പഞ്ചായത്ത് പ്രസിഡൻ്റ് പദവിക്ക് യുഡിഎഫിൽ തമ്മിലടി : തിരുവാലി പഞ്ചായത്ത് ഇടതിന് തന്നെ ?

മലപ്പുറം: തിരുവാലി പഞ്ചായത്തിൽ യുഡിഎഫ് മുന്നണിയിൽ തമ്മിലടി. പഞ്ചായത്ത് പ്രസിഡൻ്റ് പദവിയുമായി ബന്ധപ്പെട്ടാണ് തർക്കം. രണ്ടര വർഷം പ്രസിഡൻ്റ് സ്ഥാനം വേണമെന്ന് മുസ്‌ലീം ലീഗ് മുന്നണിയിൽ ആവശ്യപ്പെട്ടു. എന്നാൽ പ്രസിഡൻ്റ് പദവി പങ്കുവെക്കാനില്ലെന്നും വൈസ് പ്രസിഡൻ്റ് സ്ഥാനം മാത്രമേ നൽകൂവെന്നുമാണ് കോൺഗ്രസിൻ്റെ നിലപാട്. ഈ നിലപാടിനെതിരെയാണ് ഭിന്നാഭിപ്രായം.കോൺഗ്രസ് നിലപാടിൽ വിട്ടുവീഴ്‌ച ചെയ്യാത്ത സാഹചര്യത്തിൽ നാളെ നടക്കുന്ന പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനാണ് മുസ്‌ലീം ലീഗിൻ്റെ തീരുമാനം. മുസ്‌ലീം ലീഗ് ജനപ്രതിനിധികൾ വിട്ടുനിന്നാൽ ഭരണം എൽഡിഎഫിന് ലഭിക്കുന്ന സാഹചര്യവുമുണ്ട്.
തിരുവാലി പഞ്ചായത്തിലെ ആകെയുള്ള 19 വാർഡിൽ 11ലും വിജയിച്ചത് യുഡിഎഫ് മുന്നണിയാണ്. കോൺഗ്രസ് ഏഴു സീറ്റിലും മുസ്‌ലീം ലീഗ് നാല് സീറ്റിലും ജയിച്ചു. ഇവിടെ എൽഡിഎഫ് എട്ട് സീറ്റിലും വിജയിച്ചു. നാലംഗങ്ങളുള്ള മുസ്‌ലീം ലീഗിൻ്റെ പിന്തുണയോടെയല്ലാതെ കോൺഗ്രസിന് പഞ്ചായത്ത് ഭരിക്കാനാവില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് മുസ്‌ലീം ലീഗ് കടുത്ത നിലപാടിലേക്ക് നീങ്ങിയത്.കഴിഞ്ഞ 40 വർഷമായി എൽഡിഎഫ് ആണ് തിരുവാലി പഞ്ചായത്ത് ഭരിക്കുന്നത്. കഴിഞ്ഞ തവണ 16 സീറ്റാണ് ഉണ്ടായിരുന്നത്. ഇതിൽ എട്ട് സീറ്റ് വീതം എൽഡിഎഫിനും യുഡിഎഫിനും ലഭിച്ചത്. തുടർന്ന് നറുക്കിട്ടതോടെ വീണ്ടും ഭരണം എൽഡിഎഫിൻ്റെ കൈകളിൽ എത്തുകയായിരുന്നു.
പാർട്ടിയുടെ അസ്‌തിത്വവും അഭിമാനലും നിലനിർത്തുകയെന്നതാണ് ലക്ഷ്യമെന്ന് മുസ്‌ലീം ലീഗ് വാർഡ് മെമ്പർ സജീഷ് മാധ്യമങ്ങളോട് പറഞ്ഞു. "അറുപത് വർഷത്തിലേറെയായി എൽഡിഎഫിൻ്റെ കൈകളിലായിരുന്ന സീറ്റാണ് മുസ്‌ലീം ലീഗ് പിടിച്ചെടുത്തത്". എന്നാൽ പാർട്ടിക്ക് വേണ്ട പ്രധാന്യം ലഭിക്കുന്നില്ല എന്നും സജീഷ് ചൂണ്ടിക്കാട്ടി.സീറ്റ് വിഭജനത്തിലെ അഭിപ്രായങ്ങൾ മണ്ഡലം കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായി യുഡിഎഫ് ചെയർമാൻ അസീസ് കല്ലമ്പാലി മാധ്യമങ്ങളോട് പറഞ്ഞു. "മണ്ഡലം കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയ ശേഷം ചർച്ചകളുണ്ടായെങ്കിലും യുഡിഎഫിന് അനുകൂലമായ തീരുമാനം ഉണ്ടായില്ല. അതേ തുടർന്ന് മലപ്പുറം ജില്ലാ കമ്മിറ്റിയെ വിഷയം ധരിപ്പിച്ചു. അവിടെയും വിഷയം ചർച്ച ചെയ്‌തെങ്കിലും അനുകൂല നിലപാടുണ്ടായില്ല. എന്നിരുന്നാലും അന്നും ഇന്നും തുടർന്നും യുഡിഎഫ് ഒറ്റക്കെട്ടായി പോകണമെന്നാണ് ആഗ്രഹം" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പക്ഷേ ഇത്തവണ ഭരണം യുഡിഎഫിന് അനുകൂലമാണെങ്കിലും മുന്നണിക്കുള്ളിലെ തമ്മിലടി ഭരണം നഷ്‌ടപ്പെടുത്തുന്ന സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുന്നു. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്നും ലീഗ് വിട്ടു നിന്നാൽ വീണ്ടും എൽഡിഎഫിന് ഭൂരിപക്ഷം ലഭിക്കും. ഇതോടെ ഇക്കുറിയും ഇടത് ഭരണം തുടരും.