ആദായ നികുതി വിവരങ്ങള്‍ തെറ്റായി നല്‍കിയവർ ഡിസം:31ന് മുമ്പ് തിരുത്തുക ഇല്ലെങ്കിൽ കടുത്ത ശിക്ഷ

ന്യൂഡൽഹി: 2025–26 സാമ്പത്തിക വർഷത്തിൽ നികുതിദായകർ സമർപ്പിച്ച റിട്ടേണുകൾ തിരുത്താൻ അവസരം. ഇതിനായി ആദായ നികുതി വകുപ്പ് നഡ്‌ജ് (NUDGE) കാമ്പെയ്‌ൻ ആരംഭിച്ചു. നികുതിദായകർ സമർപ്പിച്ച റിട്ടേണുകളിലെ വിവരങ്ങളും ആദായനികുതി വകുപ്പിൻ്റെ പക്കലുള്ള മറ്റ് വിവരങ്ങളും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ തിരുത്താൻ നൽകുന്ന ഒരു ഓർമ്മപ്പെടുത്തലാണ് ഈ കാമ്പയിൻ.
NUDGE (നോൺ-ഇൻട്രൂസീവ് യൂസേജ് ഓഫ് ഡാറ്റ ടു ഗൈഡ് ആൻഡ് എനേബിൾ) എന്ന പുതിയ കാമ്പെയ്‌നിലൂടെയാണ് ആദായ നികുതി വകുപ്പ് തിരുത്തലിനുള്ള അവസരം നൽകുന്നത്. ഇതിലൂടെ നികുതിദായകർക്ക് സൗകര്യപ്രദമായ രീതിയിൽ നികുതി പരിശോധിക്കാനും തെറ്റുകൾ തിരുത്താനും കഴിയും.
ഡാറ്റാ അനലിറ്റിക്‌സ് ഉപയോഗിച്ച് തെറ്റായ ചില നികുതി ഇടപാടുകൾ വകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. തെറ്റായ കിഴിവുകൾ, തെറ്റായതോ അല്ലെങ്കിൽ അസാധുവായ പാൻ (PAN) വിവരങ്ങൾ, അനധികൃത ഇടപാടുകൾ, സംഭാവനകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. അതുകൊണ്ട് തന്നെ നല്‍കിയിട്ടുള്ള തെറ്റായ വിവരങ്ങള്‍ ഉടൻ തന്നെ തിരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
ഇത്തരത്തിലുള്ള നികുതിദായകർക്ക് എസ്‌എംസ്, ഇമെയിൽ വഴി വിവരം അറിയിക്കും. "ഈ നീക്കം വിശ്വാസത്തിന് പരിഗണന നൽകുന്ന സമീപനമാണെന്നും സ്വമേധയാ ഉള്ള തിരുത്തൽ പ്രോത്സാഹിപ്പിക്കും" എന്നും ഐടി വകുപ്പ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു. പുതുക്കിയ റിട്ടേണുകൾ 2025 ഡിസംബർ 31 വരെ ഫയൽ ചെയ്യാം. യഥാർത്ഥ ക്ലെയിമുകൾക്ക് നടപടിയൊന്നും ആവശ്യമില്ലെന്നും പ്രസ്‌താവനയിൽ പറഞ്ഞു.ചില നികുതിദായകർക്ക് വരുമാനം കുറച്ച് കാണിക്കുകയും അതിലൂടെ അനർഹമായ റീഫണ്ട് ആവശ്യപ്പെടുകയും ചെയ്‌തതായി കണ്ടെത്തിയെന്ന് വകുപ്പ് വ്യക്തമാക്കി. റിസ്‌ക് മാനേജ്മെൻ്റ് ഫ്രെയിംവർക്കിൻ്റെയും ആധുനിക ഡാറ്റാ അനലിറ്റിക്‌സിൻ്റെയും സഹായത്തോടെയാണ് AY 2025–26-ലെ ഇത്തരത്തിലുള്ള കേസുകൾ തിരിച്ചറിഞ്ഞത്. കൂടാതെ മറ്റ് പിഴവുകളും കണ്ടെത്തിയതായി വകുപ്പ് അറിയിച്ചു.
ഇതിനാൽ കാമ്പെയ്‌നിൻ്റെ ഭാഗമായി, ബന്ധപ്പെട്ട നികുതിദായകർക്ക് എസ്‌എംഎസ്, ഇമെയിൽ വഴി നികുതി ഇടപാടുകളിലെ പിഴവുകൾ തിരുത്തണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. ഡിസംബർ 31, 2025 ആണ് തിരുത്തിയ ഐ റ്റി ആർ (ആദായ നികുതി റിട്ടേൺ) സമർപ്പിക്കാനുള്ള അവസാന തീയതി.
