"കോടതികൾ നീതിയുടെ ഉടമകളല്ല, മറിച്ച് താൽക്കാലിക സംരക്ഷകരാണ്. നീതി പൂർവ്വം നിയമ നിർവഹണം നടത്തുകയാണ് കോടതിയുടെ ഉത്തരവാദിത്തം." : ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

"കോടതികൾ നീതിയുടെ ഉടമകളല്ല, മറിച്ച് താൽക്കാലിക സംരക്ഷകരാണ്. നീതി പൂർവ്വം നിയമ നിർവഹണം നടത്തുകയാണ് കോടതിയുടെ ഉത്തരവാദിത്തം." :   ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

പനാജി: നീതി എന്നത് ജീവനുള്ള സ്ഥാപനമാണെന്നും അത് മാറ്റങ്ങളെ സ്വീകരിക്കേണ്ടതുണ്ടെന്നും ഇന്ത്യൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഇന്നലെയും ഇന്നുമായിനടന്ന  അന്താരാഷ്ട്ര നിയമ സമ്മേളനത്തിൻ്റെ (എസ്‌സിഎഒആർഎ) സമാപനചടങ്ങിൽ  സംസാരിക്കുകയായിരുന്നുഅദ്ദേഹം 

മാറ്റവുമായി ഇടപഴകാൻ വിസമ്മതിക്കുന്ന നിയമം ശുദ്ധമായി നിലനിൽക്കില്ല. എല്ലാ പുതുമകളെയും സ്വീകരിക്കേണ്ടതുമില്ല. അത്തരത്തിലുള്ള നിയമനിർമാണത്തിൻ്റെ ധാർമ്മികത നഷ്‌ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ചടങ്ങിൽ പറഞ്ഞു. എല്ലാ നിയമവ്യവസ്ഥയും പെട്ടെന്നൊരു ദിവസം രൂപംകൊണ്ടതല്ല. അവയ്‌ക്ക് നൂറ്റാണ്ടുകളുടെ ചരിത്രം, പോരാട്ടം, സംവാദം, വിട്ടുവീഴ്‌ച, ധാർമ്മികത എന്നിവയിലൂടെ ലഭിച്ച ഒരു പാരമ്പര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

"ഓരോ നിയമവ്യവസ്ഥയും ഒരു പാരമ്പര്യമാണ്. നീതി എന്ന വിഷയത്തിലേക്ക് എന്നെ നയിക്കുന്നത് അന്വേഷണങ്ങളും പുതിയ കണ്ടെത്തലുകളുമാണ്. അത് കാലത്താൽ സംരക്ഷിക്കപ്പെടുകയും, മാറ്റത്താൽ പരീക്ഷിക്കപ്പെടുകയും, അതിനെ സേവിക്കുന്നവരുടെ കൂട്ടായ അച്ചടക്കത്താൽ നിലനിർത്തപ്പെടുകയും ചെയ്യുന്നു," സൂര്യകാന്ത് പറഞ്ഞു.കോടതികൾ നീതിയുടെ ഉടമകളല്ല, മറിച്ച് താൽക്കാലിക സംരക്ഷകരാണ്. നീതി പൂർവ്വം നിയമ നിർവഹണം നടത്തുകയാണ് കോടതിയുടെ ഉത്തരവാദിത്തം. ഇത് എല്ലാവരെയും ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു. ഇന്ന് നീതിന്യായ വ്യവസ്ഥകൾ വിവിധ സമ്മർദ്ദങ്ങൾ നേരിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമനടപടികളിലെ സാങ്കേതികവിദ്യയുടെ പങ്കിനെക്കുറിച്ചും ചീഫ് ജസ്റ്റിസ് ചടങ്ങിൽ സംസാരിച്ചു. "സാങ്കേതികവിദ്യ കാര്യക്ഷമത വാഗ്‌ധാനം ചെയ്യുന്നു, എന്നാൽ അത് നീതിന്യായത്തിന് ഒരു പുതിയ തരം ശക്തിയും പുതിയ അപകടസാധ്യതയും ഉണ്ടാക്കുന്നു.  സാങ്കേതികവിദ്യയ്ക്ക് സമയവും ദൂരവും കുറയ്ക്കാനും ആക്‌സസ് ലളിതമാക്കാനും വിവരങ്ങൾ ജനാധിപത്യവൽക്കരിക്കാനും കഴിയും. പക്ഷേ അതിൻ്റെ മാത്രം അടിസ്ഥാനത്തിൽ ഒരിക്കലും വിധിയെ മാറ്റിസ്ഥാപിക്കാൻ കഴിയില്ല,'' - അദ്ദേഹം പറഞ്ഞു.

എഐ എല്ലാവരെയും സഹായിച്ചേക്കാം, പക്ഷേ അത് മനുഷ്യ കഷ്‌ടപ്പാടുകൾക്ക് മുകളിലല്ല. അതിനാൽ, സാങ്കേതികവിദ്യയെ ചെറുക്കുകയോ അതിന് കീഴടങ്ങുകയോ അല്ല, മറിച്ച് അതിനെ നിരീക്ഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീലങ്കൻ സുപ്രീം കോടതിയിലെ ജസ്റ്റിസ് എ എച്ച് എം ദിലീപ് നവാസ്, ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ എന്നിവർ അന്താരാഷ്ട്ര നിയമ സമ്മേളനത്തിൻ്റെ സമാപന ചടങ്ങിൽ പങ്കെടുത്തു.