Keralam
കല്ലറയിലെ ദുരൂഹതയ്ക്ക് അന്ത്യം :കണ്ടെത്തിയത് 2 മൃതദേഹങ്ങൾ മാത്രം

കണ്ണൂർ: വാണിയപ്പാറ പള്ളി സെമിത്തേരിയിലെ 38-ാം നമ്പർ കല്ലറയിൽ നടത്തിയ പരിശോധനയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. പള്ളി അധികൃതരുടെ പരാതിയെത്തുടർന്ന് രാവിലെ കല്ലറ തുറന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കല്ലറയിൽ മൂന്ന് മൃതദേഹങ്ങൾ ഉണ്ടെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും, കണ്ടെത്തിയ പായ മൃതദേഹത്തിന് അടിയിൽ വെച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
ഈ മാസം 13-ാം തീയതി മറ്റൊരു സംസ്കാരത്തിനായി കല്ലറ തുറന്നപ്പോഴാണ് പായയിൽ പൊതിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്, ഇത് സംശയങ്ങൾക്ക് വഴിവെച്ചു. 2019-ൽ സെമിത്തേരി നവീകരിച്ചപ്പോൾ കല്ലറകളുടെ നമ്പറുകളിൽ മാറ്റം വന്നിട്ടുണ്ടെന്നും, നിയമപരമായി നേരത്തെ സംസ്കരിച്ച രണ്ട് മൃതദേഹങ്ങൾ തന്നെയാണ് ഇതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരിശോധനയ്ക്ക് ശേഷം കല്ലറ വീണ്ടും അടച്ചു.