വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം : പ്രതിയെ കീഴ്‌പ്പെടുത്തിയ ആളെകണ്ടെത്തി

തിരുവനന്തപുരം: വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവത്തിൽ നിർണായക വഴിത്തിരിവ്. കേസിലെ പ്രധാന സാക്ഷിയും അപകടസമയത്ത് പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തിയ രക്ഷകനുമായ ബിഹാർ സ്വദേശി ശങ്കർ പാസ്വാനെയാണ് പോലീസ് കണ്ടെത്തിയത്. ഇദ്ദേഹത്തിൻ്റെ മൊഴി പോലീസ് രേഖപ്പെടുത്തി.19-കാരിയായ ശ്രീക്കുട്ടിയെ ആക്രമിച്ച സുരേഷ് എന്നയാളെ കീഴ്പ്പെടുത്തിയതും, ശ്രീക്കുട്ടിയുടെ സുഹൃത്ത് അർച്ചനയെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചതും ഈ അതിഥി തൊഴിലാളിയായിരുന്നു. ആക്രമണത്തിന് ശേഷം, സുരേഷ് അർച്ചനയെ ആക്രമിക്കാൻ ഒരുങ്ങുന്നതിനിടെ ചുവന്ന ഷർട്ട് ധരിച്ച ഒരാൾ ഓടിയെത്തി, ഒറ്റക്കൈ കൊണ്ട് അർച്ചനയെ ട്രെയിനിലേക്ക് പിടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.തുടർന്ന് ഇദ്ദേഹം സുരേഷിനെ സാഹസികമായി കീഴ്പ്പെടുത്തുകയും ചെയ്തു. ‘ചുവന്ന ഷർട്ട് ധരിച്ച വ്യക്തി’ എന്ന ഏക സൂചന മാത്രമായിരുന്നു പോലീസിന് ആദ്യം ലഭിച്ചത്. പ്രതിയെ കീഴടക്കിയ ധീരനെ കണ്ടെത്താനായി പോലീസ് പരസ്യം നൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങൾ ശേഖരിച്ചാണ് മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ ബിഹാർ സ്വദേശിയായ ശങ്കർ പാസ്വാനെ പോലീസ് തിരിച്ചറിഞ്ഞത്. ഇദ്ദേഹത്തിൻ്റെ സമയോചിത ഇടപെടലാണ് മറ്റൊരു ദുരന്തം ഒഴിവാക്കിയത്.