കേരള തദ്ദേശ തെരഞ്ഞെടുപ്പ് : ശക്തമായ തിരിച്ചുവരവിൻ്റെ സൂചനനൽകുന്ന മുന്നേറ്റവുമായി യുഡിഎഫ്

തിരുവനന്തപുരം:കേരളത്തിൽ നടന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്തി യുഡിഎഫ് (United Democratic Front).ഗ്രാമപ്പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കോര്‍പറേഷനിലും യുഡിഎഫ് വലിയ തിരിച്ചുവരവ് നടത്തിയപ്പോൾ സംസ്‌ഥാനം ഭരിക്കുന്ന എൽഡിഎഫ് മുന്നണിക്കാകട്ടെ പലയിടങ്ങളിലും അടിപതറി.അവർക്ക് ആകെ ആശ്വസിക്കാന്‍ വക നല്‍കുന്നത് ജില്ലാ പഞ്ചായത്തുകളുടെ ഫലം മാത്രമാണ്. ആകെ 14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴ്-ഏഴ് എന്ന നിലയിലാണ് ഫലം.941 പഞ്ചായത്തുകളില്‍ 502 ഇടത്ത് യുഡിഎഫ് ഭരണം പിടിച്ചു. 340 പഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് വിജയം നേടിയത്. ജില്ലാപഞ്ചായത്തുകളില്‍ ഏഴിടങ്ങളിലും കോര്‍പ്പറേഷനുകളില്‍ നാലിടങ്ങളിലും യുഡിഎഫ് കരുത്തുകാട്ടി. തിരുവനന്തപുരത്ത് എന്‍ഡിഎ പിടിച്ചെടുത്തപ്പോള്‍ കോഴിക്കോട് എല്‍ഡിഎഫ് നിലനിര്‍ത്തി.മുനിസിപ്പാലിറ്റികളില്‍ 54 ഇടത്തും യുഡിഎഫിന്റെ തേരോട്ടമാണ്. 28 ഇടത്താണ് എല്‍ഡിഎഫ് മുന്നേറ്റമുള്ളത്. രണ്ടിടത്ത് എന്‍ഡിഎയും. ബ്ലോക്കില്‍ 79 ഇടത്ത് യുഡിഎഫും 63 ഇടത്ത് എല്‍ഡിഎഫും വിജയിച്ചു.ആകെ 14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴ്-ഏഴ് എന്ന നിലയിലാണ് ഫലം. 14 ജില്ലാ പഞ്ചായത്തുകളിലായി 346 ഡിവിഷനുകളാണ് ആകെയുള്ളത്. ഏഴ് വീതം ജില്ലാ പഞ്ചായത്തുകളാണ് ഇരു മുന്നണികള്‍ക്കും ഉള്ളതെങ്കില്‍ വിജയിച്ച ഡിവിഷനുകളുടെ കാര്യത്തില്‍ യുഡിഎഫ് ആണ് മുന്നില്‍ 196 ഡിവിഷനുകളിലാണ് യുഡിഎഫ് വിജയിച്ചത്.ഇടത് ആധിപത്യം 148 ഡിവിഷനുകളിലേക്ക് കുറഞ്ഞിട്ടുമുണ്ട്. എന്‍ഡിഎ, ആര്‍എംപി എന്നീ പാര്‍ട്ടികള്‍ ഓരോ സീറ്റ് വീതം പിടിച്ചെടുത്തത്. ജില്ലാ പഞ്ചായത്തുകളിലെ വിജയത്തില്‍ എല്‍ഡിഎഫും യുഡിഎഫും ബലാബലമാണെങ്കിലും മുന്‍വര്‍ഷത്തെ ഫലവുമായി തുലനം ചെയ്യുമ്പോള്‍ എല്‍ഡിഎഫിന് വന്‍തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം.
