"ആദിവാസി സംഘടനകൾ യുഡിഎഫിനെ പിന്തുണക്കും": എം ഗീതാനന്ദൻ

"ആദിവാസി സംഘടനകൾ യുഡിഎഫിനെ പിന്തുണക്കും": എം ഗീതാനന്ദൻ

കോട്ടയം: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ആദിവാസി സംഘടനകൾ യുഡിഎഫിനെ പിന്തുണക്കും. ദലിത്-ആദിവാസി സംഘടനകളുടെ സംയുക്ത വേദിയായ അംബേദ്ക്കറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് (ADF) വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാന തലത്തിൽ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് ജനറൽ കൺവീനർ എം ഗീതാനന്ദൻ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്‌സി/ എസ്‌ടി വിഭാഗങ്ങൾക്കുള്ള ബജറ്റ് വിഹിതം പിണറായി സർക്കാർ അട്ടിമറിച്ചു എന്നതാണ് ഇക്കാലയളവിൽ നടന്ന ഏറ്റവും വലിയ ദ്രോഹ നടപടി. കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ 7411 കോടി രൂപ ബജറ്റ് വിഹിതം വക മാറ്റുകയോ, നഷ്‌ടപ്പെടുത്തുകയോ ചെയ്‌തു. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ വിദ്യാഭ്യാസത്തിന് വകയിരുത്തുന്ന തുകയുടെ 50% മാത്രമേ ചെലവഴിക്കുന്നുള്ളൂവെന്ന് എം ഗീതാനന്ദൻ പറഞ്ഞു.

വകയിരുത്തുന്ന തുക സമയത്തിന് നൽകാതെ മൂന്നുവർഷത്തിനുള്ളിൽ ഇ-ഗ്രാൻഡ് സംവിധാനം അട്ടിമറിച്ചു. സമയത്ത് വിദ്യാഭ്യാസ ആനുകൂല്യം കൊടുക്കാത്തതിനാൽ 150-ഓളം വിദ്യാർഥികൾ ഉന്നത പഠനം ഉപേക്ഷിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തുച്ഛമായ ഹോസ്‌റ്റൽ അലവൻസുകൾ (1500,3000എന്നീ നിരക്കുകൾ) കൃത്യസമയത്ത് നൽകാത്തതിനാലാണ് പഠനം ഉപേക്ഷിച്ചവരുമുണ്ട്. പരിമിതമായ ഈ തുക 10 വർഷമായിട്ടും വർധിപ്പിച്ചില്ല. ലൈഫ് ഭവന പദ്ധതി ഫണ്ട് ഇതര വിഭാഗങ്ങൾക്കായി ഉപയോഗിക്കുന്നു.

ഇ-ഗ്രാൻ്റ് കുടിശിക കൊടുത്ത് തീർന്നതായി മന്ത്രി ഒആർ കേളു നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് എം ഗീതാനന്ദൻ ആരോപിച്ചു. രണ്ട് ലക്ഷം കോടിയിലേറെയായി വളർന്ന കേരള ബജറ്റിൻ്റെ മൃഗീയ ഭൂരിപക്ഷവും പദ്ധതി ഇതര മേഖലയിൽ -നോൺ പ്ലാൻ (എയ്ഡഡ് മേഖല ഉൾപ്പെടെ) ശമ്പളം, പെൻഷൻ,വൻകിട നിർമാണ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നുവെന്ന് എം ഗീതാനന്ദൻ വ്യക്തമാക്കി. ഒമ്പത് വർഷത്തിനുള്ളിൽ ആദിവാസി വനാവകാശ നിയമത്തിൻ്റെ സുപ്രധാനമായ മേഖലയായ സാമൂഹിക വനാവകാശം നടപ്പാക്കിയില്ല. ഭൂരഹിതർക്ക് നൽകാൻ കേന്ദ്രസർക്കാർ നൽകിയ ഭൂമിയും വിതരണം ചെയ്‌തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എക്കണോമിക്കലി വീക്കര്‍ സെക്ഷനും സവർണ സംവരണവും നടപ്പാക്കുക മാത്രമല്ല പിൻവാതിൽ നിയമനം വഴിയും ദുർബല വിഭാഗങ്ങളുടെ അവസരങ്ങൾ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ ഭൂപരിഷ്‌കരണം നിയമം അട്ടിമറിച്ച്, വ്യാജ രേഖകളിലൂടെ ഭൂമി കൈവശംവച്ച് വരുന്ന വൻകിടക്കാരെ സഹായിക്കുകയും അട്ടപ്പാടി ഭൂമാഫിയകളുടെ നിയന്ത്രണത്തിൽ ആക്കി മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കണ്ണൂർ ജില്ലയിലെ ആറളം ഫാം ഭൂമി കുംഭകോണ മേഖലയാക്കി മാറ്റി.

ഈ സാഹചര്യത്തിലാണ് എൽഡിഎഫിൻ്റെ മൂന്നാം ഭരണം സമൂഹത്തിന് വിപത്താണെന്ന് ദലിത് ആദിവാസി സംഘടനകൾ കരുതുന്നതെന്ന് ഗീതാനന്ദൻ പറഞ്ഞു.