2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് പുറത്താക്കും
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭരണം തകർന്നുവെന്നും 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്നും അമിത് ഷാ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബംഗാളിൽ എത്തിയതായിരുന്നു അമിത് ഷാ.
"ബംഗാളിലെ ഭരണം പൂർണമായും തകർന്നു. 2026 എന്ന വർഷം തൃണമൂൽ കോൺഗ്രസ് സർക്കാരിനോട് വിട പറയേണ്ട വർഷമാണ്", അമിത് ഷാ പറഞ്ഞു. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 50 ശതമാനത്തിലധികം വോട്ടുകൾ നേടുമെന്നും അമിത് ഷാ പറഞ്ഞു. ബിഹാറിന് ശേഷം അടുത്തത് ബംഗാൾ ആയിരിക്കും. നേതൃത്വം ഏറ്റെടുക്കാനും സംസ്ഥാനത്തെ ജനങ്ങൾക്ക് നല്ല ഭരണം നൽകാനും ബിജെപി തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു.നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാൻ വേണ്ടിയാണ് മമത ബാനർജിയും അവരുടെ സർക്കാരും ദേശീയ ഗാനമായ വന്ദേമാതരം എതിർക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വന്ദേമാതരത്തെ എതിർക്കുന്നതിലൂടെ മമത ബാനർജി ബംഗാളിൻ്റെ പൈതൃകത്തിനും രാജ്യത്തിൻ്റെ സംസ്‌കാരത്തിനും സ്വത്വത്തിനും എതിരായി പ്രവർത്തിക്കുകയാണ്. ബംഗാളിൻ്റെ സ്വത്വത്തോടുള്ള ഈ എതിർപ്പ് ബംഗാളിലെ ജനങ്ങൾ സഹിക്കുമോ അതോ അംഗീകരിക്കുമോ അമിത് ഷാ ചോദിച്ചു.അതേസമയം കൊൽക്കത്തയിലെ വെയർഹൗസ് തീപിടുത്തം തൃണമൂൽ കോൺഗ്രസ് സർക്കാരിൻ്റെ അഴിമതിയുടെ ഫലമാണെന്ന് അമിത് ഷാ പറഞ്ഞു. ദുരന്തം ഒരു അപകടമല്ല മറിച്ച് ഭരണപരമായ പരാജയങ്ങളുടെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.ഇന്നലെ രാത്രിയാണ് അമിത് ഷാ പശ്ചിമ ബംഗാളിൽ എത്തിയത്. വിമാനത്താവളത്തിൽ നിന്ന് നേരിട്ട് ന്യൂട്ടൗണിലെ ഹോട്ടലിലേക്കായിരുന്നു അദ്ദേഹം പോയത്. ബംഗാളിലെ നിലവിലെ രാഷ്‌ട്രീയ സാഹചര്യവും പ്രചാരണ വേളയിൽ ബിജെപി അഭിസംബോധന ചെയ്യേണ്ട വിഷയങ്ങളെ കുറിച്ചും ബിജെപി കോർ കമ്മിറ്റി അംഗങ്ങളുമായി അമിത് ഷാ ചർച്ച ചെയ്‌തായി ബിജെപി നേതാവ് പറഞ്ഞു.
ഒരു മണിക്കൂറോളം നീണ്ടുനിന്ന യോഗത്തിൽ മുതിർന്ന നേതാക്കളായ ഭൂപേന്ദർ യാദവ്, സുനിൽ ബൻസാൽ, ബിപ്ലബ് ദേവ്, സമിക് ഭട്ടാചാര്യ, സുകാന്ത മജുംദാർ, സുവേന്ദു അധികാരി തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് ബംഗാളിൽ പാർട്ടിയെ ശക്തിപ്പെടുത്താനാണ് അമിത് ഷാ എത്തിയിരിക്കുന്നത്.നോർത്ത് 24 പർഗാനാസിലെ ബാരക്‌പൂർ, ബൊൻഗാവ്, ബസിർഹട്ട്, ബരാസത്ത്, എന്നിവിടങ്ങളിൽ നടക്കുന്ന യോഗങ്ങളിൽ പങ്കെടുക്കും. ശേഷം അദ്ദേഹം ദില്ലിയിൽ പങ്കെടുക്കും.