ഇന്ന് വിദ്യാരംഭം; അക്ഷര വെളിച്ചത്തിലേക്ക് കുരുന്നുകള്‍, നഗരം മഹാനവമിയുടെ നിറവിൽ

 മുംബൈ: നാടും നഗരവും നവരാത്രി ആഘോഷ നിറവിലാണ്. അക്ഷരപൂജയ്ക്കു പിന്നാലെ മഹാനവമിയിൽ ആയുധപൂജയും തുടങ്ങിയതോടെ നവരാത്രി ആഘോഷച്ചടങ്ങുകൾ അവസാനഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്. ഇന്ന് വിജയദശമി ദിനത്തില്‍ പൂജയെടുപ്പും തുടര്‍ന്ന് കുട്ടികളുടെ വിദ്യാരംഭവും നടക്കും. ഇതിനായി നാട്ടിലും നഗരത്തിലുമുള്ള  വിവിധ  ക്ഷേത്രങ്ങളും മറ്റും വലിയ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. മുംബൈയിൽ ക്ഷേത്രങ്ങളിലും  മാട്ടുംഗയിലെ ബോംബെ കേരള സമാജം പോലുള്ള ചില മലയാളികൂട്ടായ്മകൾ വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിക്കുന്നുണ്ട് .ഡോംബിവ്‌ലിയിലെ പൊന്നുഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വർഷങ്ങളായി കുരുന്നുകൾക്ക് ഹരിശ്രീ പകർന്നുകൊടുത്തുവരുന്നു.ദേവീപൂജയ്ക്ക് ശേഷം മുന്നിലെ താമ്പാളത്തില്‍ നിറച്ച അരിയില്‍ കുഞ്ഞിന്‍റെ വിരല്‍പിടിച്ച് “ഹരിശ്രീഗണപതയെനമ:” എന്നും സ്വര്‍ണ്ണമോതിരം കൊണ്ട് നാവിലും ഇതുതന്നെ എഴുതുന്നതാണ് വിദ്യാരംഭം. വിദ്യാരംഭത്തിന് ഉപയോഗിച്ച് അരി കൊണ്ട് പിന്നീട് നിവേദ്യം തയ്യാറാക്കി ദേവിക്ക് നിവേദിക്കുന്നു. ഇത് എല്ലാ കുഞ്ഞിന്‍റെയും നന്മയിലേക്ക് നയിക്കും എന്ന വിശ്വാസമാണിത്.

വ്യവസായശാലകളിലും സ്ഥാപനങ്ങളിലും തൊഴിൽ ഇടങ്ങളിലുമൊക്കെ മഹാനവമിയിൽ തൊഴിൽ ഉപകരണങ്ങളും യന്ത്രങ്ങളും പൂജവയ്ക്കും. വിജയദശമിയിൽ രാവിലെ ഏഴിന് പൂജയെടുക്കും. തുടർന്ന് ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭച്ചടങ്ങുകൾ ആരംഭിക്കും.

