ട്രെയിൻ തട്ടി മരിച്ച ശിവാനന്ദന്‍റെ മാതാപിതാക്കളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കാസർകോട്: റാപ്പർ വേടന്‍റെ സംഗീത പരിപാടിക്കിടെ ട്രെയിൻ തട്ടി മരിച്ച ശിവാനന്ദന്‍റെ മാതാപിതാക്കളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പൊയ്നാച്ചിയിലെ പറമ്പിലെ വീട്ടിലാണ് വേണുഗോപാൽ (50), സ്മിത (40) എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് രാവിലെ കണ്ടെത്തിയത്. വീട്ടിൽ സ്ഥിരമായി കൂട്ടിനുണ്ടാകാറുള്ള ബന്ധു ഇന്നലെ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു സംഭവം.വീടിന്‍റെ നടുമുറിയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കാണപ്പെട്ടത്. ഏക മകന്‍റെ അപ്രതീക്ഷിത വേർപാടിലുണ്ടായ കടുത്ത മാനസിക വിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ഡിസംബർ 29-നാണ് ഇവരുടെ മകൻ ശിവാനന്ദ് ട്രെയിൻ തട്ടി ദാരുണമായി കൊല്ലപ്പെട്ടത്.
സംഗീത പരിപാടിയിൽ പങ്കെടുക്കാൻ പാളം മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന തിരുനെൽവേലി - ജാംനഗർ എക്സ്പ്രസ് ഇടിച്ചായിരുന്നു അപകടം. രാത്രി പത്ത് മണിയോടെ പാളത്തിൽ മൃതദേഹം കണ്ട ലോക്കോപൈലറ്റാണ് വിവരം അധികൃതരെ അറിയിച്ചത്. പരിപാടി നടന്ന ബീച്ച് പാർക്കിലേക്ക് ബേക്കൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് അനധികൃതമായി കടക്കാനുള്ള വഴികളെല്ലാം റെയിൽവേ അധികൃതർ മുൻകൂട്ടി അടച്ചിരുന്നു.