ട്രാൻസ്ജെൻഡർ ബില്‍ പാര്‍ലമെന്‍റ് പാസാക്കി; എതിർപ്പുമായി സുപ്രീം കോടതി ഉപദേശക സമിതി

ന്യൂഡൽഹി: ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സംരക്ഷണവും അവകാശങ്ങളും സംബന്ധിച്ച നിയമം ഭേദഗതി ചെയ്യുന്ന ബിൽ ബുധനാഴ്‌ച പാർലമെൻ്റ് പാസാക്കി. ലിംഗസ്വത്വം സ്വയം നിർണയിക്കാനുള്ള വ്യക്തികളുടെ അവകാശം നിഷേധിക്കുന്ന ബില്‍ കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ പാസാക്കിയിരുന്നു. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികൾ തള്ളിക്കളഞ്ഞതിന് ശേഷം ശബ്ദവോട്ടോടെയാണ് ബിൽ രാജ്യസഭയിൽ പാസാക്കിയത്. ബിൽ സെലക്‌ട് കമ്മിറ്റിക്ക് അയയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യവും സഭ അംഗീകരിച്ചില്ല.
ബിൽ സെലക്‌ട് കമ്മിറ്റിക്ക് അയയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യവും സഭ അംഗീകരിച്ചില്ല.ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ലിംഗ അസമത്വം അടിയന്തിരമായി തിരുത്തണമെന്നും ട്രാൻസ്ജെൻഡറുകളെ ക്രിമിനലുകളായി അവതരിപ്പിക്കുന്നത് അങ്ങേയറ്റം അപകടകരമായ അവസ്ഥയാണെന്നും ആം ആദ്‌മി പാർട്ടി എംപി സ്വാതി മാലിവാൾ പറഞ്ഞു.
ട്രാൻസ്‌ജെൻഡർ സമൂഹത്തിന് അപൂർവമായി മാത്രം ലഭിക്കുന്ന പിന്തുണയെ വരെ ഇത് ബാധിച്ചേക്കാം. കൂടാതെ അവരുടെ കുടുംബങ്ങളെയും ഡോക്‌ടർമാരെയും അക്രമികൾ ലക്ഷ്യം വയക്കുന്ന സ്ഥിതി വരെ ഉണ്ടായേക്കാമെന്നും അവർ ചൂണ്ടിക്കാട്ടി. സംരക്ഷണത്തിന് പകരം നമ്മൾ സൃഷ്‌ടിക്കുന്നത് ഭയമാണ്. കാലങ്ങളായി അരികുകളിലേക്ക് മാറ്റി നിർത്തപ്പെട്ടവരോടൊപ്പം നിൽക്കണം.ഈ ബിൽ സെലക്‌ട് കമ്മിറ്റിക്ക് അയയ്ക്കുകയും വലിയ കൂടിയാലോചനകൾ നടത്തുകയും വേണം. കാരണം അന്തസിനുള്ള അവകാശം വൈകുന്നത് അന്തസ് നിഷേധിക്കല്‍ തന്നെയാണെന്നും ആം ആദ്‌മി എംപി പറഞ്ഞു. ബില്ലിന്മേല്‍ നടന്ന ചർച്ചയില്‍ മറ്റ് പ്രതിപക്ഷ കക്ഷികളും ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശങ്ങളെ ഓർമിപ്പിക്കുന്ന നിലപാടുകൾ ഉയർത്തി.
പൊതുസമൂഹത്തില്‍ നിന്ന് അകറ്റി നിർത്തുന്ന ഇവർക്ക് തുല്യ അവകാശങ്ങൾ ലഭിക്കുന്നില്ലെന്ന് ജെഎംഎം എംപി മഹുവ മാജി ചൂണ്ടിക്കാട്ടി. അവർക്ക് ആവശ്യമായ അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ മറ്റാരെക്കാളും കഴിവുള്ളവരാണെന്നും ജെഎംഎമ്മിൻ്റെ എംപി പറഞ്ഞു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള ശ്രമമാണ് നിർദിഷ്‌ട ബില്ലെന്ന് സാമൂഹ്യനീതി-ശാക്തീകരണ മന്ത്രി വീരേന്ദ്ര കുമാർ ലോക്‌സഭയില്‍ നടന്ന ചർച്ചയില്‍ ഉയർന്ന ചോദ്യത്തിന് മറുപടി നൽകിക്കൊണ്ട് പറഞ്ഞു. ജൈവശാസ്ത്രപരമായ പ്രശ്‌നങ്ങൾ കാരണം വിവേചനം നേരിടുന്നവർക്ക് മാത്രം സംരക്ഷണം നൽകുകയാണ് ബിൽ ലക്ഷ്യമിടുന്നത്. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് നിയമപരമായ അംഗീകാരവും സംരക്ഷണവും തുടർന്നും ലഭിക്കുന്നുണ്ടെന്ന് പുതിയ ഭേദഗതി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ബില്ലിനെതിരെ സുപ്രീം കോടതി ഉപദേശക സമിതി രംഗത്തെത്തി. 2014-ലെ NALSA vs Union of India വിധിക്ക് വിരുദ്ധമായ ബില്‍ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് ആശാ മേനോൻ അധ്യക്ഷയായ സമിതി സാമൂഹിക നീതി മന്ത്രി വീരേന്ദ്ര കുമാറിന് കത്ത് നല്‍കി. ഈ ഭേദഗതികൾ ട്രാൻസ്ജെൻഡർ സമൂഹത്തെ മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്നും സമിതി ചൂണ്ടിക്കാട്ടി.