യുഎഇയിൽ നിന്നും പ്രത്യേക ചാർട്ടർ വിമാനത്തിൽ 'ടോഫിയും' 'കുക്കിയും' തിങ്കളാഴ്‌ച എത്തുo

യുഎഇയിൽ നിന്നും പ്രത്യേക ചാർട്ടർ വിമാനത്തിൽ 'ടോഫിയും' 'കുക്കിയും' തിങ്കളാഴ്‌ച എത്തുo

എറണാകുളം: യുഎഇയിൽ നിന്നും പ്രത്യേക ചാർട്ടർ വിമാനത്തിൽ 'ടോഫിയും' 'കുക്കിയും' കൊച്ചിയിലെത്തും. മലയാളികൾക്കും പ്രത്യേകിച്ച് മൃഗ സ്നേഹികൾക്കും കൗതുകം നൽകുന്നതാണ് നെടുമ്പാശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള (സിയാൽ) അധികൃതർ നൽകുന്ന വിവരം. യുഎഇയിൽ നിന്നുള്ള ഒരു പ്രത്യേക ചാർട്ടർ വിമാനത്തിൽ രണ്ട് വളർത്ത് നായകള്‍ തിങ്കളാഴ്‌ച കൊച്ചിയിൽ എത്തുമെന്ന് സിയാൽ വക്താവ് പിഎസ് ജയൻ അറിയിച്ചു.മാർച്ച് 9ന് രാവിലെ ഏഴ് മണിയോടെയാണ് അരുമ മൃഗങ്ങളുമായി ചാർട്ടർ വിമാനം കൊച്ചിയിലെത്തുക. ഇന്ന് വൈകുന്നേരത്തോടെ വിമാനം കൊച്ചിയിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം യാത്ര തിങ്കളാഴ്‌ചത്തേക്ക് മാറ്റുകയായിരുന്നു.ടോഫി', 'കുക്കി' എന്നീ ഓമനപ്പേരുകളുള്ള ഈ രണ്ട് നായകളെയും അവയുടെ ഉടമസ്ഥയായ യുഎഇ പ്രവാസി രേഖ സുനിൽ കുമാറാണ് നാട്ടിലേക്ക് കൊണ്ടുവരുന്നത്. ഇതിൽ കുക്കി ഒരു ആൺ പൂഡിൽ (Male Poodle) ഇനത്തിൽ പെട്ടതും ടോഫി ഒരു ആൺ മിനിയേച്ചർ പൂഡിൽ (Male Miniature Poodle) ഇനത്തിൽ പെട്ടതുമാണ്.

സ്വന്തം കുടുംബാംഗങ്ങളെപ്പോലെ സ്നേഹിക്കുന്ന വളർത്ത് മൃഗങ്ങളെ യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ സുരക്ഷിതമായി നാട്ടിലേക്ക് എത്തിക്കുക എന്നത് മൃഗസ്നേഹികളുടെ ആഗ്രഹമാണ്. ഈ ആഗ്രഹമാണ് രേഖ സുനിൽ കുമാർ ഒരു പ്രത്യേക ചാർട്ടർ ഫ്ലൈറ്റിലൂടെ യാഥാർഥ്യമാക്കാനൊരുങ്ങുന്നത്.അനിമൽ ക്വാറൻ്റൈൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസസിൻ്റെയും (AQCS) മറ്റ് സർക്കാർ റെഗുലേറ്ററി അതോറിറ്റികളുടെയും കർശനമായ മാർഗ നിർദേശങ്ങൾ പൂർണമായും പാലിച്ച് കൊണ്ടാണ് സിയാൽ ഇതിനുള്ള സൗകര്യം ഒരുക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നും മൃഗങ്ങളെ ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോൾ കൃത്യമായ വാക്‌സിനേഷൻ, ആരോഗ്യ സർട്ടിഫിക്കറ്റുകൾ, മറ്റ് യാത്രാരേഖകൾ എന്നിവയെല്ലാം പരിശോധിക്കേണ്ടതുണ്ട്.സിയാലിലെ ഇൻ്റർനാഷണൽ ടെർമിനലിൽ ഇതിനായി വിപുലമായ സജ്ജീകരണങ്ങൾ നേരത്തെ തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. മൃഗങ്ങൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത രീതിയിൽ വളരെ സുരക്ഷിതമായാണ് വിമാനത്താവള അധികൃതർ ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്നും തങ്ങളുടെ പ്രിയപ്പെട്ട വളർത്ത് മൃഗങ്ങളുമായി നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ എണ്ണം അടുത്തിടെയായി വർധിച്ചുവരികയാണ്.

photo: Representative image