നാളെ അസം, കേരളം, പുതുച്ചേരി പോളിങ് ബൂത്തുകളിലേക്ക്

നാളെ അസം, കേരളം, പുതുച്ചേരി പോളിങ് ബൂത്തുകളിലേക്ക്

ന്യുഡൽഹി : നാളെ  അസം, കേരളം, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും  പോളിങ് ബൂത്തിലേക്ക്. വലിയ പോരാട്ടമാണ് സംസ്ഥാനങ്ങളിൽ നടക്കുന്നത്. അധികാരത്തിനായും രാഷ്‌ട്രീയ വളർച്ചയ്‌ക്കായും സർവ ശക്തിയും ഉപയോഗിച്ചുള്ള മത്സരമാണ് ഇക്കുറി. 2026ൽ അഞ്ച് സംസ്ഥാനങ്ങളിലാണ്  നിർണായകമായ തെരഞ്ഞെടുപ്പ് നടക്കാൻപോകുന്നത് .

സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പ്രക്രിയ സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമാണെന്ന് ഉറപ്പ് വരുത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പോളിങ് ബൂത്തുകളിൽ ഒരുക്കിയിരിക്കുന്നത്. പോളിങ് ഉദ്യോഗസ്ഥർ, പൊലീസ് എന്നിവരുടെ വിന്യാസത്തിലൂടെയും കർശനമായ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.അതേസമയം കർണാടക, നാഗാലാൻഡ്, ത്രിപുര എന്നിവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. ശക്തമായ മത്സരങ്ങൾക്കാണ് ഇവിടെയും സാക്ഷ്യം വഹിക്കാൻ പോകുന്നത്. അതേസമയം കോടതി ഉത്തരവിനെത്തുടർന്ന് ഗോവയിൽ നടക്കാനിരുന്ന ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി.

അസം നിയമസഭാ തെരഞ്ഞെടുപ്പ്

126 മണ്ഡലങ്ങളുള്ള അസമിൽ നാളെ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും. തുടർച്ചയായി മൂന്നാം തവണയും ഭരണത്തിലെത്താൻ ശ്രമിക്കുന്ന എൻഡിഎയും, 2016 ൽ ഭരണം നഷ്‌ടപ്പെട്ടതിനെത്തുടർന്ന് ഇക്കുറി ഭരണത്തിൽ കയറാൻ ലക്ഷ്യമിടുന്ന കോൺഗ്രസും തമ്മിലാണ് മത്സരം മുറുകുന്നത്.ആകെ 722 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ്, എഐയുഡിഎഫ് മേധാവി ബഹ്‌റുദ്ദീൻ അജ്‌മൽ, റൈജോർദൾ നേതാവ് അഖിൽ ഗൊഗോയ് എന്നിവരാണ് പ്രധാന നേതാക്കൾ. 31,490 പോളിങ് ബൂത്തുകളിലായി ഏകദേശം 2.5 കോടി വോട്ടർമാരാണ് നാളെ ജനവിധി തേടുന്നത്.എല്ലാ പോളിങ് ബൂത്തുകളിലും വെബ്‌കാസ്‌റ്റിങ് ഉൾപ്പെടെ സമാധാന പരമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ കേന്ദ്രത്തിൽ നിന്നുള്ള സുരക്ഷാ സേനയേയും വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിപുലമായ ക്രമീകരണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കിയിരിക്കുന്നത്.

പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ്

30 നിയമസഭാ മണ്ഡലങ്ങളുള്ള കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും വാശിയേറിയ പോരാട്ടമാണ് കാണാൻ കഴിയുന്നത്. നാളെയാണ് പുതുച്ചേരിയിലും കാത്തിരുന്ന ദിനം. പുതിച്ചേരിയിലെ മുഖ്യമന്ത്രി എൻ രംഗസാമി ഉൾപ്പെടെ ആകെ 294 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.നിലവിലെ ഭരണകക്ഷിയായ എൻഡിഎയുടെ ഘടകക്ഷിയായ ഓൾ ഇന്ത്യ എൻ ആർ കോൺഗ്രസ്, ഈ തെരഞ്ഞെടുപ്പിലൂടെ ഡിഎംകെ സഖ്യത്തെയാണ് നേരിടുന്നത്. ഏകദേശം 9.5 ലക്ഷം വോട്ടർമാരാണ് നാളെ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത്. പോളിങ് ബൂത്തുകളിൽ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷണ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ആയിരത്തിലധികം പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.അതേസമയം 140 നിയമസഭാ മണ്ഡലങ്ങളുള്ള കേരളത്തിൽ നാളെ ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. രണ്ട് കോടിയോളം ജനങ്ങളാണ് സമ്മതിദാനാവകാശം രേഖപ്പെടുത്താൻ പോകുന്നത്. ഇതിൽ നാലേകാൽ ലക്ഷത്തോളം കന്നിവോട്ടർമാരാണുള്ളത്. സുഗമമായ വോട്ടെടുപ്പിന് എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കിയിട്ടുണ്ട്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങ

കർണാടക, നാഗാലാൻഡ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വരും ദിവസങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുക. പ്രധാനമായും ബിജെപി, കോൺഗ്രസ് തമ്മിലാണ് മത്സരം നടക്കുക. നാഗാലാൻഡിലെ കൊറിഡാങ് സീറ്റിലേയ്‌ക്ക് ആറ് സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. അതേസമയം ത്രിപുരയിൽ ത്രികോണ മത്സരമാണ് നടക്കുന്നത്. ബിജെപി, കോൺഗ്രസ്, സിപിഐ (എം) സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് രംഗത്തുണ്ട്.

ഗോവ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി

നിമയസഭയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷംകൂടി അവശേഷിക്കുന്നതിനാൽ ഉപതെരഞ്ഞെടുപ്പ് അനാവശ്യമെന്ന് കാട്ടി ബോംബൈ ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കി.