കുഴൽപ്പണവുമായി സ്വകാര്യ ബസിൽ യാത്ര; പിടികൂടിയ എക്സൈസിന് ഓഫർ പത്തുലക്ഷം വരെ

കുഴൽപ്പണവുമായി സ്വകാര്യ ബസിൽ യാത്ര; പിടികൂടിയ എക്സൈസിന് ഓഫർ പത്തുലക്ഷം വരെ

കാസർകോട്: എക്സൈസിനെ കബളിപ്പിക്കാൻ യാത്രക്കാർ കുറഞ്ഞ സ്വകാര്യ ബസിൽ യാത്ര. ഒടുവിൽ പിടികൂടിയപ്പോൾ ഉദ്യോഗസ്ഥർക്ക് ലഭിച്ച ഓഫർ 50,000 മുതൽ 10 ലക്ഷം രൂപ വരെ. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായുള്ള വാഹന പരിശോധനയിലാണ് മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വച്ച് തലപ്പാടിയിൽ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ നിന്നും രേഖകളിലാതെ കടത്തുകയായിരുന്ന 67,50000 രൂപ കുഴൽ പണം പിടികൂടിയത്.കണ്ണൂർ തളിപ്പറമ്പിലെ തോട്ടത്തിന്റവിടെ സമീ (41) റിൽ നിന്നാണ് പണം പിടികൂടിയത്. മംഗളൂരിൽ നിന്നും എത്തിയ സമീർ തലപ്പാടിയിൽ ഇറങ്ങി. അതിനുശേഷം തലപ്പാടിയിൽ നിന്നും ആകെ 5 യാത്രക്കാർ മാത്രമുള്ള കുമ്പളയിലേക്കുള്ള സ്വകാര്യ ബസിൽ കയറി. സാധാരണ കർണാടക ബസ് കൂടുതലായി പരിശോധിക്കുന്ന എക്സൈസിനെ കബളിപ്പിക്കാൻ ആയിരുന്നു ഇത്.

എന്നാൽ സ്വകാര്യ ബസിലും കയറി എക്‌സൈസ് പരിശോധന തുടങ്ങി. ഇതിനിടയിലാണ് സമീറിൻ്റെ ബാഗും പരിശോധന നടത്തിയത്. തുണിയിൽ പൊതിഞ്ഞ നിലയിൽ ആയിരുന്നു നോട്ട് കെട്ടുകൾ ഉണ്ടായിരുന്നത്. ബസിൽ വെച്ച് തന്നെ സമീർ എക്സൈസ് ഉദ്യോഗസ്ഥർക്ക് 50,000 രൂപ ഓഫർ നൽകി. ബസ് ഇറങ്ങിയപ്പോൾ ഇയാളെ ചോദ്യം ചെയ്‌തപ്പോൾ അത് ഒരു ലക്ഷമായി.അറസ്റ്റ് ഇൻ്റിമേഷൻ ചെയ്യുന്നതിന് ഇയാളെ ബന്ധുവിനെ വിളിച്ചപ്പോൾ തിരിച്ചു മറ്റൊരു നമ്പറിൽ നിന്നും 10 ലക്ഷം ഓഫർ എത്തി. പ്രതിയെ എക്സൈസ് മഞ്ചേശ്വരം പൊലീസിന് കൈമാറി. സമീർ സ്ഥിരം കാരിയർ ആണെന്ന് സംശയിക്കുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു . ഇയാളുടെ കയ്യിൽ നിന്നും പണം വിതരണം ചെയ്യേണ്ട ചില ലിസ്റ്റുകൾ കണ്ടെത്തിയിട്ടുണ്ട്. പണം കൊടുത്തയച്ചയാളെ കുറിച്ചുള്ള വിവരങ്ങളും എക്സൈസ് ശേഖരിച്ചിട്ടുണ്ട്. എക്സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ കെ കെ ഷിജിൽ കുമാർ എക്സൈസ് ഇൻസ്പെക്ടർ സന്തോഷ്‌ കുമാർ സി, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ജനാർദ്ദനൻ കെ എ പ്രിവെൻ്റീവ് ഓഫിസർ (ഗ്രേഡ്) നൗഷാദ് കെ സിവില്‍ എക്‌സൈസ് ഓഫിസർമാരായ പ്രശാന്ത് കുമാർ എന്നിവര്‍ കുഴൽ പണ വേട്ടയിൽ ഉണ്ടായിരുന്നു.