പൈപ്പ് ഗ്യാസ് ഉള്ളവർക്ക് ഇനി എൽപിജി സിലിണ്ടറില്ല; നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ

പൈപ്പ് ഗ്യാസ് ഉള്ളവർക്ക് ഇനി എൽപിജി സിലിണ്ടറില്ല; നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ

ന്യൂഡൽഹി: പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) കണക്ഷൻ ഉള്ള ഉപഭോക്താക്കൾക്ക് ഇനിമുതൽ ഗാർഹിക പാചകവാതക (എൽപിജി) സിലിണ്ടറുകൾ കൈവശം വയ്ക്കാനോ പുതിയവ എടുക്കാനോ റീഫിൽ ചെയ്യാനോ സാധിക്കില്ല. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം എൽപിജി കൺട്രോൾ ഓർഡറിൽ ഇതുസംബന്ധിച്ച ഭേദഗതി വരുത്തി. പുതിയ വിതരണ ഉത്തരവ് പ്രകാരം, പിഎൻജി കണക്ഷനുള്ള ഉപഭോക്താക്കൾക്ക് പുതിയ എൽപിജി കണക്ഷനോ സിലിണ്ടർ റീഫില്ലോ നൽകുന്നതിൽ നിന്ന് സർക്കാർ എണ്ണക്കമ്പനികളെയും വിലക്കിയിട്ടുണ്ട്.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് രാജ്യത്ത് പാചകവാതക വിതരണത്തിൽ കടുത്ത തടസങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് നടപടി. സബ്സിഡിയുള്ള എൽപിജി ദുരുപയോഗം ചെയ്യുന്നത് തടയുക, വിതരണം സുഗമമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മന്ത്രാലയം ഈ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.

പാചകവാതക ഇറക്കുമതിയിലെ പ്രതിസന്ധി

ലോകത്ത് ഏറ്റവും കൂടുതൽ എൽപിജി ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്തെ പാചകവാതക ആവശ്യകതയുടെ 90 ശതമാനവും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്. അതിനാൽ നിലവിലെ വിതരണ തടസങ്ങൾ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇറാനുനേരെ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളെ തുടർന്ന് നിർണായക ഗതാഗത പാതയായ ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുകയാണ്. ഇതോടെ പശ്ചിമേഷ്യയിൽ നിന്നുള്ള പാചകവാതക വരവ് ഏതാണ്ട് പൂർണമായും നിലച്ചു. കെപ്ലർ ഡാറ്റ പ്രകാരം മാർച്ച് 9ന് ആരംഭിച്ച ആഴ്ചയിൽ 2,70,000 ടൺ എൽപിജി മാത്രമാണ് ഇന്ത്യയിൽ എത്തിയത്. 2023 ഏപ്രിലിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ ഇറക്കുമതി നിരക്കാണിത്.

പരിഹാര ശ്രമങ്ങളുമായി സർക്കാർ

പ്രതിസന്ധി മറികടക്കാനും ആഭ്യന്തര വിതരണം സ്ഥിരപ്പെടുത്താനും സർക്കാർ ഊർജിത ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അമേരിക്ക, നോർവെ, കാനഡ, അൾജീരിയ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്ന് കൂടുതൽ പാചകവാതകം എത്തിക്കാൻ ശ്രമിക്കുന്നതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പാർലമെൻ്റിൽ അറിയിച്ചു. കൂടാതെ, ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഇറാനുമായി ചർച്ചകൾ നടത്തിവരികയാണ്. രാജ്യത്തെ എൽപിജി ഉത്പാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്. ഇതിലൂടെ ആഭ്യന്തര ഉത്പാദനം 28 ശതമാനം വർധിപ്പിക്കാനായി.

പാചകവാതകത്തിൻ്റെ ആവശ്യകത കുറയ്ക്കുന്നതിനായി, ഏതാണ്ട് ഒരു വർഷത്തിന് ശേഷം ആദ്യമായി ചില്ലറ വിൽപന വിലയും സർക്കാർ അടുത്തിടെ വർധിപ്പിച്ചിരുന്നു. ഭൂരിഭാഗം ഇടത്തരം കുടുംബങ്ങളും ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാർച്ച് 7ന് ഏഴ് ശതമാനം വർധനയാണ് വരുത്തിയത്. ഇതോടെ കേരളത്തിൽ ഒരു സിലിണ്ടറിൻ്റെ വില 922 - 925 രൂപയായി ഉയർന്നു.

പശ്ചിമേഷ്യയിലെ പ്രതിസന്ധി ഇന്ത്യയുടെ ഊർജ വിതരണത്തെ സാരമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ, ലഭ്യമായ പാചകവാതക ശേഖരം സംരക്ഷിക്കാനും അത് ആവശ്യമുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് കൃത്യമായി ലഭ്യമാക്കാനും മുൻഗണന നൽകുക എന്നതാണ് സർക്കാരിൻ്റെ ഏറ്റവും പുതിയ നിയന്ത്രണങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്.