യം കണ്ടത്. പിന്നാലെ വനവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. മണ്ണാർക്കാട് ഡിഎഫ്ഒ ഓഫിസിലേക്ക് മാറ്റിയ, മൂന്ന് മാസം പ്രായമുള്ള പുലിയുടെ ആരോഗ്യനില തൃപ്തികരമാണ്.