ഐടികമ്പനി ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ സിഇഒ അടക്കം മൂന്ന് പേർ പിടിയിൽ

ജയ്‌പൂർ: സ്വകാര്യ ഐടി കമ്പനി ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ സിഇഒ അടക്കം മൂന്ന് പേർ പിടിയിൽ. സ്വകാര്യ ഐടി കമ്പനിയിലെ മാനേജരാണ് കൂട്ടബലാത്സംഗത്തിനിരയായത്. കേസിൽ അതേ കമ്പനിയുടെ സിഇഒ (ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ) ഉൾപ്പെടെ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. പിടിയിലായവരിൽ ഒരാള്‍ സ്‌ത്രീയാണ്.
ഒരു പിറന്നാൾ പാർട്ടിക്ക് ശേഷമായിരുന്നു സംഭവം. കമ്പനിയുടെ സിഇഒ ജിതേഷ് സിസോദിയ കഴിഞ്ഞ ശനിയാഴ്‌ച പിറന്നാൾ പാർട്ടി സംഘടിപ്പിച്ചിരുന്നു. പാർട്ടിയിൽ മാനേജറും മറ്റ് സഹപ്രവർത്തകരും അതിഥികളായിരുന്നു. കമ്പനി സിഇഒ ജിതേഷ്, വനിതാ എക്‌സിക്യൂട്ടീവ് മേധാവി, ഇവരുടെ ഭർത്താവ് മീററ്റ് സ്വദേശിയായ ഗൗരവ് സിരോഹി എന്നിവരാണ് നിലവിൽ പിടിയിലായിട്ടുള്ളത്. മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി. പ്രതികളെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
"ഭാരതീയ ന്യായ സംഹിത വകുപ്പുകൾ പ്രകാരം സുഖർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തു. തുടർന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തത്. വ്യാഴാഴ്‌ച അവരെ കോടതിയിൽ ഹാജരാക്കി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ അയച്ചു" - എന്ന് ഉദയ്‌പൂർ പൊലീസ് സൂപ്രണ്ട് യോഗേഷ് ഗോയൽ പറഞ്ഞു.
പാർട്ടി കഴിഞ്ഞ് മറ്റ് അതിഥികൾ നേരത്തെ പോയിരുന്നു. ഈ സമയം കൃത്യം നടന്ന സ്ഥലത്ത് അതിജീവിത ഒറ്റയ്ക്കായാവുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഈ സമയം തുടർന്ന് വനിതാ എക്‌സിക്യൂട്ടീവ് മേധാവി അവരെ വീട്ടിൽ കൊണ്ടാക്കമെന്ന് വാഗ്‌ധാനം ചെയ്‌തു. തുടർന്ന് യുവതിയെ കാറിൽ കയറ്റി. ആ സമയം കാറിൽ സിഇഒ സിസോദിയയും സിരോഹിയും ഉണ്ടായിരുന്നു എന്നാണ് യുവതിയുടെ മൊഴി.
"വഴിയിൽ അവർ കാർ നിർത്തി. സമീപത്തെ ഒരു കടയിൽ നിന്ന് സിഗരറ്റിനോട് സാമ്യമുള്ള ഒരു ലഹരി ഉത്‌പന്നം വാങ്ങി യുവതിക്ക് കൊടുത്തു. അത് കഴിച്ച ശേഷം ബോധം നഷ്‌ടപ്പെട്ടു. പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി മനസിലാക്കുകയായിരുന്നു" - യുവതി നൽകിയ പരാതിയിൽ പറയുന്നു.
യുവതി സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ, കേസ് രജിസ്റ്റർ ചെയ്യുകയും ചോദ്യം ചെയ്യലിനുശേഷം മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്‌തുവെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ വൈദ്യ പരിശോധന നടത്തി മൊഴികൾ രേഖപ്പെടുത്തി. കേസ് അഡീഷണൽ പൊലീസ് സൂപ്രണ്ട് മാധുരി വർമ്മയ്ക്ക് കൈമാറിയതായും പൊലീസ് കൂട്ടിച്ചേർത്തു.