ആർപ്പൂക്കരയിൽ ട്വൻ്റി ട്വൻ്റിക്ക് തിരിച്ചടി; ഭാരവാഹികളും പ്രവർത്തകരും കൂട്ടത്തോടെ കോൺഗ്രസിലേക്ക്

ആർപ്പൂക്കരയിൽ ട്വൻ്റി ട്വൻ്റിക്ക് തിരിച്ചടി; ഭാരവാഹികളും പ്രവർത്തകരും കൂട്ടത്തോടെ കോൺഗ്രസിലേക്ക്

കോട്ടയം: കോട്ടയം ആർപ്പൂക്കരയിലെ ട്വൻ്റി ട്വൻ്റി പാർട്ടിയിൽ വൻ പ്രതിസന്ധി. എൻഡിഎയുമായുള്ള പാർട്ടിയുടെ സഖ്യത്തിലും നേതൃത്വത്തിൻ്റെ വഞ്ചനയിലും പ്രതിഷേധിച്ച് ആർപ്പൂക്കര പഞ്ചായത്തിലെ ഭാരവാഹികളും പ്രവർത്തകരും കൂട്ടത്തോടെ കോൺഗ്രസിലേക്ക് ചേക്കേറുന്നതായി വാർത്താസമ്മേളനത്തില്‍ ട്വൻ്റി ട്വൻ്റി പാർട്ടിയുടെ കോട്ടയം ആർപ്പൂക്കര പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ബിബിൻ ഒ പറഞ്ഞു.ആർപ്പൂക്കര പഞ്ചായത്ത് സെക്രട്ടറി ബിബിൻ ഒ, വൈസ് പ്രസിഡൻ്റ് സനീഷ് ആർപ്പൂക്കര, ജോയിൻ്റ് സെക്രട്ടറി ടീനു തങ്കച്ചൻ, പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾ, വാർഡ് പ്രതിനിധികൾ ഉൾപ്പെടെയുള്ള മുഴുവൻ കമ്മിറ്റി അംഗങ്ങളുമാണ് കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചത്.

തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് ബിബിൻ ആരോപിച്ചു. സാധാരണക്കാരായ കൂലിപ്പണിക്കാരും കർഷകരും തിങ്ങി പാർക്കുന്ന ഒരു നാടാണ് ആർപ്പുക്കര പഞ്ചായത്ത്. ഇലക്ഷനിൽ നിന്ന് ജയിച്ചാലും തോറ്റാലും ഈ പഞ്ചായത്തിലെ ജനജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സ്വയം തൊഴിൽ സംഘടന പ്രഖ്യാപിക്കുമെന്ന് വാഗ്‌ദാനം നൽകി.

നിർധനരായ രോഗികൾക്ക് മരുന്ന് പകുതി വിലക്ക് എത്തിക്കുമെന്ന് വാഗ്‌ദാനം നൽകി. കുട്ടികൾക്ക് വിദ്യാഭ്യാസ സഹായങ്ങൾ നൽകുമെന്ന് വാഗ്‌ദാനം ചെയ്‌തു. പക്ഷെ ഈ പ്രഖ്യാപനങ്ങളൊന്നും ഇലക്ഷൻ കഴിഞ്ഞതിന് ശേഷം നടപ്പിലാക്കാൻ ട്വൻ്റി ട്വൻ്റിയുടെ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ് ഒരു പരാജയമാണെന്ന് ബിബിൻ പറഞ്ഞു.ട്വൻ്റി ട്വൻ്റി എൻഡിഎയുമായി സഖ്യമുണ്ടാക്കിയത് അംഗീകരിക്കാനാവില്ലെന്ന് പ്രവർത്തകർ വ്യക്തമാക്കി. വർഗീയ പ്രസ്ഥാനങ്ങളുമായി കൈകോർക്കുന്ന പാർട്ടിയുടെ നയത്തോട് വിയോജിച്ചാണ് കോൺഗ്രസിൻ്റെ മതേതര ജനാധിപത്യ നിലപാടുകളിലേക്ക് ആകർഷിക്കപ്പെട്ടതെന്നും അവർ പറഞ്ഞു. കേരളത്തിൽ ഒരു വർഗീയ പ്രസ്ഥാനത്തിന് കൂട്ട് പിടിച്ചുകൊണ്ട് ശക്തമായി മുന്നേറാനുള്ള ഒരു നയം ട്വൻ്റി ട്വൻ്റി സ്വീകരിച്ചിട്ടുണ്ടെന്നും ബിബിൻ പറഞ്ഞു.ആർപ്പൂക്കര കോൺഗ്രസ് പഞ്ചായത്ത് പ്രസിഡൻ്റ് ആനന്ദ് പഞ്ഞിക്കാരൻ്റെ നേതൃത്വത്തിലാണ് ഇവർ മാധ്യമങ്ങളെ കണ്ടത്. വരും ദിവസങ്ങളിൽ നടക്കുന്ന യോഗത്തിലൂടെ പ്രവർത്തകർക്ക് ഔദ്യോഗികമായി കോൺഗ്രസ് അംഗത്വം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. കോൺഗ്രസിൻ്റെ വരവോടെ ആർപ്പൂക്കരയിൽ പാർട്ടിയുടെ വിജയം ഉറപ്പാണെന്നും കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി അട്ടിമറി വിജയം നേടുമെന്നും പഞ്ഞിക്കാരൻ അവകാശപ്പെട്ടു.

ട്വൻ്റി ട്വൻ്റി നേതൃത്വത്തിൻ്റെ വഞ്ചനയ്ക്കും വർഗീയ സഖ്യത്തിനുമെതിരെയുള്ള ഈ കൂട്ടരാജി കോട്ടയം രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളാകും സൃഷ്ടിക്കുക. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഈ മാറ്റം പ്രതിഫലിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ കണക്കുകൂട്ടൽ.