"കോര്‍പറേഷന്‍ കെട്ടിടത്തിലെ എംഎല്‍എ ഓഫീസ് ഒഴിയണം" :വികെ പ്രശാന്തിനോട് ആര്‍ ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസ് ഒഴിയണമെന്ന് വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്തിനോട് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. ഇന്നലെ ഫോണില്‍ വിളിച്ചാണ് ശ്രീലേഖ ഇക്കാര്യം ആവശ്യപ്പെട്ടത്. ഉടനെ ഓഫീസ് ഒഴിയണമെന്നും തനിക്ക് അവിടെ ഓഫീസ് സജ്ജമാക്കാനുണ്ടെന്നും ആര്‍ ശ്രീലേഖ ഫോണ്‍ വഴി വി കെ പ്രശാന്തിനെ അറിയിക്കുകയായിരുന്നു. ആര്യാ രാജേന്ദ്രന്‍ മേയറായ പഴയ കൗണ്‍സിലിന്‍റെ തീരുമാനപ്രകാരമായിരുന്നു കോര്‍പ്പറേഷന്‍ കെട്ടിടം വി കെ പ്രശാന്ത് എം എല്‍ എയുടെ ഓഫീസായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചത്. എന്നാല്‍ ഒഴിയാനാവില്ലെന്ന് എം എല്‍ എ നിലപാടെടുത്തതായാണ് അറിയുന്നത്.നിലവിലുള്ള വാടകക്കരാര്‍ തീരാതെ മാറാനാവില്ലെന്ന് പ്രശാന്ത് ശ്രീലേഖയെ അറിയിച്ചതായാണ് വിവരം. നിലവിലുള്ള വാടകക്കരാര്‍ അനുസരിച്ച് 2026 മാര്‍ച്ച് 31 വരെയാണ് വി കെ പ്രശാന്ത് എം എല്‍ എക്ക് കെട്ടിടം അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ കൗണ്‍സില്‍ മറിച്ചൊരു തീരുമാനമെടുത്താല്‍ എംഎല്‍എക്ക് വഴങ്ങേണ്ടി വന്നേക്കുമെന്നാണ് വിദഗ്‌ദ്ധര്‍ പറയുന്നത്.
മുന്‍ മേയര്‍ കൂടിയായ വി കെ പ്രശാന്ത് എം എല്‍ എക്ക് കോര്‍പ്പറേഷന്‍ ചട്ടങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ടായിട്ടും കെട്ടിടം വിട്ടു കൊടുക്കാന്‍ തയ്യാറാവാത്തത് ആവശ്യമില്ലാതെ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണെന്ന് ബിജെപി നേതാക്കള്‍ ആരോപിക്കുന്നു. കോര്‍പ്പറേഷന്‍ ചട്ട പ്രകാരം തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ക്ക് അവരവരുടെ വാര്‍ഡുകളില്‍ ഓഫീസ് സ്ഥാപിക്കാന്‍ ഉചിതമായ സ്ഥലം കണ്ടെത്താം. ഓഫീസ് സജ്ജമാക്കുന്നതിന് മേയര്‍ വഴിയാണ് കൗണ്‍സിലര്‍മാര്‍ അപേക്ഷിക്കേണ്ടത്. കോര്‍പ്പറേഷന്‍ കെട്ടിടത്തിലോ പുറത്തോ ഓഫീസ് സെറ്റാക്കാം. ഓഫീസ് വാടകയായി പരമാവധി കോര്‍പ്പറേഷന്‍ 8000 രൂപ വരെ നല്‍കും. ശാസ്‌തമംഗലം വാര്‍ഡില്‍ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ താഴത്തെ നിലയിലുള്ള മുറിയിലാണ് വട്ടിയൂര്‍ക്കാവ് എംഎല്‍എയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ശ്രീലേഖയുടെ കൗണ്‍സിലര്‍ ഓഫീസും ഇവിടെ സജ്ജമാക്കാനുള്ള നടപടി പുരോഗമിക്കുകയായിരുന്നു.വര്‍ഷങ്ങളായി എം എല്‍ എ ഓഫീസ് പ്രവര്‍ത്തിച്ചു വരുന്നത് കോര്‍പ്പറേഷന്‍ കെട്ടിടത്തിലാണെന്നും ഇങ്ങനെ പൊടുന്നനെ ഓഫീസ് മാറുന്നത് പല ആവശ്യങ്ങള്‍ക്കായി തന്നെ കാണാനെത്തുന്ന ജനങ്ങള്‍ക്ക് ബുദ്ധി മുട്ടാകുമെന്നുമാണ് വി കെ പ്രശാന്തിന്‍റെ വാദം. പ്രാഥമികമായി നടന്ന ആശയ വിനിമയത്തില്‍ത്തന്നെ എംഎല്‍എ ഓഫീസ് ഒഴിയാനാവില്ല എന്ന് അറിയിച്ചതോടെ ഇനി കൂടുതല്‍ തര്‍ക്കങ്ങളിലേക്ക് പോകുമോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ കൗണ്‍സിലര്‍ ഓഫീസിന് സ്ഥലം വേണമെന്ന് ഔപചാരികമായി ആവശ്യപ്പെടുകയും കൗണ്‍സില്‍ അതില്‍ തീരുമാനമെടുക്കുകയും ചെയ്‌താല്‍ വാടകക്കരാര്‍ റദ്ദാക്കാനാകുമെന്നും അറിയുന്നു. എന്നാല്‍ കരാര്‍ കാലാവധി ഇനി മൂന്ന് മാസം മാത്രമാണെന്നിരിക്കേ ഇതിനായി ആര്‍ ശ്രീലേഖ നിര്‍ബന്ധം പിടിക്കുമോ എന്ന് വ്യക്തമല്ല.