സർക്കാർ കണക്കുകൾ പ്രകാരം 2025–26 സാമ്പത്തിക വർഷത്തിൽ, AY 2021–22 മുതൽ 2024–25 വരെ ഉള്ള കാലയളവിലെ 21 ലക്ഷംത്തിലധികം നികുതിദായകർ ഇതിനകം ആദായ നികുതി റിട്ടേൺ സമര്‍പ്പിച്ചിട്ടുണ്ട്. 2,500 കോടിയിലധികം രൂപ ഇതോടെ നികുതിയായി അടച്ചിട്ടുണ്ട്. കൂടാതെ, നിലവിലെ AY 2025–26-ൽ തന്നെ 15 ലക്ഷംത്തിലധികം ഐ റ്റി ആറുകൾ തിരുത്തിയിട്ടുണ്ട്.
അതേസമയം, ബന്ധപ്പെട്ട നികുതിദായകർ തങ്ങളുടെ ഐ റ്റി ആറുകൾ പരിശോധിച്ച് കിഴിവുകളും ഒഴിവാക്കലുകളും ശരിയാണെന്ന് ഉറപ്പാക്കണം. ആവശ്യമായാൽ ഡിസംബർ 31, 2025 നകം തിരുത്തണമെന്നും വകുപ്പ് ഉപദേശിച്ചു. അങ്ങനെ ചെയ്‌താൽ നടപടികളും പിഴകളും ഒഴിവാക്കാൻ കഴിയും.
കൂടാതെ, ഈ അവസരം ഉപയോഗിക്കാത്തവർക്ക് 2026 ജനുവരി 1 മുതൽ അധിക നികുതി ബാധ്യത ഉണ്ടായേക്കാമെന്നും ഇൻകം ടാക്‌സ് വകുപ്പ് വ്യക്തമാക്കി. ആദായനികുതി പോർട്ടലിലെ Compliance Portal സന്ദർശിച്ച് എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടോ എന്ന് പരിശോധിക്കുക. ആവശ്യമെങ്കിൽ ഒരു ചാർട്ടേഡ് അക്കൗണ്ടൻ്റിൻ്റെ സഹായത്തോടെ റിട്ടേൺ പുതുക്കി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി ആദായനികുതി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. https://www.incometax.gov.in/iec/foportal/
2025-ലെ നിയമങ്ങൾ പ്രകാരം പ്രധാന പിഴകളും ശിക്ഷകളും താഴെ പറയുന്നവയാണ്:
- വരുമാനം കുറച്ചു കാണിക്കൽ : നികുതി നൽകേണ്ട വരുമാനം പൂർണ്ണമായി വെളിപ്പെടുത്താതിരുന്നാൽ, സെക്ഷൻ 270A പ്രകാരം ആ വരുമാനത്തിന്റെ നികുതി തുകയുടെ 50 ശതമാനം പിഴയായി ഈടാക്കാം.
- തെറ്റായ വിവരങ്ങൾ നൽകൽ: വരുമാനം മറച്ചുവെക്കുകയോ, വ്യാജ ചിലവുകൾ കാണിക്കുകയോ ചെയ്താൽ (ഉദാഹരണത്തിന് വ്യാജ വീട്ടുവാടക രസീതുകൾ അല്ലെങ്കിൽ സെക്ഷൻ 80C പ്രകാരമുള്ള വ്യാജ നിക്ഷേപങ്ങൾ), നികുതി തുകയുടെ 200 ശതമാനം വരെ പിഴ നൽകേണ്ടി വരും.
- തടവുശിക്ഷ: നികുതി വെട്ടിക്കാൻ ബോധപൂർവ്വം ശ്രമിച്ചാൽ (സെക്ഷൻ 276C), വെട്ടിക്കാൻ ശ്രമിച്ച തുക 25 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിൽ 6 മാസം മുതൽ 7 വർഷം വരെ കഠിനതടവും പിഴയും ലഭിക്കാം. തുക 25 ലക്ഷത്തിൽ താഴെയാണെങ്കിൽ 3 മാസം മുതൽ 2 വർഷം വരെയാകാം തടവ്.
- ലേറ്റ് ഫീസ് : നിശ്ചിത തീയതിക്ക് ശേഷം (2025-ലെ സാധാരണ തീയതി സെപ്റ്റംബർ 16 ആയിരുന്നു) റിട്ടേൺ ഫയൽ ചെയ്താൽ സെക്ഷൻ 234F പ്രകാരം 5,000 രൂപ വരെ പിഴയടയ്ക്കണം. വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ ഈ പിഴ 1,000 രൂപയാണ്.
- പലിശ : നികുതി അടയ്ക്കുന്നതിൽ താമസം വരുത്തിയാൽ കുടിശ്ശികയുള്ള തുകയ്ക്ക് ഓരോ മാസവും 1 ശതമാനം വീതം പലിശയും (സെക്ഷൻ 234A) നൽകേണ്ടി വരും.
തെറ്റുകൾ തിരുത്താനുള്ള വഴി:
അറിയാതെ സംഭവിച്ച തെറ്റുകളാണെങ്കിൽ, ഡിസംബർ 31, 2025-ന് മുൻപായി 'റിവൈസ്ഡ് റിട്ടേൺ' (Revised Return) സമർപ്പിച്ച് പിഴവുകൾ തിരുത്താവുന്നതാണ്.