നാമനിർദേശ പത്രിക സമർപ്പിക്കാൻ തിക്കും തിരക്കും:രാഹുകാലം നോക്കിയെത്തിയവർ നിരവധി

തിരുവനന്തപുരം: നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിനം ആയതോടെ ഇന്ന് ഉച്ചയോടെ വരണാധികാരികൾക്ക് മുന്നിൽ സ്ഥാനാര്‍ഥികളുടെ വന്‍ തിരക്ക്. തിരുവനന്തപുരം നഗരസഭയുടെ മെയിൻ ഓഫീസിൽ തിരക്ക് മുൻകൂട്ടി കണ്ടു ഉദ്യോഗസ്ഥർ പല സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.
രാഹുകാലം നോക്കി എത്തുന്ന നിരവധി പേരുണ്ടായിരുന്നെന്നും ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ഓഫീസിൽ നിന്ന് തിരിയാൻ ഇടമില്ലെന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ തിരക്കിനിടയിലും ഉദ്യോഗസ്ഥൻ പറയുന്നു. നഗരസഭയുടെ വിവിധ ഭാഗങ്ങളിലായുള്ള നാലു വരണാധികാരികളുടെ ഓഫീസിന് മുന്നിൽ മാത്രമല്ല, സ്ഥാനാർഥിക്കൊപ്പമെത്തിയവരുടെ തിക്കും തിരക്കും കാരണം നാമനിർദേശ പത്രിക പൂരിപ്പിക്കാൻ നഗരസഭയുടെ മിക്കയിടങ്ങളിലും ജനനിബിഡമായിരുന്നു.ഒന്നിന് പുറകെ ഒന്നായി നിരവധി നാമനിർദേശപത്രികകളാണ് അവസാനദിവസം രാവിലെ 11 മണിമുതൽ വരണാധികാരികൾക്ക് മുന്നിലെത്തിയത്. ഉപവരണാധികാരികൾക്കും തിരക്കുപിടിച്ച ദിവസമായിരുന്നു ഇന്ന്. തിരുവനന്തപുരം നഗരസഭയിലെ ഭൂരിപക്ഷം വാർഡുകളുടെയും വരണാധികാരികളുള്ള പാളയത്തെ നഗരസഭ മെയിൻ ഓഫീസിൽ എൽഡിഎഫ്, യുഡിഎഫ്, എൻ ഡി എ മുന്നണികളുടെ ജില്ലാ നേതാക്കളും സജീവമായിരുന്നു. മൂന്നു മണിവരെയായിരുന്നു നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന സമയം.
തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള സ്റ്റാർ സ്ഥാനാർഥികളായ ശ്രീലേഖ ഐ പി എസ്, പൂജപ്പുര രാധാകൃഷ്ണൻ എന്നിവരും അവസാന ദിവസമാണ് വരണാധികാരിക്ക് മുന്നിൽ നാമ നിർദേശ പത്രിക സമർപ്പിക്കാനെത്തിയത്. സിനിമ താരം കൂടിയായ പൂജപ്പുര രാധാകൃഷ്ണനൊപ്പം സീരിയൽ താരങ്ങളുമെത്തിയിരുന്നു.
നാമനിർദേശ പത്രിക കൂടി നൽകിയതോടെ തിരഞ്ഞെടുപ്പ് പ്രചരണം ഇനി മുതൽ ശക്തമാക്കുമെന്നാണ് സ്ഥാനാർഥികളുടെയെല്ലാം ശുഭ പ്രതീക്ഷ. പ്രചാരണം ഇനിയാണ് കുറച്ചു കൂടി ശക്തമാകുന്നതെന്നും താന്‍ ഇത് വളരെ ആസ്വദിക്കുന്നുണ്ടെന്നും ശ്രീലേഖ ഐ പി എസ് പറയുന്നു. വൈകിട്ട് 3 മണിക്ക് നാമ നിർദേശ പത്രിക സമർപ്പണത്തിനുള്ള സമയം പൂർത്തിയായതോടെ തിരഞ്ഞെടുപ്പ് പ്രചരണം സജീവമായി ചൂട് പിടിക്കുകയാണ്.ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് 21 ദിവസം കൂടി ശേഷിക്കെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ആദ്യ പടിയാണ് ഇന്ന് പൂർത്തിയാകുന്നത്. നാളെയാണ് നാമനിർദ്ദേശപത്രികയുടെ സൂക്ഷ്മ പരിശോധന സംസ്ഥാന വ്യാപകമായി നടക്കുക. നവംബർ 24 നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. തിരുവനന്തപുരം ജില്ലയിൽ നഗരസഭ മെയിൻ ഓഫീസിന് പുറമേ ലേബർ കമ്മീഷണർ ഓഫീസ്, കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് മറ്റു വരണാധികാരികളുടെ ഓഫീസ്.
സംസ്ഥാനത്ത് ആകെ 1,64,427 പത്രികകളാണ് സമര്‍പ്പിച്ചത്. ഏറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത് മലപ്പുറം ജില്ലയിലാണ്. 19,959 പത്രികകളാണ് ജില്ലയില്‍ ലഭിച്ചത്. 5227 പത്രികകള്‍ ലഭിച്ച വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്.1,08,580 സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചത്. കൂടുതലും വനിതാ സ്ഥാനാര്‍ഥികളാണ്. മത്സരരംഗത്ത് 57,227 വനിതകളാണുള്ളത്. 51,352 പുരുഷന്‍മാരും ഒരു ട്രാന്‍സ്‌ജെന്‍ഡറും ജനവിധി തേടുന്നു.