'ഇന്ദിരാ ഗ്യാരൻ്റി'യുമായി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് യുഡിഎഫ്

'ഇന്ദിരാ ഗ്യാരൻ്റി'യുമായി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് യുഡിഎഫ്

തിരുവനന്തപുരം: 'ഇന്ദിരാ ഗ്യാരൻ്റി'യുമായി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് യുഡിഎഫ് .കോൺഗ്രസ് ഭരിക്കുന്ന തെലുങ്കാനയിലും കർണാടകയിലും മുമ്പ് ഭരിച്ചിരുന്ന മധ്യപ്രദേശിലും നടപ്പാക്കിയ പദ്ധതികളുടെ ചുവട് പിടിച്ചാണ് അഞ്ച് ഗ്യാരൻ്റികൾ  രൂപപ്പെടുത്തിയിട്ടുള്ളത്.സ്ത്രീ ശാക്തീകരണത്തിൽ ഊന്നിയുള്ള ഗ്യാരൻ്റികളിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ഇൻഷൂറൻസ് പദ്ധതിയും ഇടം പിടിച്ചിട്ടുണ്ട്. അർഹരായ ഒരോ കുടുംബത്തിനും 25ലക്ഷം രൂപയുടെ ഇൻഷൂറൻസ് പരിരക്ഷയാണ് ഇതിലൂടെ യുഡിഎഫ് ലക്ഷ്യം വയ്ക്കുന്നത്. നിലവിൽ ഭരണത്തിലിരിക്കുന്ന ഇടങ്ങിൽ കോൺഗ്രസ് സർക്കാരുകൾ നടപ്പാക്കി മാതൃക കാണിച്ച പദ്ധതികൾ കേരളത്തിൽ പ്രഖ്യാപിച്ചതും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫിൻ്റെ വിശ്വാസ്യത ഇരടട്ടിയാക്കുമെന്നാണ് മുന്നണിയുടെയും പാർട്ടിയുടെയും വിലയിരുത്തൽ.ക്ഷേമപെൻഷൻ തുക 3000 രൂപയാക്കുമെന്ന ഇന്ദിരാ ഗ്യാരൻ്റികൾ രാഹുൽ ഗാന്ധി പ്രഖ്യാപിക്കുമ്പോൾ വേദിയിലുണ്ടായിരുന്ന നേതാക്കൾ ഇതിന്റെ പ്ലക്കാർഡുകൾ ഉയർത്തുകയും ചെയ്‌തു. നിറഞ്ഞ കരഘോഷമാണ് പദ്ധതി പ്രഖ്യാപനത്തിനിടെ സദസിൽ നിന്നുമുണ്ടായത്.

ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെ മോദി പിണറായിയെ നിയന്ത്രിക്കുന്നു : രാഹുൽ ഗാന്ധി

കേരളത്തിൽ സിജെപി മുന്നണിയെന്ന് രാഹുൽ ഗാന്ധികേരളത്തിൽ ഇപ്പോൾ ബിജെപിയും സിപിഎമ്മും ചേർന്ന സിജെപി മുന്നണിയായി മാറിയെന്ന് എല്ലാവർക്കുമറിയാമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി സിപിഎമ്മിനെ കടന്നാക്രമിച്ചു. ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെയാണ് മോദി പിണറായിയെ നിയന്ത്രിക്കുന്നതെന്നും തനിക്കെതിരെ 36 കേസെടുത്ത് 52 മണിക്കൂർ ചോദ്യം ചെയ്തവർ മുഖ്യമന്ത്രിയുടെ കുടുംബത്തെ ഒന്നും ചെയ്യാതെ വിട്ടത് അവർ തമ്മിൽ ഒന്നിച്ച് പ്രവർത്തിക്കുന്നതിൻ്റെ തെളിവാണെന്നും രാഹുൽ തുറന്നടിച്ചത് സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാഴ്ത്തും.കേരളത്തിൽ യുഡിഎഫിനെ തോൽപ്പിക്കുന്നതിന് സിപിഎമ്മും ബിജെപിയും കൈകോർത്ത് പിടിച്ചിരിക്കുകയാണെന്ന രാഹുലിൻ്റെ ആരോപണം ദീർഘകാലമായി പ്രതിപക്ഷനേതാവ് വിഡി സതീശൻ ആവർത്തിക്കുന്നതാണ്. ഇതുകൂടി രാഹുൽ ഗാന്ധി ആവർത്തിച്ചതോടെ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൻ്റെയും പ്രതിപക്ഷനേതാവിൻ്റെയും ആരോപണങ്ങൾക്ക് വിശ്വാസ്യത കൂടുകയും ചെയ്തിട്ടുണ്ട്.

സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ച രാഹുൽ ശബരിമല സ്വർണ്ണക്കൊള്ളയും ഓർമ്മിപ്പിച്ചു. തെരെഞ്ഞെടുപ്പിൽ ബി.ജെപിയെയും സിപിഎമ്മിനെയും കോൺഗ്രസ് ഒരേപോലെ നേരിടുകയാണെന്ന സന്ദേശമാണ് രാഹുൽ പുറത്ത് വിട്ടത്. ഒരുപടി കൂടി കടന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം നിൽക്കുന്ന സാധാരണ പ്രവർത്തകരെയും അദ്ദേഹം അഭിസംബോധന ചെയ്തു.താൻ പറയുന്നത് 50 ശതമാനം വരുന്ന കമ്മ്യൂണിസ്റ്റുകാർ ശരിവയ്ക്കുമെന്ന പ്രസ്താവന സിപിഎമ്മിൽ സ്വന്തം പ്രവർത്തകർക്ക് പോലും വിശ്വാസമില്ലെന്ന രാഹുലിൻ്റെ പരോക്ഷ വിമർശനമായി മാറുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് പോലും സിപിഎമ്മിനെതിരെ വിമർശനം രാഹുൽ കടുപ്പിച്ചിരുന്നില്ല. എന്നഖാൽ ശബരിമല സ്വർണ്ണക്കൊള്ളയിലടക്കം സോണിയാ ഗാന്ധിയെ സിപിഎം നേതാക്കൾ വലിച്ചിഴച്ചതോടെ കോൺഗ്രസ് ദേശീയ നേതൃത്വവും സിപിഎമ്മിനെ കൈവിട്ടുവെന്ന സന്ദേശമാണ് ഇതിൽ നിന്നും പുറത്ത് വരുന്നത്.

സഞ്ജുവിന് അഭിനന്ദനം

ട്വൻ്റി -20 ലോകകപ്പിൻ്റെ സെമിഫൈനലിലടക്കം മികച്ച പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണ് രാഹുലിൻ്റെ അഭിനന്ദനം. പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടന പ്രസംഗത്തിൻ്റെ തുടക്കത്തിലാണ് രാഹുൽ സഞ്ജുവിനെ അഭിനന്ദിച്ചത്. എന്നാൽ പരിഭാഷകനായ അബ്ദുൾ സമദ് സമാദാനിക്ക് ആദ്യം ഇത് പിടികിട്ടിയില്ല. ട്വൻ്റി -20 ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച എല്ലാവർക്കും അഭിനന്ദനമെന്ന പ്രതികരണമാണ് ആദ്യം അദ്ദേഹം നടത്തിയത്. പിന്നീട് രാഹുൽ ഗാന്ധി സഞ്ജു സാംസണിൻ്റെ പേര് എടുത്ത് പറഞ്ഞുവെങ്കിലും അൽപസമയത്തെ ആശയക്കുഴപ്പത്തിന് ശേഷമാണ് സമദാനിക്ക് കാര്യം മനസിലായത്. സദസിൽ നിന്നും ചെറിയ ചിരി ഉയർന്നതോടെ രാഹുലും ചിരിച്ച് കൊണ്ട് വിഷയത്തെ ലഘൂകരിക്കുകയും ചെയ്തു.

ഗ്രൂപ്പിസത്തിനെതിരെ രാഹുലിൻ്റെ താക്കീത്

കോൺഗ്രസ് നേതാക്കൾ സിംഗിൾ ഡാൻസ് ഒഴിവാക്കി ഗ്രൂപ്പ് ഡാൻസ് കളിക്കാൻ രാഹുലിൻ്റെ നിർദ്ദേശം. കേരളത്തിൽ മികച്ച ഡാൻസുകാർ ഏറെയുണ്ടെന്നും ഗ്രൂപ്പ് ഡാൻസ് കളിക്കുമ്പോൾ ഒരാൾ വന്ന് സിംഗിംൾ ഡാൻസ് കളിച്ച് ശ്രദ്ധയാകർഷിക്കുന്നത് നല്ല പ്രവണതയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിലുള്ള ഗ്രൂപ്പുകളികൾക്കും ഏകാധിപത്യപ്രവണതകൾക്കുമെതിരായ താക്കീതായിരുന്നു രാഹുൽ തമാശയുടെ മേമ്പൊടിയിട്ട് നൽകിയത്. ജനങ്ങൾ പാർട്ടിയോട് പറയുന്ന കാര്യങ്ങൾ എത്തിക്കുന്ന സന്ദേശവാഹകനായി മാത്രം എന്നെ കണ്ടാൽ മതിയെന്നും അദ്ദേഹം വേദിയിലിരുന്ന നേതാക്കളോട് സദസിലുള്ള പ്രവർത്തകരെ സാക്ഷിയാക്കി വ്യക്തമാക്കി. രാഹുലിന്റെ വാക്കുകൾ വമ്പൻ കരഘോഷത്തോടെയാണ് സദസ് സവീകരിച്ചത്. സമാപന യോഗത്തിൽ ചില നേതാക്കളെ പ്രസംഗിക്കാനായി ക്ഷണിച്ചപ്പോൾ സദസിൽ നിന്നും ചിലർ നേതാക്കളുടെ ചിത്രങ്ങൾ ഉയർത്തുകയും അവർക്ക് വേണ്ടി മുദ്രാവാക്യം മുഴക്കുകയും ചെയയ്തിരുന്നു. ഇത് കണ്ടിട്ടാവാം രാഹുൽ നിർദ്ദേശരൂപത്തിലുള്ള താക്കീത് പാർട്ടി നേതാക്കൾക്ക് നൽകിയതെന്നും കോൺഗ്രസിനുള്ളിൽ സംസാരമുണ്ട്.