ദേവസ്വം ബോര്‍ഡിന് ഗുരുതര വീഴ്ച!: ഗോവര്‍ധൻ പ്രായശ്ചിത്തമായി സമര്‍പ്പിച്ച മാല കണക്കിൽപ്പെടുത്തിയില്ല:

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയായ ബെല്ലാരിയിലെ ഗോവര്‍ധൻനേരത്തെ ശബരിമലയിൽ സമര്‍പ്പിച്ച പത്ത് പവൻ മാല ദേവസ്വം ബോര്‍ഡ് കണക്കിൽ ഉൾപ്പെടുത്തിയില്ലാ എന്ന കണ്ടെത്തൽ .ശബരിമലയിലെ വേര്‍തിരിച്ച സ്വര്‍ണം കൈപ്പറ്റിയതിന്‍റെ 'പ്രായിശ്ചിത്തമായി' ഗോവര്‍ധൻ നൽകിയ പത്തു പവന്‍റെ മാലയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മഹസറിൽ രേഖപ്പെടുത്താതെ ശബരിമലയിൽ സൂക്ഷിച്ചത്. ഗുരുതര വീഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന്‍റെ ഭാഗത്തുനിന്നുണ്ടായത്. 2021ൽ ഉണ്ണികൃഷ്ണൻ പോറ്റിക്കാണ് ഗോവര്‍ധൻ മാല കൈമാറിയത്. തുടര്‍ന്ന് ഉണ്ണികൃഷ്ണൻ പോറ്റിയാണ് മാല മാളികപ്പുറത്ത് സമര്‍പ്പിച്ചത്.
എന്നാൽ, സമര്‍പ്പിച്ച മാല ബോര്‍ഡ് മഹസറിൽ രേഖപ്പെടുത്തിയില്ല. കണക്കിൽപ്പെടാതെ ശബരിമലയിൽ സൂക്ഷിക്കുകയായിരുന്നു. സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ക്കുശേഷമാണ് മാല മഹസറിൽ രേഖപ്പെടുത്തിയത്. ശബരിമലയിലെ വേര്‍തിരിച്ച സ്വര്‍ണം കൈപ്പറ്റിയത് മനോവിഷമം ഉണ്ടാക്കിയെന്നും പ്രായിശ്ചിത്തം ചെയ്തുവെന്നും അറസ്റ്റിലായ ഗോവര്‍ധൻ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നൽകിയ മാലയുമായി ബന്ധപ്പെട്ട വിവരങ്ങളാണിപ്പോള്‍ പുറത്തുവന്നത്.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് പല തവണയായി 1.5 കോടി രൂപ നൽകിയതായി ഗോവർധൻ മൊഴി നൽകിയിരുന്നു .ശബരിമലയിലെ സ്വർണം കിട്ടിയപ്പോൾ കുറ്റബോധം തോന്നിയെന്നും, അതിന് പ്രായശ്ചിത്തമായി 10 ലക്ഷം രൂപ അന്നദാനത്തിന് നൽകിയതായും ഗോവർധൻ കഴിഞ്ഞ ദിവസം അന്യേഷണ ഉദ്യോഗസ്ഥരോട് പറഞിരുന്നു.