യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിൽ എത്തി.

ന്യൂഡൽഹി: ഔദ്യോഗിക സന്ദർശനത്തിനായി യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിൽ എത്തി. ഡൽഹി വിമാനത്താവളത്തിൽ എത്തിയ യുഎഇ പ്രസിഡൻ്റിനെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു.ഷെയ്ഖ്  അൽ നഹ്യാൻ രണ്ടു മണിക്കൂർ ആവും ഡൽഹിയിൽ ചെലവഴിക്കുക. കൂടിക്കാഴ്‌ചയ്ക്ക് ശേഷം അദ്ദേഹം മടങ്ങുമെന്നും വിദേശകാര്യ മന്ത്രാലയം (എംഇഎ) പുറത്തിറക്കിയ പ്രസ്‌താവനയിൽ അറിയിച്ചു. ഇറാൻ-യുഎസ് ബന്ധങ്ങളിലെ വിള്ളൽ, ഗാസയിലെ അരക്ഷിതാവസ്ഥ, യെമനുമായി ബന്ധപ്പെട്ട് നടന്ന സൗദി അറേബ്യ- യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സംഘർഷം തുടങ്ങി പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് യുഎഇ പ്രസിഡൻ്റിൻ്റെ ഇന്ത്യാ സന്ദർശനം.സംഘർഷങ്ങൾ എന്നിവ കാരണം പശ്ചിമേഷ്യയിൽ പിരിമുറുക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദർശനം എന്നത് ശ്രദ്ധേയമാണ്. പ്രാദേശികമായ വിഷയങ്ങൾ ചർച്ചകളിൽ ഇടംപിടിക്കുമെന്നും നിരവധി ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

"എൻ്റെ സഹോദരൻ, യുഎഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ പോയി. ഇന്ത്യ-യുഎഇ സൗഹൃദത്തിന് അദ്ദേഹം നൽകുന്ന പ്രാധാന്യമാണ് ഈ സന്ദർശനം വ്യക്തമാക്കുന്നത്. ഞങ്ങളുടെ ചർച്ചകൾക്കായി കാത്തിരിക്കുന്നു," പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് പ്രധാനമന്ത്രി മോദി വിരുന്നൊരുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. നേരത്തെ 2025 ഡിസംബറിൽ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്‌ച പല കാരണങ്ങളാൽ വൈകുകയായിരുന്നു. 10 വർഷത്തിനിടെ ഷെയ്ഖ് മുഹമ്മദിൻ്റെ അഞ്ചാമത്തെ ഇന്ത്യാ സന്ദർശനമാണിത്.ഇന്ത്യ - മിഡിൽഈസ്റ്റ് - യൂറോപ്പ് സാമ്പത്തിക ഇടനാഴി സംബന്ധിച്ചും നിർണായക ചർച്ചകള്‍ ഉണ്ടായേക്കും. പരസ്‌പര താൽപര്യമുള്ള പ്രാദേശിക ആഗോള വിഷയങ്ങളിൽ ഇരുനേതാക്കളും ചർച്ച നടത്തും.