സ്കൈ ഡൈനിംഗിൽ വിനോദ സഞ്ചാരികൾ കുടുങ്ങി

ഇടുക്കി: മൂന്നാറിനു സമീപം സ്കൈ ഡൈനിംഗിൽ വിനോദ സഞ്ചാരികൾ കുടുങ്ങി. ആനച്ചാലിലെ സ്വകാര്യ സ്കൈ ഡൈനിംഗിലാണ് രണ്ട് മണിക്കൂറോളമായി വിനോദ സഞ്ചാരികൾ കുടുങ്ങി കിടക്കുന്നത്.സ്കൈ ഡൈനിംഗ് ഉയർത്തിയിരിക്കുന്ന ക്രെയിനിന്‍റെ സാങ്കേതിക തകരാറാണ് ഇതിനു കാരണമെന്ന് അധികൃതർ പറയുന്നത്. ഇവരെ താഴെ ഇറക്കാനുള്ള നടപടികൾ തുടങ്ങി. വടം ഉപയോഗിച്ച് പുറത്തെത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്.അതേസമയം അടിമാലിയിൽ നിന്നും മൂന്നാറിൽ നിന്നും ഫയർഫോഴ്സ് സംഘം രക്ഷാദൗത്യത്തിനായി പുറപ്പെട്ടിട്ടുണ്ട്. സഞ്ചാരികളും ജീവനക്കാരുമുൾപ്പെടെ എട്ടുപേരാണ് സ്കൈ ഡൈനിംഗിലുള്ളതെന്നാണ് ഔദ്യോഗിക വിശദീകരണം.ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി അഡ്വൈഞ്ചർ ടൂറിസത്തിന്‍റെ ഭാഗമായി അടുത്തിടെ തുടങ്ങിയതാണ് ഇത്.120 അടി ഉയരത്തിലാണ് ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പദ്ധതി. അരമണിക്കൂറിലേറെ സമയമാണ് അവിടെ ചിലവിടുക.
ഒരേസമയം 15 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്. ആകാശക്കാഴ്ച ആസ്വദിക്കാനുള്ള സൗകര്യത്തോടെയാണ് പദ്ധതി. ഇത് ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതാണ് രീതി.