ആര്‍ത്തവ ആരോഗ്യം സ്‌ത്രീയുടെ മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധി : പ്രശംസിച്ച്‌ 'പാഡ് മാൻ'

ആര്‍ത്തവ ആരോഗ്യം സ്‌ത്രീയുടെ മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധി : പ്രശംസിച്ച്‌ 'പാഡ് മാൻ'

കോയമ്പത്തൂർ: ആര്‍ത്തവ ആരോഗ്യം സ്‌ത്രീയുടെ മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് ഇന്ത്യയുടെ 'പാഡ് മാൻ'. അക്ഷയ് കുമാർ അഭിനയിച്ച 'പാഡ്മാൻ' എന്ന ചിത്രത്തിന് പ്രചോദനമായ സാമൂഹിക പ്രവർത്തകനാണ്  അരുണാചലം മുരുഗാനന്ദം.90കളിൽ താൻ കണ്ട സ്വപ്‌നവും ദീർഘ വീക്ഷണവും ഇന്ന് നിയമം കൊണ്ട് പ്രാവർത്തികമായതിൻ്റെ സന്തോഷത്തിലാണ് കോയമ്പത്തൂർ സ്വേദശിയായ അരുണാചലം.അക്ഷയ്‌ കുമാർ അവതരിപ്പിച്ച ബോളിവുഡ് ചിത്രത്തിലൂടെയാണ് ഈ മനുഷ്യൻ്റെ യഥാർഥ ജീവിതവും നിശ്ചയദാർഢ്യവും കൂടുതൽ ചർച്ചയായതും പൊതുസമൂഹം അറിയുന്നതും. 

തീണ്ടാരിപ്പെണ്ണുങ്ങളെ തീണ്ടാപ്പാടകലെ മാറ്റിനിർത്തുന്ന പരമ്പരാഗത ഗ്രാമപശ്ചാത്തലത്തിൽ നിന്നു വന്ന മുരുകാനന്ദമാണ് കോർപറേറ്റ് കമ്പനികളുടെ വിലകൂടിയ നാപ്‌കിനുകൾ വാങ്ങാനാകാതെ നിരാശപ്പെട്ട രാജ്യത്തെ ലക്ഷക്കണക്കിനു പാവപ്പെട്ട പെണ്ണുങ്ങളുടെ ആർത്തവ നോവിന് അൽപമെങ്കിലും ആശ്വാസം പകർന്നത്. സുപ്രീം കോടതിയുടെ ഈ വിധി ശരിക്കും സ്‌ത്രീകളുടെ ദീപാവലിയാണെന്ന് അദ്ദേഹം പ്രതികരിച്ചു.

"ഇന്ന് ഞങ്ങൾക്കും ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഒരു യഥാർത്ഥ ദീപാവലി പോലെയാണ് തോന്നുന്നത്. ആർത്തവ ശുചിത്വ അവബോധത്തിനായി 25 വർഷം പ്രവർത്തിച്ചതിന് ശേഷം, അത് ഒരു മൗലികാവകാശമായി അംഗീകരിക്കപ്പെടുന്നത് വൈകാരികവും ചരിത്രപരവുമായ നിമിഷമാണ്. ഇന്ത്യ മാറുക മാത്രമല്ല - ലോകത്തിന് തന്നെ നമ്മൾ ഒരു മാതൃക സൃഷ്‌ടിക്കുകയാണ്'' - അരുണാചലം മുരുഗാനന്ദം പറഞ്ഞു.ഈ സുപ്രധാന നടപടിക്ക് സുപ്രീം കോടതിയോട് അഗാധമായ നന്ദിയുള്ളവനാണ്. അക്ഷയ് കുമാറിനും പാഡ്‌മാൻ ടീമിനും സിനിമയിൽ പ്രവർത്തിച്ച മറ്റുള്ളവരോടും അദ്ദേഹം നന്ദി പറഞ്ഞു. ആർത്തവ ശുചിത്വം സ്‌ത്രീകളുടെ മൗലികാവകാശമാണ്. സൗജന്യ സാനിറ്ററി പാഡുകൾ സ്‌കൂളുകളിൽ പ്രത്യേക ടോയ്‌ലറ്റുകൾ എന്നിവ നിർബന്ധമാക്കണമെന്നുമായിരുന്നു സുപ്രീം കോടതിയുടെ വിധി പ്രസ്‌താവം.

ആര്‍ത്തവ അവബോധം പെണ്‍കുട്ടികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തരുതെന്നും ജസ്റ്റിസുമാരായ ജെബി പര്‍ദിവാലയും ജസ്റ്റിസ് ആര്‍ മഹാദേവനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഇത്തരം ബോധവത്ക്കരണം, ആണ്‍കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും നല്‍കണമെന്നും വിദ്യാലയങ്ങളിലെ ആര്‍ത്തവ സംവാദങ്ങള്‍ തുറന്നായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇവിടെ ലജ്ജയുടെ വിഷയം ഉദിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.കേന്ദ്രസര്‍ക്കാരിന്‍റെ ആര്‍ത്തവ ശുചിത്വ നയം രാജ്യമെമ്പാടും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജയ ഠാക്കൂര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പരമോന്നത കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങള്‍. 2024 ഡിസംബര്‍ പത്തിനാണ് ഇവര്‍ ഹര്‍ജി നല്‍കിയത്. ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സര്‍ക്കാര്‍, എയ്‌ഡഡ് വിദ്യാലയങ്ങളില്‍ സൗജന്യമായി സാനിറ്ററി പാഡുകള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നല്‍കണമെന്നും അവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. 127 പേജുള്ള സുദീര്‍ഘമായ വിധിന്യായമാണ് കോടതി പുറപ്പെടുവിച്ചത്.