കണ്ണൂരില്‍ ടി.ഒ.മോഹനന്‍ - കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ ടി.ഒ.മോഹനന്‍ - കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് രണ്ടാം ഘട്ട പട്ടികയും പുറത്തു വന്നത്. കണ്ണൂരില്‍ ടിഒ മോഹനന്‍ കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും. 40 സീറ്റുകളിൽ 3 സീറ്റുകളിലേക്ക് സ്വതന്ത്രരെ പരി​ഗണിക്കുന്നുണ്ട്. അതിനാൽ നിലവിൽ 37 സീറ്റിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.

പെരുമ്പാവൂര്‍ സീറ്റ് ആവശ്യപ്പെട്ട് നിന്ന എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കും നിരാശയാണ്. അദ്ദേഹത്തേയും പരിഗണിച്ചില്ല. പെരുമ്പാവൂരില്‍ മനോജ് മൂത്തേടനാണ് സ്ഥാനാര്‍ഥി. കോന്നിയില്‍ സതീഷ് കൊച്ചുപറമ്പിലാണ് സ്ഥാനാര്‍ഥി.കൊച്ചിയിൽ ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് മത്സരിക്കും. ദീപ്തി മേരി വർ​ഗീസ് കൊച്ചി സീറ്റാനായി അവകാശമുന്നയിച്ചിരുന്നെങ്കിലും മുഹമ്മദ് ഷിയാസ് തന്നെ മത്സരിക്കും. ബിജെപി വിട്ടു വന്ന സന്ദീപ് വാര്യര്‍ തൃക്കരിപ്പൂരില്‍ നിന്നു ജനവിധി തേടും.

നേമത്ത് കെഎസ് ശബരിനാഥനും അരുവിക്കരയില്‍ വിഎസ് ശിവകുമാറും കഴക്കൂട്ടത്ത് ശരത്ചന്ദ്ര പ്രസാദും മത്സരിക്കും. എം ലിജുവാണ് കായംകുളത്തെ സ്ഥാനാര്‍ഥി. അബിന്‍ വര്‍ക്കി ആറന്‍മുളയിലും പഴകുളം മധു റാന്നിയിലും ജനവിധി തേടും.കണ്ണൂരില്‍ മത്സരിക്കണമെന്ന പിടിവാശിയുമായി കെ സുധാകരന്‍ എംപി നിലകൊണ്ടതോടെയാണ് രണ്ടാം പട്ടികയിലും അനിശ്ചിതത്വം വന്നത്. ആദ്യ ഘട്ടത്തില്‍ കണ്ണൂരടക്കമുള്ള തര്‍ക്കങ്ങള്‍ നിന്ന സീറ്റുകള്‍ ഒഴിച്ചിട്ടാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

സുധാകരന്റെ പിടിവാശിക്കു മുന്നില്‍ വഴങ്ങേണ്ടതില്ലെന്നു ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കടുത്ത നിലപാടെടുത്തു. ഇതോടെയാണ് സുധാകരന്  പിൻവാങ്ങേണ്ടിവന്നത് .

സ്ഥാനാർഥികൾ

ഉദുമ- കെ നീലകണ്ഠന്‍

തൃക്കരിപ്പൂര്‍- സന്ദീപ് വാര്യര്‍

കല്ല്യാശ്ശേരി- രാജീവന്‍ കപ്പച്ചേരി

കണ്ണൂര്‍- അഡ്വ. ടിഒ മോഹനന്‍

മട്ടന്നൂര്‍- ചന്ദ്രന്‍ തില്ലങ്കേരി

പട്ടാമ്പി- ടിപി ഷാജി

ഷൊര്‍ണൂര്‍- പി ഹരിഗോവിന്ദന്‍

കുന്നംകുളം- അജയ് മോഹന്‍

വടക്കാഞ്ചേരി- വൈശാഖ് നാരായണസ്വാമി

പെരുമ്പാവൂര്‍- മനോജ് മൂത്തേടന്‍

വൈപ്പിന്‍- ടോണി ചമ്മണി

കൊച്ചി- മുഹമ്മദ് ഷിയാസ്

തൃപ്പൂണിത്തുറ- ദീപക് ജോയ്

ദേവികുളം- എസ്‌സിഎഫ് രാജ

ഉടുമ്പന്‍ചോല- അഡ്വ. സേനാപതി വേണു

ഇടുക്കി- റോയ് കെ പൗലോസ്

പീരുമേട്- അഡ്വ. സിറിയക് തോമസ്

ഏറ്റുമാനൂര്‍- നാട്ടകം സുരേഷ്

കാഞ്ഞിരപ്പള്ളി- പ്രൊഫ.റോണി കെ ബേബി

പൂഞ്ഞാര്‍- സെബാസ്റ്റ്യന്‍ എം.ജെ. (അഡ്വ. സജി ജോസഫ്)

ആലപ്പുഴ- എഡി തോമസ്

കായംകുളം- എം ലിജു

ചെങ്ങന്നൂര്‍- എബി കുര്യാക്കോസ്

റാന്നി- പഴകുളം മധു

ആറന്മുള- അബിന്‍ വര്‍ക്കി

കോന്നി- പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

അടൂര്‍- എസ്‌സി അഡ്വ. ശാന്തകുമാര്‍

ചടയമംഗലം- എംഎം നസീര്‍

വര്‍ക്കല- വര്‍ക്കല കഹാര്‍

നെടുമങ്ങാട്- മീനാങ്കല്‍ കുമാര്‍

വാമനപുരം- സുധീര്‍ഷ പാലോട്

കഴക്കൂട്ടം- ശരത്ചന്ദ്ര പ്രസാദ്

നേമം- കെഎസ് ശബരിനാഥന്‍

അരുവിക്കര- വിഎസ് ശിവകുമാര്‍

പാറശാല- നെയ്യാറ്റിന്‍കര സനല്‍

കാട്ടാക്കട- എംആര്‍ ബൈജു

നെയ്യാറ്റിന്‍കര- എന്‍ ശക്തന്‍