ഇന്ന് ആറ്റുകാൽപൊങ്കാല :രാവിലെ 9.15 ന് ശുദ്ധ പുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിക്കും.

ഇന്ന് ആറ്റുകാൽപൊങ്കാല :രാവിലെ 9.15 ന് ശുദ്ധ പുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിക്കും.

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഭക്തജന സാഗരം. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ഇന്ന് ആറ്റുകാൽപൊങ്കാല. ലക്ഷക്കണക്കിന് സ്ത്രീ ഭക്തർ വ്രതശുദ്ധിയോടെ അൽപ്പസമയത്തിനകം ദേവിക്ക് പൊങ്കാല സമർപ്പിക്കും. രാവിലെ 9.15 ന് ശുദ്ധ പുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിക്കും. കണ്ണകി ചരിതത്തിൽ പാണ്ഡ്യ രാജാവിൻ്റെ വധം നടത്തുന്ന ഭാഗം തോറ്റംപാട്ടുകാർ പാടി കഴിഞ്ഞാലുടൻ തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ മേൽശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേക്ക് പകരും.

ഇതേ ദീപം സഹ മേൽശാന്തി ഏറ്റുവാങ്ങി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുൻവശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലും കത്തിക്കും. ഭക്തർ തയാറാക്കിയ അടുപ്പുകൾ കത്തിക്കാനുള്ള വിളംബരമായി ഈ സമയം ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും മുഴങ്ങും. പണ്ടാര അടുപ്പിൽ നിന്ന് പകരുന്ന ദീപം വായ്ക്കുരകളുടെ അകമ്പടിയിൽ ഏറ്റുവാങ്ങി ഭക്തർ സ്വന്തം അടുപ്പുകളെ ജ്വലിപ്പിക്കും. ഉച്ചയ്ക്ക് 2.15 ന് ഉച്ചപൂജയ്ക്ക് ശേഷമാണ് പൊങ്കാല നിവേദ്യം. പൊങ്കാല നിവേദ്യത്തിന് 350 പൂജാരിമാരെ നിയോഗിച്ചിട്ടുണ്ട്. രാത്രി 8.30 ന് കുത്തിയോട്ട ബാലന്മാരെ ചൂരൽകുത്തും. 10.45 ന് മണക്കാട് ധർമ ശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയൂടെ എഴുന്നള്ളത്ത് പുറപ്പെടും. അടുത്ത ദിവസം രാവിലെ അഞ്ചിന് ശാസ്താ ക്ഷേത്രത്തിലെ പൂജ കഴിഞ്ഞ് തിരിച്ചെഴുന്നള്ളത്ത് ഒൻപതോടെ ക്ഷേത്രത്തിലെത്തും. ബുധനാഴ്ച രാത്രി 9.45 ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. രാത്രി 12.45 ന് നടത്തുന്ന കുരുതി തർപ്പണത്തോടെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.

കാത്തുനിൽപ്പിൻ്റെയും പ്രാർഥനയുടെയും നിർവൃതിയുമായി, ജാതിമത ഭേദമന്യേ ലക്ഷക്കണക്കിന് അമ്മമാരാണ് ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി നഗരവീഥികളിൽ ഇടംപിടിച്ചിരിക്കുന്നത്.