ഡോംബിവ്‌ലിയിലെ അയ്യപ്പ പൂജ ആഘോഷത്തിൽ ഇന്ന് ഡോ. R.L.V.രാമകൃഷ്ണൻ്റെ നൃത്താർച്ചന

മുംബൈ: സ്വാമി അയ്യപ്പ സേവാ സംഘം പാണ്ഡുരംഗവാടിയുടെ (ഡോംബിവിലി ഈസ്റ്റ് ) മുപ്പതാമത് അയ്യപ്പ പൂജ ആഘോഷത്തിൻ്റെ രണ്ടാംദിനമായ ഇന്ന്, വൈകുന്നേരം 7.30ന് 'ഷൺമദം ' നൃത്താർച്ചന പരിപാടിയിൽ കെ.വി.രാജൻ നൃത്ത സംവിധാനം നിർവ്വഹിച്ച താനെ 'മീനാക്ഷി നൃത്തവിദ്യാലയ'ത്തിലെ കലാകാരികൾ അവതരിപ്പിക്കുന്ന ശാസ്ത്രീയ-അർദ്ധശാസ്ത്രീയ നൃത്തങ്ങളും , ചടങ്ങിൽ അതിഥിയായെത്തുന്ന അന്തരിച്ച നടൻ കലാഭവൻമണിയുടെ സഹോദരനും പ്രമുഖ ഭരതനാട്യം -മോഹിനിയാട്ടം കലാകാരനും കേരളകലാമണ്ഡലത്തിലെ ഭരതനാട്യം പ്രഫസറുമായ ഡോ. R.L.V.രാമകൃഷ്ണൻ്റെ നൃത്താർച്ചനയുമുണ്ടായിരിക്കും.ഡോമ്പിവലി ഈസ്റ്റ് പി ആൻഡ് ടി കോളനിയിലാണ് അയ്യപ്പപൂജ മഹോത്സവം നടക്കുന്നത് .
ഇന്ന് രാവിലെ 5 മണിക്ക് ഗണപതിഹോമത്തോടെ ശനിയാഴ്ചദിന ചടങ്ങുകൾ ആരംഭിച്ചു.ഉഷപൂജ ,ലക്ഷാർച്ചന ,മദ്ധ്യാഹ്നപൂജ എന്നിവയ്ക്കുശേഷം ഉച്ചയ്ക്ക് 12 മണിക്ക് ഡോംബിവ്‌ലി ശ്രീദീപ് മ്യുസിക് ഗ്രൂപ്പിന്റെ ഹിന്ദി -മറാഠി ഭജനയുണ്ടായിരിക്കും.
അന്നദാനത്തിനും വൈകുന്നേരം 6 .30 ന് നടക്കുന്ന ദീപാരാധനയ്ക്കും ശേഷം 7 മണിക്ക് സംഘം സ്ഥാപക അംഗങ്ങളേയും ആദ്യകാല പ്രവർത്തകരെയും ആദരിക്കുന്ന 'സമാദരം'.
അവസാന ദിവസമായ നാളെ (ഞായർ )രാവിലെ 5.30 ന് മഹാഗണപതി ഹോമം നടക്കും.7 മണിക്ക് ഉഷപൂജ ,8 മണിക്ക് വിഷ്ണുപൂജ ,11.30 ന് മദ്ധ്യാഹ്നപൂജ .വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന താലപ്പൊലി ,പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര ആനന്ദ് നഗറിലെ ലക്ഷ്‌മിനാരായൺ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് പൂജാമഹോത്സവം നടക്കുന്ന പി & ടി കോളനിയിലെ ഹനുമാൻ മന്ദിറിന് സമീപമുള്ള സന്നിധാനത്ത് എത്തിച്ചേരും.
തുടർന്ന് നടക്കുന്ന മഹാദീപാരാധന, ഹരിവരാസനത്തോടെ ഈ വർഷത്തെ മണ്ഡലകാല പൂജാമഹോത്സവം പരിസമാപിക്കും.