ത്രികോണമത്സരത്തിന് കളമൊരുങ്ങി: വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു

തിരുവനന്തപുരം: ശക്തമായ ത്രികോണമത്സരത്തിന് വട്ടിയൂർക്കാവിൽ കളമൊരുങ്ങുന്നു .മൂന്ന് പ്രബല സ്ഥനാർത്ഥികൾ മണ്ഡലത്തിൽ വിജയം പ്രതീക്ഷിച്ച് ഇന്ന് പത്രിക സമർപ്പിച്ചു .2019ൽ വടകര പിടിക്കാൻ കെ മുരളീധരൻ പോയതോടെ കൈവിട്ടു പോയ വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. കഴിഞ്ഞ ഏഴുവർഷത്തെ വികസന പ്രവർത്തനങ്ങളിലൂന്നി സിറ്റിങ് എൽഡിഎഫ് എംഎൽഎ വി കെ പ്രശാന്ത് എതിരാളിയായി രംഗത്തുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നേടിയ ഭൂരിപക്ഷത്തിൻ്റെ ആത്മവിശ്വാസത്തിൽ ബിജെപിക്കു വേണ്ടി മത്സരിക്കുന്നത് മുൻ ഡിജിപി ആർ ശ്രീലേഖയാണ്. മൂന്നുപേരും ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു.
തിരുവനന്തപുരം ലാൻഡ് റവന്യൂ അസിസ്റ്റൻ്റ് കമ്മിഷണർ ജയന്തി സുധാകരൻ മുൻപാകെയാണ് എൽഡിഎഫ് സ്ഥാനാർഥി വികെ പ്രശാന്ത് പത്രിക സമർപ്പിച്ചത്. മ്യൂസിയം ജംഗ്ഷനിൽ നിന്ന് എൽഡിഎഫ് പ്രവർത്തകർക്കൊപ്പം പ്രകടനമായാണ് പ്രശാന്ത് എത്തിയത്. ഡിസിസി ഓഫീസിൽ നിന്ന് പ്രവർത്തകർക്കൊപ്പം പ്രകടനമായെത്തിയാണ് യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ പത്രിക സമർപ്പിച്ചത്. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമക്കൊപ്പമാണ് ആർ ശ്രീലേഖ പത്രിക സമർപ്പിക്കാൻ എത്തിയത്. ഇടത്-വലത് മുന്നണികളുടെ ഭരണത്തിൽ മടുത്ത ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്യുമെന്ന് പത്രിക സമര്‍പ്പണത്തിനുശേഷം ശ്രീലേഖ പറഞ്ഞു.മൂന്ന് മുന്നണികളും തങ്ങളുടെ കരുത്തുറ്റ സ്ഥാനാർത്ഥികളെ തന്നെ രംഗത്തിറക്കിയതോടെ വട്ടിയൂർക്കാവിലെ പോരാട്ടം പ്രവചനാതീതമായിരിക്കുകയാണ്. വരണാധികാരിക്ക് മുൻപിൽ പത്രികകൾ സമർപ്പിക്കപ്പെട്ടതോടെ ഇനി വരും ദിവസങ്ങളിൽ വീടുവീടാന്തരമുള്ള പ്രചാരണങ്ങളിലേക്കും പൊതുയോഗങ്ങളിലേക്കും മുന്നണികൾ കടക്കും.
2011ൽ തിരുവനന്തപുരം നോർത്ത് മണ്ഡലമാണ് വട്ടിയൂർക്കാവായത്. മണ്ഡലം രൂപീകരിക്കപ്പെട്ടതിനു ശേഷം 2011ലും 2016ലും നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിൽ കെ മുരളീധരൻ വട്ടിയൂർക്കാവിൽ വിജയക്കൊടി പാറിച്ചു. 2019 ൽ കെ മുരളീധരൻ വടകര ലോക്സഭാ സീറ്റിൽ മത്സരിക്കാൻ പോയതിനെത്തുടർന്ന് നടന്ന ഉപ തെരഞ്ഞെടുപ്പിൽ വി കെ പ്രശാന്ത് മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. 2021ലും വി കെ പ്രശാന്ത് മണ്ഡലം നിലനിർത്തി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലെ 24 നഗരസഭ വാർഡുകളിൽ പത്തിടത്ത് യുഡിഎഫ് ഭൂരിപക്ഷം നേടിയിരുന്നു. ബിജെപി ഒൻപത് വാർഡുകളിൽ ഭൂരിപക്ഷം നേടിയപ്പോൾ എൽഡിഎഫിന് നാലിടത്ത് മാത്രമാണ് മേൽക്കൈ നേടാനായത്.
2021 നിയമസഭ തെരഞ്ഞെടുപ്പ് ഫലം :
വട്ടിയൂർക്കാവ്:വി കെ പ്രശാന്ത് (എൽഡിഎഫ്) - 61111
വി വി രാജേഷ് :(എൻഡിഎ)- 39596
വീണ എസ് നായർ :(യുഡിഎഫ്)- 35455
എൻഡിഎ സഖ്യം ഇത്തവണ കേരളത്തിൽ 15-ലധികം സീറ്റുകൾ നേടുമെന്ന് ആർ ശ്രീലേഖ
ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം ഇത്തവണ കേരളത്തിൽ 15-ലധികം സീറ്റുകൾ നേടുമെന്ന് വട്ടിയൂർക്കാവിലെ സ്ഥാനാർഥിയും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ. നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള മൂന്ന് നിയമസഭാ സീറ്റുകളിലോ അതിലധികമോ ബിജെപി വിജയിക്കുമെന്നും ജനങ്ങൾക്കിടയിൽ വലിയ ആവേശമാണ് പ്രകടമാകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഇടത്-വലത് മുന്നണികളുടെ ദുർഭരണത്തിൽ കേരളത്തിലെ ജനങ്ങൾ മടുത്തിരിക്കുകയാണെന്ന് ശ്രീലേഖ പറഞ്ഞു. "കേരളത്തിൽ യഥാർഥ വികസനം വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. അതിനുള്ള ശക്തമായ വിധിയെഴുത്ത് ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകും. എൻഡ.എ സ്ഥാനാർഥികളെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടവരാണ്. ജനങ്ങൾ ആവേശപൂർവം എൻഡിഎയ്ക്ക് പിന്നിൽ അണിനിരക്കും," ശ്രീലേഖ ആത്മവിശ്വാസം പ്രകടിപ്പിച്ചു.