ബംഗ്ലാദേശിൽ മൂന്ന് പേർ ചേർന്ന് ഹിന്ദു വ്യാപാരിയെ തല്ലിക്കൊന്നു

ബംഗ്ലാദേശിൽ മൂന്ന് പേർ ചേർന്ന് ഹിന്ദു വ്യാപാരിയെ തല്ലിക്കൊന്നു

ധാക്ക: വാഴപ്പഴത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ ഹിന്ദു വ്യാപാരിയെ തല്ലിക്കൊന്നു. ഒരു കുടുംബത്തിലെ മൂന്ന് പേർ ചേർന്ന് ഹിന്ദു വ്യാപാരിയെ കൊലപ്പെടുത്തിയത്. ഗാസിപൂർ ജില്ലയിലെ കാളിഗഞ്ച് പ്രദേശത്താണ് സംഭവം. 'ബൈശാഖി സ്വീറ്റ്മീറ്റ് ആൻഡ് ഹോട്ടൽ' എന്ന സ്ഥാപനത്തിൻ്റെ ഉടമ ലിറ്റൺ ചന്ദ്ര ഘോഷ് (55) ആണ് കൊല്ലപ്പെട്ടതെന്ന് ഇംഗ്ലീഷ് ദിനപത്രമായ ദി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്‌തു.കൊലപാതകവുമായി ബന്ധപ്പെട്ട് സ്വപൻ മിയ (55), ഭാര്യ മജീദ ഖാത്തൂൺ (45), മകൻ മാസും മിയ (28) എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകവുമായി ഇവർക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി കാളിഗഞ്ച് പൊലീസ് സ്റ്റേഷൻ ഓഫിസർ ഇൻ ചാർജ് സാക്കിർ ഹൊസൈൻ പറഞ്ഞു."മാസുമിന് സ്വന്തമായുണ്ടായ വാഴത്തോട്ടത്തിൽ നിന്നും ഒരു കുല പഴം നഷ്‌ടപ്പെട്ടിരുന്നു, തുടർന്ന് നടത്തിയ തെരച്ചിലിൽ ലിറ്റണിൻ്റെ ഹോട്ടലിൽ നിന്ന് നഷ്‌ടപ്പെട്ട വാഴപ്പഴങ്ങൾ കണ്ടെത്തുകയായിരുന്നു. ഇതിനെച്ചൊല്ലി ഇരുവിഭാഗവും തമ്മിൽ തർക്കം നടന്നു. തുടർന്ന് ഇയാൾ ലിറ്റണിനെ ഇടിക്കുകയും ചവിട്ടുകയും ചെയ്‌തു, ആക്രമണത്തിന് ഒടുവിൽ സംഭവസ്ഥലത്തു വച്ചുതന്നെ ലിറ്റണ്‍ മരിച്ചു " പൊലീസ് പറഞ്ഞു.രാവിലെ 11 മണിയോടെയാണ് 28 കാരനായ മാസും മിയ ഹോട്ടലിൽ എത്തിയതെന്നാണ് ലിറ്റണിൻ്റെ കുടുംബം പറയുന്നത്. ആ സമയത്ത്, അയാൾ ഒരു ഹോട്ടൽ ജീവനക്കാരനുമായി തർക്കത്തിലായിരുന്നു. പിന്നീട്, മാസുമിൻ്റെ അച്ഛനും അമ്മയും സ്ഥലത്ത് എത്തി വഴക്കുണ്ടാക്കി. തുടര്‍ന്നാണ് ലിറ്റണ്‍ ചന്ദ്ര ഘോഷിനെ തല്ലിക്കൊന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ന്യുനപക്ഷ വേട്ടതുടർന്നുകൊണ്ടിരിക്കുന്ന ബംഗ്ളാദേശിൽ ഈ മാസം നടന്ന എട്ടാമത്തെ ആൾക്കൂട്ട കൊലപാതകമാണിത്