ഭക്തരുടെ മുകളിലേക്ക് ട്രക്ക് മറിഞ്ഞു; രണ്ട് പേര്‍ മരിച്ചു, പത്ത് പേര്‍ക്ക് പരിക്ക്

ജയ്‌പൂര്‍: അമിത വേഗത്തില്‍ വന്ന ട്രക്ക് നിയന്ത്രണം വിട്ട് ഭക്തര്‍ക്കിടയിലേക്ക് മറിഞ്ഞ് അപകടം. രണ്ട് പേർ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ലഖേരി, എംബിഎസ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.രാജസ്ഥാനിലെ ബുണ്ടിയിലെ ലഖേരി സബ്‌ഡിവിഷനു കീഴിലുള്ള ലഖേരി-പപ്പാഡി മേൽപ്പാലത്തില്‍ വച്ചാണ് അപകടം. ചൗത്ത് കാ ബർവാര മാതാ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന ഭക്തരാണ് അപകടത്തിൽപ്പെട്ടത്.മഹാവീർ, ഗിരിരാജ്, ഗോധ്രാജ്, സവാര, ലാനി, ദേവ്‌ലാൽ, രാംകിഷൻ, മഹാവീർ, ജോധ്രാഗ്, രാജാറാം എന്നിവർക്കാണ് പരിക്കേറ്റതെന്ന് ഡിഎസ്‌പി നരേന്ദ്ര നാഗർ പറഞ്ഞു. കോട്ടയിൽ നിന്ന് വരികയായിരുന്ന പഞ്ഞി നിറച്ച ട്രക്കാണ് മറിഞ്ഞതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അമിത വേഗതയില്‍ വന്ന ട്രക്ക് മേൽപ്പാലത്തിന് സമീപം എത്തിയപ്പോൾ റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം നഷ്‌ടപ്പെട്ട് മറിയുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.റോഡിലുണ്ടായിരുന്ന നിരവധി ഭക്തർ ട്രക്കിന് അടിയിലായി കുടുങ്ങിപ്പോയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന ആളുകൾ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാല്‍ ട്രക്കിൻ്റെ ഭാരം കാരണം ഭക്തരെ പുറത്തെടുക്കാൻ കഴിഞ്ഞില്ലെന്നും സംഭവസ്ഥത്ത് ഉണ്ടായിരുന്നവര്‍ പറഞ്ഞു.വിവരം ലഭിച്ചതിനെ തുടര്‍ന്ന് ദായ് ഖേദ, ലഖേരി പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ക്രെയിൻ ഉപയോഗിച്ച് ട്രക്ക് ഉയർത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ലഖേരി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയിലെ എംബിഎസ് ആശുപത്രിയിലേക്ക് മാറ്റി.
പ്രതിഷേധം.. ട്രക്കിന് തീയിട്ട് നാട്ടുകാര്‍
റോഡിലെ കുഴിയില്‍ വീണ് ട്രക്ക് മറിഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍. സംഭവസ്ഥലത്തുണ്ടായിരുന്ന രോഷാകുലരായ ഗ്രാമവാസികൾ ട്രക്കിന് തീയിട്ടു. ആളുകൾ മുദ്രാവാക്യം വിളിക്കുകയും മെഗാ ഹൈവേയുടെ പണി നടത്തിയ സ്വകാര്യ കമ്പനിക്കെതിരെ പ്രതിഷേധിക്കുകയും ചെയ്‌തു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണച്ചു.മെഗാ ഹൈവേയുടെ അറ്റകുറ്റപ്പണികൾ കമ്പനിക്കാണ് ഉത്തരവാദിത്തമെന്നും ഗ്രാമവാസികൾ ആരോപിച്ചു. റോഡിൻ്റെ മോശം അവസ്ഥയാണ് അപകടത്തിൻ്റെ പ്രധാന കാരണമെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു. ഉദ്യോഗസ്ഥരുടെ അശ്രദ്ധ കാരണം അപകടങ്ങള്‍ പതിവായെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. റോഡിലെ കുഴികൾ പ്രധാന പ്രശ്‌നമാണെന്നും അധികാരികള്‍ നടപടി സ്വീകരിച്ചില്ലെന്നും നാട്ടുകാര്‍ വ്യക്തമാക്കി. ലഖേരി പൊലീസ് സ്റ്റേഷൻ ഇൻചാർജ് സുഭാഷ് ശർമ്മയും ഡായ് പൊലീസ് സ്റ്റേഷൻ ഇൻചാർജ് ധാരാ സിംഗും സ്ഥിതി നിയന്ത്രണ വിധേയമാക്കി.