ബംഗാളില്‍ പുതിയ ബാബറി മസ്‌ജിദിന് തറക്കല്ലിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ

ബംഗാളില്‍ പുതിയ ബാബറി മസ്‌ജിദിന് തറക്കല്ലിട്ട്  തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ

കൊൽക്കത്ത: കര്‍സേവകര്‍ ബാബറി മസ്‌ജിദ് തകർത്ത വാർഷിക ദിനത്തില്‍ അതേ മാതൃകയിലുള്ള പള്ളിയുടെ തറക്കല്ലിടൽ ചടങ്ങ് നടത്തി പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ. പൊലീസിൻ്റെയും സുരക്ഷാ സേനയുടെയും അതീവ സുരക്ഷയിലായിരുന്നു തറക്കല്ലിടൽ ചടങ്ങ്. പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത ടിഎംസി എംഎൽഎ ഹുമയൂൺ കബീറിൻ്റെ നേതൃത്വത്തിലായിരുന്നു മുർഷിദാബാദിൽ ചടങ്ങുകള്‍ നടന്നത്.ബാബറി മസ്‌ജിദ് മാതൃകയിൽ തന്നെ തറക്കല്ലിടൽ ചടങ്ങ് നടത്തുമെന്നും ഒരു ശക്തിക്കും അത് തകർക്കാൻ കഴിയില്ലെന്നും പ്രഖ്യാപിച്ചായിരുന്നു ടിഎംസി എംഎൽഎ ഹുമയൂൺ കബീറിൻ്റെ പ്രസംഗം. "ബെൽദംഗയിൽ ഞാൻ പള്ളിക്ക് തറക്കല്ലിടും. ഒരു ശക്തിക്കും അത് തടയാൻ കഴിയില്ല. പള്ളിയിലേക്കെത്തുന്ന എല്ലാ സമുദായങ്ങളിലെയും ആളുകൾക്ക് ആശുപത്രി, സ്‌കൂള്‍, ഗസ്റ്റ് ഹൗസ് എന്നിങ്ങനെ എല്ലാ സൗകര്യവുമൊരുക്കും" - ഹുമയൂൺ കബീർ മാധ്യമങ്ങളോട് വ്യക്തമാക്കി.പള്ളിയുടെ തറക്കല്ലിടൽ ചടങ്ങിൽ രാവിലെ മുതൽ വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. നേരത്തെ പള്ളിയുടെ തറക്കല്ലിടൽ ചടങ്ങുകള്‍ നിർത്തിവയ്‌ക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നില്ല. ക്രമസമാധാനത്തിൻ്റെ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നാണ് കോടതി ഉത്തരവിട്ടിരുന്നത്. ഇതിന് പിന്നാലെയാണ് ടിഎംസി എംഎല്‍എ ചടങ്ങുമായി മുന്നോട്ട് പോയത്. റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (RAF), ജില്ലാ പൊലീസ്, കേന്ദ്ര സേന എന്നിവരുടെ വമ്പിച്ച സുരക്ഷയിലാണ് ചടങ്ങുകള്‍ നടന്നത്.

അതേസമയം, ചടങ്ങുകള്‍ക്ക് തൊട്ട് മുൻപ് പരിപാടി തടസപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന ഹുമയൂൺ കബീറിൻ്റെ വെളിപ്പെടുത്തലിൽ സുരക്ഷ കർശനമാക്കിയിരുന്നു. "അക്രമത്തിന് പ്രേരിപ്പിച്ചുകൊണ്ട് പരിപാടി തടസപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നുണ്ട്. ദക്ഷിണ ബംഗാൾ ജില്ലകളിലുടനീളമുള്ള ലക്ഷക്കണക്കിന് ആളുകൾ അത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തും. ഇത് സമാധാനപരമായ ഒരു ചടങ്ങായിരിക്കും. ഭരണഘടന പ്രകാരം ഒരു ആരാധനാലയം നിര്‍മിക്കാൻ ഞങ്ങൾക്ക് എല്ലാ അവകാശവുമുണ്ട്" - എംഎൽഎ പറഞ്ഞു.

കൂടാതെ പരിപാടി ആരംഭിക്കുന്നതിന് മുമ്പ് വേദിയിലെത്തിയ ഹുമയൂൺ ന്യൂനപക്ഷ വോട്ടർമാർ ഒരുമിച്ച് പോരാടണമെന്നും ആഹ്വാനം ചെയ്‌തിരുന്നു. "ബംഗാളിൽ രണ്ട് കോടി 82 ലക്ഷത്തി 533 മുസ്‌ലീം വോട്ടർമാരുണ്ട്. 90 സീറ്റുകളിൽ ന്യൂനപക്ഷ വോട്ടുകൾ നിർണായക പങ്ക് വഹിക്കുന്നു. എല്ലാ സീറ്റിലും നമ്മുടെ ന്യൂനപക്ഷ പ്രതിനിധികളെ വിജയിപ്പിക്കണം. സംസ്ഥാനത്തെ ന്യൂനപക്ഷ വോട്ടർമാർ ഒരുമിച്ച് പോരാടണം" - ഹുമയൂൺ കബീർ പ്രഖ്യാപിച്ചു.

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ ശിലാസ്ഥാപനത്തിനായി ഭക്തർ ഇഷ്‌ടികകൾ കൊണ്ടുവന്നതുപോലെയാണ് പള്ളിയിലേക്ക് വിശ്വാസികള്‍ ഇഷ്‌ടികകളുമായി എത്തിയത്. എംഎൽഎയുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടച്ചിട്ട മുറിയിലെ കൂടിക്കാഴ്‌ച നടത്തിയതിന് ശേഷമാണ് കേന്ദ്ര സേനയെ വിന്യസിച്ചത്. 250 ബിഎഎഫ്, 100 കോൺസ്റ്റബിൾമാർ കൂടാതെ അധികമായി പൊലീസ് സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥരും സുരക്ഷയ്‌ക്കായി അണിനിരന്നു. രാവിലെയോടെയാണ് തറക്കല്ലിടൽ ചടങ്ങ് നടന്നത്. ഉത്തർപ്രദേശിലെ അയോധ്യയിൽ സ്ഥിതി ചെയ്‌തിരുന്ന ബാബരി മസ്‌ജിദ് 1992 ഡിസംബർ 6-നാണ് കര്‍സേവകരുടെ നേതൃത്വത്തില്‍ തകര്‍ത്തത്. ഇന്ത്യയുടെ ചരിത്രത്തില്‍ മതേതരത്വത്തിന് ആഴത്തിലേറ്റ മുറിവായിരുന്നു ഇത്.