കലകളുടെയും വിദ്യാരംഭത്തിന്‍റെയും ആരാധനയുടെയും വിജയത്തിന്‍റെയും ഉത്സവമാണ് നവരാത്രി. ഒൻപത് രാത്രികൾ എന്നാണ് ഈ പദത്തിന്‍റെ അർഥം.അജ്ഞാനമാകുന്ന ഇരുളിനെ അകറ്റി അറിവിന്റെ പ്രകാശം പ്രദാനം ചെയ്യുന്നു എന്നതാണ് നവരാത്രി ആഘോഷത്തിന്റെ സന്ദേശം.ഭഗവതിയെ ആദിപരാശക്തിയായി ആരാധിക്കുന്ന നാളുകളാണ് നവരാത്രി. ഇത്തവണ 9 ദിവസമല്ല 11 ദിവസം നീണ്ടുനിൽക്കുന്നതാണ് ആഘോഷങ്ങൾ. ഇത്തവണ 10 രാത്രികളും 11 പകലുകളുമാണ്.ശക്ത്യുപാസനയ്‌ക്കും ദേവീ പൂജയ്‌ക്കും ഏറെ വിശേഷപ്പെട്ടതാണ് മഹാനവമി. നവരാത്രി ആഘോഷത്തിന്‍റെ പ്രധാന ദിവസമാണ് മഹാനവമി . സരസ്വതീ പ്രസാദം നിറയുന്ന ദിനമാണ് വിജയദശമി. ഇന്ന് കര്‍മ മേഖലയിലെ പുരോഗതിക്കായി എല്ലാ വിഭാഗത്തില്‍പ്പെട്ടവരും ദേവീ ശക്തിയുടെ പരമോന്നത രൂപമായ സിദ്ധിദാത്രിക്കായി പ്രത്യേക പൂജ ചെയ്യും. ഭാരതത്തിലുടനീളമുള്ള പൂജാ ചടങ്ങാണിത്. എന്നാല്‍ പഠന മികവിനായി വിദ്യാര്‍ത്ഥികള്‍ മഹാനവമിയില്‍ സരസ്വതീ പൂജയാണ് നടത്തുക.പഠിച്ച വിദ്യകള്‍ ഫലവത്താകാന്‍ വിദ്യാദേവതയായ സരസ്വതിയുടെ കടാക്ഷമുണ്ടാകണം. അതിനായാണ് ഈ പൂജ നടത്തുന്നത്. വിജയദശമി ദിവസം വിദ്യാരംഭത്തോടെയാണ് നവരാത്രി വ്രതാനുഷ്‌ഠാനം പൂര്‍ണമാകുക. മഹാനവമിയിലെ അടച്ചുപൂജയില്‍ നിന്ന് ജ്ഞാനത്തിന്‍റെയും പ്രകാശത്തിന്‍റെയും വിജയത്തിലേക്കു തുറക്കുന്ന ദിവസമാണ് വിജയദശമി. വാദ്യ-നൃത്ത സംഗീത കലാപഠനത്തിനു തുടക്കം കുറിക്കാനും വിജയദശമി ദിവസം ഉത്തമമാണ്. എഴുത്തിനിരുത്തുന്നതിലൂടെ അറിവിന്‍റെ ലോകമാണ് കുരുന്നുകള്‍ക്കായി തുറക്കുന്നത്. ക്ഷേത്രങ്ങളിലും വീടുകളിലുമൊക്കെ വിദ്യാരംഭം നടത്താവുന്നതാണ്.

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം (കര്‍ണാടക) അല്ലെങ്കില്‍ ദില്ലി അയപ്പ ക്ഷേത്രം അല്ലെങ്കില്‍ തുഞ്ചന്‍ പറമ്പ് (കേരളം), ആറ്റുകല്‍ ഭാഗവതി ക്ഷേത്രം (കേരളം), തിരുവുള്ളക്കാവ് ശ്രീ ധര്‍മ്മ ശാസ്ത്രാ ക്ഷേത്രം (കേരള) എന്നിവിടങ്ങളിലാണ് പ്രധാനമായും എഴുത്തിനിരുത്തുന്നത്.

കേരളത്തിൽ വിദ്യാരംഭം, തമിഴ്നാട്ടിൽ കൊലു വയ്പ്പ്, കർണാടകയിൽ ദസറ, മൂകാംബികയിൽ പുഷ്പ രഥോത്സവം, ഉത്തരഭാരതത്തിൽ രാമലീല, ബംഗാളിൽ ദുർഗാപൂജ, അസമിൽ കുമാരീപൂജ, സപ്തമാതൃപൂജ, ശ്രീവിദ്യാ ഉപാസകർക്ക് ശ്രീ ചക്രപൂജ എന്നിങ്ങനെ വ്യത്യസ്‌തമായ രീതിയിലാണ് നവരാത്രി ആഘോഷിക്കുന്നത്.