കാവിയണിഞ് തിരുവനന്തപുരം
തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം പിടിച്ചു. 50 സീറ്റ് നേടിയ എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷത്തിന് ഒരാളുടെ കൂടി പിന്തുണ മതി. 29 ഡിവിഷനില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍, 19 ഇടത്ത് യുഡിഎഫും വിജയിച്ചു. രണ്ടിടത്ത് സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ( എന്‍ഡിഎ), കെ എസ് ശബരിനാഥന്‍ ( കോണ്‍ഗ്രസ് ), എസ് പി ദീപക് ( സിപിഎം), വഞ്ചിയൂര്‍ ബാബു ( സിപിഎം), മുന്‍ മേയര്‍ കെ ശ്രീകുമാര്‍ ( സിപിഎം) തുടങ്ങിയവരാണ് വിജയിച്ച പ്രമുഖര്‍. തലസ്ഥാനനഗരിയില്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ച ബിജെപിയുടെ വളര്‍ച്ച സിപിഎമ്മിനും കോണ്‍ഗ്രസിനുമേറ്റ അപ്രതീക്ഷിത തിരിച്ചടിയായി.കൊച്ചി, തൃശൂര്‍ കോര്‍പ്പറേഷനുകളില്‍ ഇടതുമുന്നണിയില്‍ നിന്നും യുഡിഎഫ് ഭരണം തിരിച്ചു പിടിച്ചു. കൊല്ലത്ത് ഇതാദ്യമായി യുഡിഎഫ് അധികാരത്തിലെത്തി. കണ്ണൂരില്‍ അധികാരം നിലനിര്‍ത്തുകയും ചെയ്തു. കൊച്ചിയില്‍ 47 സീറ്റാണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫ് 22 ലേക്ക് ഒതുങ്ങിയപ്പോള്‍, എന്‍ഡിഎ ആറു സീറ്റ് നേടി. ഒരു സ്വതന്ത്രനും വിജയിച്ചു. തൃശൂരില്‍ 33 സീറ്റിലാണ് യുഡിഎഫ് വിജയിച്ചത്. 13 സീറ്റില്‍ എല്‍ഡിഎഫും എട്ടു ഡിവിഷനുകളില്‍ എന്‍ഡിഎയും വിജയിച്ചു. കണ്ണൂരില്‍ യുഡിഎഫ്-36, എല്‍ഡിഎഫ്-15, എന്‍ഡിഎ- 4, മറ്റുള്ളവര്‍-1 എന്നിങ്ങനെയാണ് കക്ഷിനില.
അതേസമയം കോഴിക്കോട് കോര്‍പ്പറേഷനില്‍ കനത്ത പോരാട്ടമാണ് നടന്നത്. നേരിയ മുന്‍തൂക്കമാണ് എല്‍ഡിഎഫിനുള്ളത്. ഇടതുമുന്നണി 35 ഡിവിഷന്‍ നേടിയപ്പോള്‍ യുഡിഎഫിന് 28 സീറ്റുകളാണ് ലഭിച്ചത്. 13 ഡിവിഷനുകളില്‍ എന്‍ഡിഎയും വിജയിച്ചിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് മേയര്‍ സ്ഥാനത്തേക്ക് എല്‍ഡിഎഫും യുഡിഎഫും കണ്ടുവെച്ചിരുന്ന സ്ഥാനാര്‍ത്ഥികള്‍ തോറ്റു. സിപിഎമ്മിന്റെ സിപി മുസാഫര്‍ അഹമ്മദ് മീഞ്ചന്ത ഡിവിഷനില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പി എം നിയാസും പരാജയം രുചിച്ചു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി മഹിളാമോര്‍ച്ച് സംസ്ഥാന അധ്യക്ഷയുമായ നവ്യഹരിദാസ് വിജയിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ കൊല്ലത്ത്, കോര്‍പ്പറേഷനില്‍ നടാടെയാണ് യുഡിഎഫ് അധികാരത്തിലേക്കെത്തുന്നത്. 25 സീറ്റുകളാണ് യുഡിഎഫ് നേടിയത്. ഇടതുപക്ഷം 15 സീറ്റുകളിലേക്ക് ചുരുങ്ങി. എന്‍ഡിഎ ഒരു ഡിവിഷനും നേടി. മേയര്‍ ഹണി ബെഞ്ചമിനും, മുന്‍ മേയര്‍ അഡ്വ. രാജേന്ദ്രബാബുവും പരാജയപ്പെട്ടു. കൊല്ലം കോര്‍പ്പറേഷന്‍ വടക്കുംഭാഗം ഡിവിഷനില്‍, യുഡിഎഫിന്റെ കുരുവിള ജോസഫിനോടാണ് മേയര്‍ ഹണി ബെഞ്ചമിന്‍ തോറ്റത്. ഉളിയക്കോവില്‍ ഈസ്റ്റ് ഡിവിഷനിലാണ് രാജേന്ദ്രബാബു പരാജയപ്പെട്ടത്. ബിജെപി സ്ഥാനാര്‍ത്ഥി അഭിലാഷ് ആണ് വിജയിച്ചത്.
