അമേരിക്കൻ പ്രസിഡന്റിൻ്റെ അധികാരം വർദ്ധിപ്പിച്ച് സുപ്രീം കോടതി വിധി

വാഷിംഗ്ടൺ: സ്വതന്ത്ര ഫെഡറൽ ഏജൻസികളുടെ തലവന്മാരെ പുറത്താക്കിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ നടപടി ശരിവച്ചുകൊണ്ട് യുഎസ് സുപ്രീം കോടതി തിങ്കളാഴ്ച പ്രസിഡന്റിൻ്റെ അധികാരം ഗണ്യമായി വികസിപ്പിച്ചു.ഈ നിർണ്ണായക വിധിയിലൂടെ സ്വതന്ത്ര ഫെഡറൽ ഏജൻസികളുടെ തലവന്മാരെ എപ്പോൾ വേണമെങ്കിലും പുറത്താക്കാൻ പ്രസിഡന്റിന് അധികാരമുണ്ടെന്ന് കോടതി വിധിച്ചു . പ്രസിഡന്റിൻ്റെ നടപടികളെ തടഞ്ഞിരുന്ന 91 വർഷം പഴക്കമുള്ള ‘ഹംഫ്രീസ് എക്സിക്യൂട്ടർ’ എന്ന നിയമപരമായ കീഴ്വഴക്കത്തെ മറികടന്നാണ് സുപ്രീം കോടതിയുടെ ആറ് യാഥാസ്ഥിതിക ജസ്റ്റിസുമാർ അടങ്ങുന്ന ബെഞ്ചിൻ്റെ വിധി. ഇതോടെ ഭരണപരമായ തീരുമാനങ്ങളിൽ പ്രസിഡന്റിന് ഏജൻസികളിൽ നേരിട്ട് ഇടപെടാൻ വഴിയൊരുങ്ങിയിരിക്കുകയാണ്.
അതേസമയം, അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിൻ്റെ കാര്യത്തിൽ കോടതി സുപ്രധാനമായ ഒരു നിയന്ത്രണം ഏർപ്പെടുത്തി. ഫെഡറൽ റിസർവ് ഗവർണർ ലിസ കുക്കിനെ പുറത്താക്കാനുള്ള പ്രസിഡന്റ് ട്രംപിൻ്റെ നീക്കത്തെ കോടതി തടഞ്ഞു. പലിശനിരക്ക് തീരുമാനിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഫെഡറൽ റിസർവിനെ രാഷ്ട്രീയ സമ്മർദ്ദങ്ങളിൽ നിന്ന് സംരക്ഷിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് വ്യക്തമാക്കി. തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ലിസ കുക്ക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കോടതി വിധി പ്രകാരം, നിയമനടപടികൾ അവസാനിക്കുന്നത് വരെ അവർക്ക് തൽസ്ഥാനത്ത് തുടരാം.
വിമർശനങ്ങളും പ്രത്യാഘാതങ്ങളും
ഈ വിധി പ്രസിഡന്റിന് ഭരണഘടന നൽകിയതിനേക്കാൾ കൂടുതൽ അധികാരം നൽകുന്നതാണെന്ന് ജസ്റ്റിസ് സോണിയ സോട്ടോമേയർ തന്റെ വിയോജന വിധിയിൽ രൂക്ഷമായി വിമർശിച്ചു. ഇത് രാജ്യത്ത് അസ്ഥിരതയ്ക്കും ഒടുവിൽ സ്വേച്ഛാധിപത്യത്തിനും കാരണമാകുമെന്നും അവർ മുന്നറിയിപ്പ് നൽകി. എന്നാൽ വിധി ചരിത്രപരമാണെന്നും പ്രസിഡന്റിൻ്റെ അധികാരങ്ങൾ ശക്തിപ്പെടുത്തുന്നതാണെന്നും ട്രംപ് പ്രതികരിച്ചു. ഫെഡറൽ ട്രേഡ് കമ്മീഷൻ അംഗം റെബേക്ക സ്ലോട്ടറിനെ പുറത്താക്കിയ ട്രംപിൻ്റെ നടപടി ശരിവെച്ച കോടതി, നാഷണൽ ലേബർ റിലേഷൻസ് ബോർഡ് ഉൾപ്പെടെയുള്ള മറ്റ് ഏജൻസികളിലും ഇതേ അധികാരം പ്രയോഗിക്കാൻ പ്രസിഡന്റിന് കഴിയുമെന്ന് വ്യക്തമാക്കി.
സാമ്പത്തിക നയങ്ങളിലെ സ്വാധീനം
ലിസ കുക്കിനെ പുറത്താക്കി സ്വന്തം ഇഷ്ടപ്രകാരം പുതിയൊരാളെ നിയമിക്കാനായിരുന്നു ട്രംപിൻ്റെ നീക്കം. പലിശനിരക്കുകൾ സംബന്ധിച്ച കാര്യങ്ങളിൽ പ്രസിഡന്റിൻ്റെ താൽപ്പര്യങ്ങൾ നടപ്പിലാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഫെഡറൽ റിസർവ് സ്വതന്ത്രമായി പ്രവർത്തിക്കുന്നത് ഇല്ലാതാകുന്നത് അമേരിക്കൻ സാമ്പത്തിക വിപണിയെയും പണപ്പെരുപ്പത്തെയും ബാധിക്കുമെന്ന ആശങ്ക നിക്ഷേപകർക്കിടയിലുണ്ട്. രാജ്യത്തിൻ്റെ സാമ്പത്തിക നയങ്ങളിൽ പൂർണ്ണമായ നിയന്ത്രണം കൈപ്പിടിയിലൊതുക്കാനുള്ള ട്രംപിൻ്റെ വലിയൊരു നീക്കമായാണ് ഈ സുപ്രീം കോടതി വിധി വിലയിരുത്തപ്പെടുന്നത്.