ലോകകപ്പ് വിജയാഘോഷതിരക്കിനിടയിൽപ്പെട്ട് മെക്സിക്കോ സിറ്റിയിൽ രണ്ട് മരണം

ലോകകപ്പ് വിജയാഘോഷതിരക്കിനിടയിൽപ്പെട്ട് മെക്സിക്കോ സിറ്റിയിൽ രണ്ട് മരണം

മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പിൽ മെക്സിക്കോ പ്രീക്വാർട്ടർ റൗണ്ടിലേക്ക് മുന്നേറിയതിനെത്തുടർന്നുണ്ടായ ആഘോഷങ്ങൾക്കിടയിൽ രണ്ട് മരണം. ഇക്വഡോറിനെതിരായ മത്സരത്തിൽ മെക്സിക്കോ 2-0 ന് വിജയിച്ചതിന് പിന്നാലെ മെക്സിക്കോ സിറ്റിയിൽ തടിച്ചുകൂടിയ വൻ ജനാവലിക്കിടയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. അമിതമായ തിരക്കിനെത്തുടർന്നുണ്ടായ ശ്വാസംമുട്ടലാണ് മരണകാരണമെന്ന് മെക്സിക്കോ സിറ്റി ഹെൽത്ത് സെക്രട്ടറി സ്ഥിരീകരിച്ചു. 19 വയസ്സുള്ള യുവതിയും 44 വയസ്സുള്ള പുരുഷനുമാണ് മരിച്ചത്. ആഘോഷങ്ങൾക്കിടയിൽ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ രക്ഷപ്പെടുത്താൻ അടിയന്തര സേവന വിഭാഗത്തിന് സാധിച്ചില്ല. മൂന്നാമതൊരാൾ കൂടി മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും അധികൃതർ ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.