പഞ്ചായത്തുകളിലും യുഡിഎഫ് മുന്നേറ്റം
കേരളത്തിലെ ആകെ ഗ്രാമപഞ്ചായത്തുകളില്‍ 495 എണ്ണം യുഡിഎഫ് സ്വന്തമാക്കിയപ്പോള്‍, എല്‍ഡിഎഫിന് 343 എണ്ണമേ വിജയിക്കാനായുള്ളൂ. എന്‍ഡിഎ 25 ഇടത്ത് നേടി. ആറിടത്ത് മറ്റുള്ളവരും നേട്ടമുണ്ടാക്കി. ബ്ലോക്ക് പഞ്ചായത്തുകളില്‍ 78 എണ്ണം യുഡിഎഫും, 64 എണ്ണം എല്‍ഡിഎഫും കരസ്ഥമാക്കി. മുനിസിപ്പാലിറ്റികളില്‍ 54 എണ്ണമാണ് യുഡിഎഫിനൊപ്പം നിന്നത്. 28 എണ്ണം ഇടതുപക്ഷത്തും നിലയുറപ്പിച്ചു. രണ്ടിടത്ത് എന്‍ഡിഎ അധികാരം നേടി. പാലക്കാട് നഗരസഭയില്‍ ബിജെപി ഭരണം നിലനിര്‍ത്തിയപ്പോള്‍, തൃപ്പൂണിത്തുറയില്‍ ബിജെപി അധികാരം പിടിച്ചെടുക്കുകയായിരുന്നു.
എൻഡിഎ മുന്നേറ്റം ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മികച്ച വിജയം പ്രതീക്ഷിച്ചെങ്കിലും ആ രീതിയിലുള്ള മുന്നേറ്റമുണ്ടായില്ല. കാരണങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ തിരുത്തലുകളുമായി മുന്നോട്ടു പോകും. എൻഡിഎ മുന്നേറ്റം ആശങ്കപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പിലൂടെ പ്രതികരിച്ചു.തലസ്ഥാന നഗരത്തില്‍ എന്‍ഡിഎയ്ക്ക് മേല്‍ക്കൈ നേടാനായതും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വര്‍ഗീയതയുടെ സ്വാധീനം ഉണ്ടായതും മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്. വര്‍ഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും കുടിലതന്ത്രങ്ങളിലും ജനങ്ങള്‍ അകപ്പെട്ടു പോകാതിരിക്കാനുള്ള ജാഗ്രത ഇനിയും ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.
യുഡിഎഫും ബിജെപിയും വോട്ടുകള്‍ പങ്കുവെച്ചു: എം വി ഗോവിന്ദന്‍
തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായ തിരിച്ചടിയാണ് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇതുസംബന്ധിച്ച് വിശദമായ പരിശോധന നടത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തും. സമാനതകളില്ലാത്ത നേട്ടങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത്. എന്നാല്‍ ഈ നേട്ടങ്ങള്‍ എന്തുകൊണ്ട് തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രതിഫലിച്ചില്ല എന്ന കാര്യവും സംഘടനാപരമായ കാര്യങ്ങളും പരിശോധിക്കും. ജനവിശ്വാസം നേടുന്നതിനുള്ള പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ തലത്തിലും സംഘടനാതലത്തിലും നടത്തുമെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എല്‍ഡിഎഫിന്റെ അടിത്തറയാകെ തകര്‍ന്നുപോയിരിക്കുന്നുവെന്ന തരത്തില്‍ പ്രചാരണം നടത്തുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഴു ജില്ലാ പഞ്ചായത്തുകളില്‍ വിജയിച്ചത് പാര്‍ട്ടിയുടെ അടിത്തറ തകർന്നിട്ടില്ല എന്നതിന്റെ തെളിവാണ്. തിരിച്ചടികളെ ശരിയായ രീതിയില്‍ പരിശോധിച്ച് മുന്നോട്ടുപോയതുകൊണ്ടാണ് പാര്‍ലമെന്റില്‍ ഒരു സീറ്റ് ലഭിച്ച തെരഞ്ഞെടുപ്പിന് ശേഷം നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ 68 സീറ്റ് ലഭിച്ചത്. അതുകൊണ്ട് പ്രചാരണം നടത്തുന്ന ആളുകള്‍ ഇത്തരമൊരു ചരിത്രം കൂടി ഓര്‍ക്കേണ്ടതുണ്ടെന്നും എം വി ഗോവിന്ദന്‍ ഓര്‍മ്മിപ്പിച്ചു.