പിഎം ശ്രീ: ബിനോയ് വിശ്വവുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ പരിഹാരമായില്ല , കരാര്‍ റദ്ദാക്കിയേ തീരുവെന്ന് ഡി. രാജ

ആലപ്പുഴ: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ നിലപാടിൽ നിന്ന് മാറാതെ സിപിഐ . ഉന്നയിച്ച വിഷയത്തിൽ മാറ്റമില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ പ്രശ്നത്തിന് പരിഹാരമായിട്ടില്ലെന്നും, കൂടുതൽ മറുപടികൾ ആലോചിച്ച ശേഷം അറിയിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.ആലപ്പുഴ ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ബിനോയ് വിശ്വം മുക്കാൽ മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച നടത്തി. അതിനുശേഷം സിപിഐ മന്ത്രിമാരായ കെ രാജൻ, ജിആർ അനിൽ, പി പ്രസാദ് എന്നിവരും മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് മുൻപ് ബിനോയ് വിശ്വം ചർച്ചയെ പോസിറ്റീവായി കാണുന്നതായി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.അതേസമയം, വിഷയത്തില്‍ അല്‍പം കൂടി കടന്ന നിലപാടാണ് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ സ്വീകരിച്ചത്. പിഎം ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഒപ്പിട്ട ധാരണാപത്രം റദ്ദാക്കാതെ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഡി. രാജ വ്യക്തമാക്കി. പദ്ധതിയെ അംഗീകരിക്കാൻ ഒരു സമ്മർദത്തിനും വഴങ്ങില്ലെന്നും അദ്ദേഹം അറിയിച്ചു.പാർട്ടി സംസ്ഥാന നേതൃത്വം ഈ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചതായും ഡി. രാജ പറഞ്ഞു. "തുടക്കം മുതലേ സിപിഐ. പദ്ധതിയെ എതിർക്കുന്നുണ്ട്. പിഎം ശ്രീ പദ്ധതി ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായതിനാൽ സിപിഐ എതിർപ്പ് രേഖപ്പെടുത്തുകയായിരുന്നു.സിപിഐയുടെ ഈ നിലപാട് പാർട്ടി സെക്രട്ടേറിയറ്റിലും എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ചർച്ച ചെയ്തതാണ്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാർട്ടിയുടെ നിലപാട് അറിയിക്കുകയും ധാരണാപത്രം മരവിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും തുടർ ചർച്ചകൾ നടക്കുമെന്നും ഡി. രാജ അറിയിച്ചു.എൽഡിഎഫ് സർക്കാർ സ.പിഐയുടെ നിലപാട് മനസ്സിലാക്കണം. ധാരണാപത്രം മരവിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കണം. തമിഴ്‌നാട് സർക്കാർ ഈ വിഷയത്തിൽ കോടതിയെ സമീപിച്ചല്ലോ, എന്തുകൊണ്ട് കേരളം പോയില്ല എന്നും അദ്ദേഹം ചോദിച്ചു.ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽനിന്ന് വിട്ടുനിൽക്കണോ എന്നത് സംസ്ഥാനത്ത് പാർട്ടി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നും ഡി. രാജ കൂട്ടിച്ചേർത്തു.വിഷയത്തിൽ വിട്ടുവീഴ്ച വേണ്ടെന്നും പാർട്ടി നിലപാടിൽ വെള്ളം ചേർക്കരുതെന്നും എക്സിക്യൂട്ടീവ് യോഗത്തിൽ പൊതുവികാരം ഉയർന്നിരുന്നു. പിഎം ശ്രീ വിഷയത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ കടുത്ത നിലപാട് സ്വീകരിക്കാനാണ് സിപിഐയുടെ നീക്കം. മുന്നണി വിട്ടുപോകാതെ മന്ത്രിമാർ കാബിനറ്റ് യോഗത്തിൽനിന്ന് വിട്ടുനിൽക്കുന്ന നടപടിയുണ്ടായേക്കാം എന്നാണ് ലഭിക്കുന്ന സൂചന.