മന്ത്രവാദത്തിൻ്റെ പേരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തി

മന്ത്രവാദത്തിൻ്റെ പേരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തി

റാഞ്ചി:ജാർഖണ്ഡിൽ മന്ത്രവാദത്തിൻ്റെ പേരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തി. മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ദർബാരി മുർമു, മക്കു ബാസ്‌കി, ജിത്നാരായൺ മുർമു എന്നിവരാണ് കൊല്ലപ്പെട്ടത്. ജാർഖണ്ഡിലെ ഗൊഡ ജില്ലയിലാണ് സംഭവം. ആഭിചാര ക്രിയയുടെ ഭാഗമായാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.സംഭവം അറിഞ്ഞതോടെ പ്രദേശവാസികൾ എല്ലാവരും പരിഭ്രാന്തരായിരിക്കുകയാണ്. മൂന്ന് മൃതദേഹങ്ങളും പോസ്‌റ്റമോർട്ടത്തിനായി അയച്ചു. കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ പൊലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌ത് വരികയാണ്. ഇരകളുടെ ബന്ധുക്കളുടെയും ഗ്രാമവാസികളുടെയും മൊഴികൾ രേഖപ്പെടുത്തുകയും ചെയ്‌തു. ഇതിന് പിന്നിലുള്ളവരെ കണ്ടുപിടിച്ച് അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കുടുംബാംഗങ്ങളും നാട്ടുകാരും ആവശ്യപ്പെട്ടു.

നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പ് നൽകുകയും ചെയ്‌തു. സ്ഥിതിഗതികൾ വിലയിരുത്താൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഗ്രാമത്തിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കാൻ ഫോറൻസിക് സംഘത്തെയും നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകം, കൊലപാതകശ്രമം, ക്രിമിനൽ ഗൂഢാലോചന, മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങൾ എന്നീ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.