ഈ തെരഞ്ഞെടുപ്പില്‍ എല്ലാ വര്‍ഗ്ഗീയ ശക്തികളുമായി രഹസ്യമായും പരസ്യമായും നീക്കുപോക്കുകള്‍ ഉണ്ടാക്കിക്കൊണ്ടാണ് യുഡിഎഫ് മത്സരിച്ചത്. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിനും തിരിച്ച് യുഡിഎഫ് വോട്ടുകള്‍ ബിജെപിക്കും ലഭിച്ച നിരവധി സംഭവങ്ങള്‍ കാണാനുണ്ട്.
ഉദാഹരണമായി പറവൂര്‍ നഗരസഭയില്‍ മത്സരിച്ച സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ സേതുമാധവനെ ബിജെപി സ്ഥാനാര്‍ഥിയാണ് പരാജയപ്പെടുത്തിയത്. ഈ വാര്‍ഡില്‍ യുഡിഎഫിന് 20 വോട്ട് മാത്രമാണ് ലഭിച്ചത്. ഇത്തരത്തില്‍ പരസ്പരം സഹായിച്ച നിരവധി സംഭവങ്ങള്‍ കാണാവുന്നതാണ്. മതരാഷ്ട്രവാദം മുന്നോട്ടുവെക്കുന്ന ശക്തികളുടെ വോട്ടുകളും പ്രചാരണങ്ങളും യുഡിഎഫിന് സഹായകമായി. ഇത്തരം പ്രചാരണങ്ങള്‍ ബിജെപിയെയും സഹായിച്ചിട്ടുണ്ട് എന്ന് കാണാവുന്നതാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
തിരുവനന്തപുരത്തെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് നരേന്ദ്ര മോദി
തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപി മുന്നേറ്റത്തിന് ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് ട്വീറ്റുകളിലായാണ് പ്രധാനമന്ത്രി കേരളത്തിലെ തദ്ദേശ തെരഞഞ്ഞെടുപ്പിനെ പരാമര്‍ശിച്ചിരിക്കുന്നത്. ബിജെപി മുന്നേറ്റത്തിന് വേണ്ടി പ്രവര്‍ത്തിച്ച പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് മോദിയുടെ ആദ്യ ട്വീറ്റ്. ചരിത്രത്തില്‍ ആദ്യമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ച എന്‍ഡിഎയുടെ നേട്ടത്തെ അഭിസംബോധന ചെയ്യുന്നതാണ് രണ്ടാമത്തെ ട്വീറ്റ്. കേരളത്തിലെ ജനങ്ങളോട് നന്ദി അറിയിച്ചാണ് പ്രധാനമന്ത്രിയുടെ മൂന്നാമത്തെ ട്വീറ്റ്.
കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട് എന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
യുഡിഎഫിൽ വിശ്വാസമർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട്. നിർണായകവും ഹൃദയസ്പർശിയായതുമായ ഒരു ജനവിധിയാണ്. ഈ ഫലം യുഡിഎഫിൽ വളർന്നുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണ്.ഫലം നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയത്തിലേക്കുള്ള വഴി ചൂണ്ടുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് തൂത്തുവാരും. വിജയം സാധ്യമാക്കിയ നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി എന്നും രാഹുൽഗാന്ധി എക്‌സിൽ കുറിച്ചു. ഉത്തരവാദിത്വമുള്ള ഭരണമാണ് കേരളം ആഗ്രഹിക്കുന്നത് എന്ന സന്ദേശമാണ് ഈ തിരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.