ലൈംഗിക പീഡനപരാതിയിൽ ഡിഎംകെ കൗൺസിലർ ഉൾപ്പെടെ രണ്ടുപേർ അറസ്‌റ്റിൽ

ചെന്നൈ: വിമാനയാത്രയ്ക്കിടെ വിമാന ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഡിഎംകെ കൗൺസിലർ ഉൾപ്പെടെ രണ്ട് പേര്‍ അറസ്‌റ്റില്‍. തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ നിന്നുള്ള ഡിഎംകെ കൗൺസിലറായ പ്രഭാകരൻ (36), അഭിഭാഷകൻ തിയാകു (36) എന്നിവരാണ് പ്രതികൾ. ചെന്നൈയിൽ നിന്ന് ഡൽഹിയിലേയ്‌ക്ക് പോയ സ്വകാര്യ വിമാനത്തിൽ വച്ചാണ് ജീവനക്കാരിയെ പീഡിപ്പിച്ചത്. സംഭവത്തിൽ മീനമ്പാക്കം ഓൾ വനിതാ പൊലീസാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കിയത്.
ഫെബ്രുവരി 25 ന്, ചെന്നൈയിൽ നിന്ന് പോയ വിമാനത്തിലാണ് വൈകുന്നേരം 4 മണിയോടെയാണ് സംഭവം നടന്നതെന്ന് ഇര പൊലീസിനോട് പറഞ്ഞു.യാത്രയിൽ വിമാന ജീവനക്കാരി മദ്യപിച്ചെന്നാരോപിച്ച് വിമാനത്തിൽ ഉണ്ടായിരുന്ന പ്രതികൾ ഇവരോട് തർക്കിച്ചു. തുടർന്ന് ജീവനക്കാരിയോട് നിങ്ങളുടെ ജന്മനാട് ഏതാണെന്ന് ചോദിക്കുകയും അവർ മധുര എന്ന് മറുപടി പറയുകയും ചെയ്‌തു. എന്നാൽ മധുരയെന്ന് പറഞ്ഞപ്പോൾ അവരെ വംശീയമായി അധിക്ഷേപിച്ചെന്നും പിന്നീട് ഇരുവരും ജീവനക്കാരിയെ പിന്തുടരുകയും പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നതായി പോലീസ് അറിയിച്ചു.
വിമാന ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മീനമ്പാക്കം വിമൻസ് പൊലീസ് ഇരുവർക്കുമെതിരെ സ്ത്രീകൾക്കെതിരായ അതിക്രമ നിയമപ്രകാരവും വ്യോമയാന സുരക്ഷാ നിയമപ്രകാരവും കേസ് രജിസ്‌റ്റർ ചെയ്യുകയായിരുന്നു.ഇന്നലെ ഡൽഹിയിൽ നിന്ന് ഡിഎംകെ കൗൺസിലർ പ്രഭാകരനും അഭിഭാഷകൻ തിയാകുവും വൈകുന്നേരം 5 മണിക്ക്, ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്കുള്ള സ്വകാര്യ എയർലൈൻ പാസഞ്ചർ വഴി വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് ഇരുവരെയും അറസ്‌റ്റ് ചെയ്‌തത്. നേരത്തെ ഫെബ്രുവരി 26 ന് മീനമ്പാക്കം ഓൾ വിമൻസ് പൊലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്യലിനായി ഹാജരാകാൻ രണ്ട് പ്രതികൾക്കും സമൻസ് അയച്ചിരുന്നു. എന്നാൽ ഇരുവരും സ്‌റ്റേഷനിൽ ചോദ്യം ചെയ്യലിനായി ഹാജരായില്ലെന്ന് പൊലീസ് വ്യക്തമാക്കി.