തദ്ദേശ തെരഞ്ഞെടുപ്പ് : കൂടുതൽ പഞ്ചായത്തുകളിൽ മത്സരിക്കാനൊരുങ്ങി ട്വൻ്റി20

തദ്ദേശ തെരഞ്ഞെടുപ്പ് : കൂടുതൽ പഞ്ചായത്തുകളിൽ മത്സരിക്കാനൊരുങ്ങി ട്വൻ്റി20

എറണാക്കുളം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കൂടുതൽ പഞ്ചായത്തുകളിൽ മത്സരിക്കാനൊരുങ്ങി ട്വൻ്റി20. നിലവിൽ എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഉൾപ്പടെ നാല് ഗ്രാമ പഞ്ചായത്തുകൾ ഭരിക്കുന്ന ട്വൻ്റി20 പാർട്ടിയാണ് 64 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഇത്തവണ മത്സരിക്കാനൊരുങ്ങുന്നത്.ഒമ്പത് ജില്ലകളിലായി 60 പഞ്ചായത്തിലും മൂന്ന് മുനിസിപ്പാലിറ്റികളിലും, കൊച്ചി കോര്‍പ്പറേഷനിലും മത്സരിക്കുമെന്നും 1600 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ടാകുമെന്നും ട്വൻ്റി20 പ്രസിഡൻ്റ് സാബു എം ജേക്കബ് അറിയിച്ചു.

 'ഇന്‍ഡി' മുന്നണിക്കെതിരെയാണ് വരാന്‍ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുന്നതെന്നും അദ്ദഹം കൂട്ടിച്ചേർത്തു.പാര്‍ട്ടിയുടെ സംസ്ഥാന ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ കോലഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സാബു ജേക്കബ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വിലക്കയറ്റം പിടിച്ചു നിറുത്തുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി വിജയന്‍ സമ്പൂര്‍ണ പരാജയമായണന്നും അദ്ദേഹം ആരോപിച്ചു. വിലക്കയറ്റം പിടിച്ചുനിറുത്തുന്നതിന് പകരം കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് പൂട്ടിക്കുകയാണ് ചെയ്‌തത്.ഇപ്പോള്‍ ശബരിമലയിലെ സ്വര്‍ണം കടത്തിക്കൊണ്ടുപോയിരിക്കുന്നു. അയ്യപ്പസ്വാമി തന്നെ ഇപ്പോള്‍ സുരക്ഷിതനല്ലാത്ത സാഹചര്യമാണിപ്പോള്‍ കേരളത്തിലുള്ളത്. അഴിമതി നടത്താതെ ഭരണം നടത്തുന്ന ട്വൻ്റി20 പഞ്ചായത്തുകളില്‍ 80 തവണയാണ് പിണറായിയുടെ വിജിലന്‍സ് കയറിയിറങ്ങിയത്. അഴിമതി ഇല്ലാതെ ഭരിച്ചാല്‍ ഓരോ പഞ്ചായത്തിലും ഒരു വര്‍ഷം രണ്ട് മുതല്‍ മൂന്ന് കോടി രൂപ വരെ മിച്ചം വരും.