ശബരിമല യുവതീ പ്രവേശനo: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ

ശബരിമല യുവതീ പ്രവേശനo: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽ​ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ വാദങ്ങൾ സമർപ്പിക്കും. യുവതീ പ്രവേശനത്തെ എതിർത്തുകൊണ്ടുള്ള നിലപാടാണ് ബോർഡ് കോടതിയിൽ സമർപ്പിക്കുന്നത്. നേരത്തെ ബോർഡ് അടക്കമുള്ള കക്ഷികളുടെ ആവശ്യപ്രകാരമാണ് വാദങ്ങൾ സമർപ്പിക്കാനുള്ള തീയതി കോടതി ഇന്ന് വരെ നീട്ടിയത്.

2019 ലെ ദേവസ്വം ബോർഡിന്‍റെ നിലപാട് തിരുത്തിയാണ് വാ​ദങ്ങൾ സമർപ്പിക്കുക. ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്ന് ദേവസ്വം ബോർഡിന്‍റെ പുതിയ നിലപാട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളെ ഒപ്പം നിർത്താൻ സർക്കാർ നിർദ്ദേശപ്രകാരമാണ് ബോർഡിന്റെ മലക്കം മറിച്ചിൽ.

2018 സെപ്തംബർ എട്ടിനാണ് യുവതീപ്രവേശനം അനുവദിച്ചുളള സുപ്രീംകോടതി വിധി. പുനഃപരിശോധന ഹർജികൾ വന്നപ്പോൾ ബോർഡിനായി ഹാജരായ അഭിഭാഷകൻ രാകേഷ് ദ്വിവേദി വിധിയെ അനുകൂലിച്ചിരുന്നു. നവോത്ഥാന സമിതിയും വനിതാമതിലുമായി യുവതീപ്രവേശനത്തിനൊപ്പം നിന്ന സംസ്ഥാന സർക്കാർ നിലപാട് തന്നെയായിരുന്നു ബോർഡിനും. ആ തീരുമാനമാണ് ഇപ്പോൾ മാറിയത്. നിയമസഭാ തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ തിരിച്ചടി ഒഴിവാക്കാനും സമുദായ സംഘടനകളെ ഒപ്പം നിർത്താനുമുള്ള സർക്കാർ നീക്കമാണ് ബോർഡ് തീരുമാനത്തിന് പിന്നിൽ.

യുവതീപ്രവേശന വിലക്ക് തുടരണമെന്നാണ് ദേവപ്രശ്‌നത്തില്‍ വ്യക്തമായതെന്ന് തന്ത്രി

ശബരിമലയിലെ യുവതീപ്രവേശന വിലക്ക് തുടരണമെന്നാണ് ദേവപ്രശ്‌നത്തില്‍ വ്യക്തമായതെന്ന് തന്ത്രി. ദൈവിക ശക്തിയില്‍ നിന്നുള്ള ആധികാരിക നിര്‍ദേശമായി കണ്ട് ഇത് അംഗീകരിക്കണമെന്നും സുപ്രീംകോടതിയില്‍ എഴുതി നല്‍കിയ വാദത്തില്‍ തന്ത്രി കണ്ഠരര് രാജീവര് പറയുന്നു.ശബരിമല യുവതീപ്രവേശന വിഷയം പരിഗണിക്കുന്ന ഒന്‍പതംഗ ബെഞ്ച് മുന്‍പാകെയാണ് തന്ത്രി തന്റെ വാദം എഴുതി നല്‍കിയത്. ശബരിമലയുമായി ബന്ധപ്പെട്ട ആചാരപരമായ കാര്യങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കേണ്ടത് തന്ത്രിയാണ്. ചില കാര്യങ്ങളില്‍ തന്ത്രിക്കും തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിയില്ല. അങ്ങനെ വരുമ്പോഴാണ് ദേവപ്രശ്‌നം നടത്തുന്നത്. ശബരിമലയിലെ യുവതീപ്രവേശന വിലക്ക് തുടരണമെന്നാണ് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞത്. ദേവപ്രശ്‌നത്തില്‍ തെളിഞ്ഞത് ദൈവികമായ നിര്‍ദേശമായി കണക്കാക്കി നടപ്പിലാക്കണമെന്നും തന്ത്രി ആവശ്യപ്പെട്ടു.ഇതിന് പുറമേ കേരളത്തിലെ പൊതുസമൂഹവും യുവതീപ്രവേശന വിലക്ക് അംഗീകരിച്ചിട്ടുണ്ടെന്നും തന്ത്രി ചൂണ്ടിക്കാണിക്കുന്നു. ഈ നിയന്ത്രണം കേരളത്തിലെ ഭക്തരായ സ്ത്രീസമൂഹവും പൂര്‍ണ മനസോടുകൂടി അംഗീകരിച്ചിട്ടുണ്ട്. യുവതീപ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധി പുനഃപരിശോധിക്കണമെന്നും തന്ത്രി ആവശ്യപ്പെട്ടു.