ഇസ്രായേലുമായുള്ള കരാർ അംഗീകരിക്കില്ലെന്ന് ലബനീസ് പാർലമെന്റ് സ്പീക്കർ നബീഹ് ബെറി

ബീറൂട്ട്: ലബനനും ഇസ്രായേലും തമ്മിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ഒപ്പുവെച്ച സുരക്ഷാ കരാറിനെതിരെ ലബനീസ് പാർലമെന്റ് സ്പീക്കർ നബീഹ് ബെറി രംഗത്ത്. ഈ കരാർ ലബനനെ വിഭജിക്കാൻ ശ്രമിക്കുന്നതാണെന്നും അത് നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹിസ്ബുള്ളയുടെ പ്രധാന സഖ്യകക്ഷിയായ ബെറിയുടെ ഈ പ്രസ്താവന ലബനീസ് രാഷ്ട്രീയത്തിൽ വലിയ അസ്വസ്ഥതകളാണ് സൃഷ്ടിച്ചിരിക്കുന്നത്.അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളിലൂടെ മാത്രമേ ഇസ്രായേൽ സൈന്യം ലബനനിൽ നിന്ന് പൂർണ്ണമായി പിന്മാറുകയുള്ളൂ എന്ന് ബെറി ‘അൽ-അഖ്ബാർ’ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇസ്രായേലുമായുള്ള കരാർ ലബനീസ് ജനതയെ തമ്മിലടിപ്പിക്കുമെന്നും ഇത് ആഭ്യന്തര സംഘർഷത്തിന് വഴിവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കരാറിനെ 'ഏകാധിപത്യപരമായ നിർദ്ദേശങ്ങൾ' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ലബനനിലെ രാഷ്ട്രീയ നേതൃത്വവും ഹിസ്ബുള്ളയും തമ്മിലുള്ള അഭിപ്രായവ്യത്യാസം ഈ വിഷയത്തിൽ പ്രകടമാണ്. പ്രസിഡന്റ് ജോസഫ് ഔനും പ്രധാനമന്ത്രി നവാഫ് സലാമും ഇസ്രായേലുമായി നേരിട്ട് ചർച്ചകൾ നടത്തുമ്പോൾ, ഇതിനെ കടുത്ത ഭാഷയിലാണ് ഹിസ്ബുള്ള എതിർക്കുന്നത്. ഇസ്രായേലുമായുള്ള കരാർ ഒരു കീഴടങ്ങലാണെന്നാണ് ഹിസ്ബുള്ളയുടെ നിലപാട്. കരാർ പ്രകാരം, ഹിസ്ബുള്ള പോലുള്ള സായുധ സംഘങ്ങളെ നിരായുധരാക്കിയ ശേഷം ലബനീസ് സൈന്യം പ്രദേശം പൂർണ്ണമായും ഏറ്റെടുക്കാനാണ് പദ്ധതി. എന്നാൽ, ഈ കരാർ നടപ്പിലാക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് ബെറിയും സഖ്യകക്ഷികളും.കരാർ ഒപ്പുവെച്ചതിന് ശേഷവും ദക്ഷിണ ലബനനിൽ ആക്രമണങ്ങൾ തുടരുകയാണ്. ഹിസ്ബുള്ളയുടെ കമാൻഡ് സെന്ററുകൾ തകർത്തതായി ഇസ്രായേൽ അവകാശപ്പെടുമ്പോൾ, തങ്ങൾ വെടിനിർത്തൽ കരാർ പാലിക്കുന്നുണ്ടെന്നും എന്നാൽ സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നുമാണ് ഹിസ്ബുള്ളയുടെ മറുപടി. കരാർ ഒരു വശത്ത് നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ, മറുവശത്ത് രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള ഭിന്നത ലബനനെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിയിടുകയാണ്.