വിദ്യാരംഭത്തിനായി പനച്ചിക്കാട് സരസ്വതി ക്ഷേത്രം ഒരുങ്ങി

വിജയദശമി ദിനത്തില്‍ ആയിരക്കണക്കിന് കുരുന്നുകളാണ് വിവിധ ക്ഷേത്രങ്ങളില്‍ ഇന്ന് ഹരിശ്രീ കുറിക്കുക. കൊല്ലൂർ മൂകാംബിക, കണ്ണൂർ മൂകാംബിക, പറവൂർ മൂകാംബിക, ചോറ്റാനിക്കര, ആവണംകോട് സരസ്വതി ക്ഷേത്രം, മൃദംഗശൈലേശ്വരി ക്ഷേത്രം, ദക്ഷിണ മൂകാംബിയെന്നു പ്രസിദ്ധമായ പനച്ചിക്കാട് സരസ്വതീ ക്ഷേത്രം, ദേവി സരസിജയായിരിക്കുന്ന പറവൂര്‍ ക്ഷേത്രം, തുടങ്ങി കേരളത്തിലെ അനേകം ദേവീക്ഷേത്രങ്ങളിലെല്ലാം ഈ ആഘോഷം വിപുലമായ രീതിയിലാണ് നടക്കുന്നത്.പനച്ചിക്കാട് ദക്ഷിണമുകാംബിയിൽ ഒരുക്കങ്ങൾ പൂർത്തിയായി. 108 ശക്തിപീഠങ്ങളിൽ വിശേഷ പ്രാധാന്യം അർഹിക്കുന്നതാണ് ദക്ഷിണമൂകാംബി മഹാനവമി നാളായ ഇന്ന് പുലർച്ചെ 4ന് നട തുറന്നു. രാവിലെ 9.30നു ദക്ഷിണമൂകാംബിക സം ഗീതോത്സവം ആരംഭിചു. വോക്കൽ, വയലിൻ, മൃദംഗം, ഘടം, മു ഖർശംഖ് തുടങ്ങി സംഗീത വിരുന്നിൽ പക്കമേളവുമായി ഇരുന്നൂ റിലധികം കലാകാരന്മാർ പങ്കെടുത്തു വൈകിട്ട് 6ന് പുഷ്പാഭിഷേകവും തുടർന്നു ദീപാരാധനയും നടന്നു.കോട്ടയം ജില്ലയിലെ പനച്ചിക്കാട് ഗ്രാമത്തില്‍, (എംസി റോഡില്‍ ചിങ്ങവനം ജംഗ്ഷനില്‍ നിന്ന് കിഴക്കോട്ടു തിരിഞ്ഞു ഞാലിയാകുഴി വാകത്താനം റോഡിലൂടെ പോയി പരുത്തുംപാറ ജംഗ്ഷനില്‍ നിന്ന് ക്ഷേത്രത്തിലേക്കു പോകാം).

ഇവിടെ ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള മഹാവിഷ്‌ണു ക്ഷേത്രമുണ്ട്. പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവിന്റേതാണെങ്കിലും സരസ്വതീദേവിയുടെ നാമത്തിലാണ് ക്ഷേത്രം പ്രസിദ്ധമായിരിക്കുന്നത്. ഒരിക്കലും വറ്റാത്ത നീരുറവയുള്ള സരസിലാണ് മൂകാംബികാ സാന്നിധ്യമുള്ള സരസ്വതീ പ്രതിഷ്ഠയുള്ളത്.മൂകാംബിയില്‍ ഭജനമിരുന്ന വൈദികശ്രേഷ്ഠനൊപ്പം ഓലക്കുടയിലേറി വന്ന മൂകാംബികാ ദേവിയാണ് ഇവിടെ കുടികൊള്ളുന്നതെന്നാണ് ഐതിഹ്യം. സരസ്സിലിരിക്കുന്നതിനാല്‍ തന്നെ സരസ്വതിക്കു ശ്രീകോവിലോ നാലമ്പലമോ ഇല്ല. ആദ്യകാലങ്ങളില്‍ മൂലവിഗ്രഹം ദര്‍ശനീയമായിരുന്നെങ്കിലും ഇപ്പോള്‍ അതു നേരിട്ട് കാണാന്‍ കഴിയുകയില്ല. വേനല്‍ക്കാലത്തും വര്‍ഷ കാലത്തുമെല്ലാം സരസ്വതീപ്രതിഷ്ഠയുള്ള സരസിലെ ഉറവ ഏറുകയോ കുറയുകയോ ചെയ്യുന്നല്ലെന്നതും ഇവിടുത്തെ പ്രത്യേകതയും ഏവരെയും അതിശയിപ്പിക്കുന്ന കാര്യവുമാണ്.

നവരാത്രി കാലത്തു കലാകാരന്മാരും സാഹിത്യകാരന്മാരും നവരാത്രി നാളുകളില്‍ സരസ്വതീ മണ്ഡപത്തിലെത്തി കലാപരിപാടികള്‍ അവതരിപ്പിച്ച്‌ അമ്മയുടെ അനുഗ്രഹം തേടുന്നു. അര്‍പ്പണബുദ്ധിയോടെ ഈ സന്നിധിയിലെത്തി പ്രാര്‍ത്ഥിച്ചാല്‍ ശരീരം, വാക്ക്, മനസ്സ് എന്നിവയെ പാകപ്പെടുത്തി എടുക്കാം. നൃത്തം, സംഗീതം, കരകൗശലം, അക്ഷരം, സാഹിത്യം, ബുദ്ധിശക്തി എന്നിവ സരസ്വതീദേവിയുടെ പ്രത്യക്ഷ രൂപങ്ങളാണെന്നത് ഭക്തര്‍ക്ക് അനുഭവവേദ്യമായ കാര്യമാണ്.