സികെ ജാനുവിന് സീറ്റില്ലെന്ന് യുഡിഎഫ്: ആദിവാസി സമൂഹത്തെ തഴഞ്ഞെതിൽ ഹൈക്കമാൻഡിന് പരാതി

സികെ ജാനുവിന് സീറ്റില്ലെന്ന് യുഡിഎഫ്: ആദിവാസി സമൂഹത്തെ തഴഞ്ഞെതിൽ ഹൈക്കമാൻഡിന് പരാതി

തിരുവനന്തപുരം: ആദിവാസി നേതാവും ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആർപി) അധ്യക്ഷയുമായ  സികെ ജാനുവിന് നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ച് യുഡിഎഫ്.  പിവി അൻവറിന് സീറ്റ് നൽകിയശേഷം സംവരണ മണ്ഡലമായ മാനന്തവാടിയിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച ജാനുവിന് സീറ്റ് നിഷേധിച്ചത് ആദിവാസി സമൂഹത്തെ തഴഞ്ഞതിന് തുല്യമാണെന്ന് മുന്നണിയിൽ വിമർശനം. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ജാനു കോൺഗ്രസ് ഹൈക്കമാൻഡിന് പരാതി നൽകി.ഘടകകക്ഷിയെന്ന നിലയിൽ ജെആർപിക്ക് പരിഗണന ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആറുമാസം മുൻപ് ജാനു എൻഡിഎ വിട്ടത്. തുടർന്ന് യുഡിഎഫിൻ്റെ ഭാഗമായി  . രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ആദിവാസികളെയും പാർശ്വവത്കരിക്കപ്പെട്ടവരെയും മുഖ്യധാരാ രാഷ്ട്രീയത്തിൻ്റെ ഭാഗമായി പരിഗണിക്കുമെന്നായിരുന്നു പ്രഖ്യാപനം. ജാനുവിൻ്റെ പാർട്ടിയെ യുഡിഎഫ് ഭാഗമാക്കിയ കോൺഗ്രസ് തീരുമാനം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ, സംസ്ഥാന നേതൃത്വം സീറ്റില്ലെന്ന് കഴിഞ്ഞ ദിവസം ജാനുവിനെ നേരിട്ട് അറിയിക്കുകയായിരുന്നു .തീരുമാനത്തിൽ പ്രതിഷേധിച്ച് എഐസിസി അധ്യക്ഷനായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവർക്ക് ജാനു പരാതി അയച്ചു. എൽഡിഎഫ് സ്ഥാനാർഥിയായി ഒആർ കേളു രണ്ടുതവണ വിജയിച്ച മാനന്തവാടിയിൽ മുൻ മന്ത്രി പികെ ജയലക്ഷ്മിയെ വീണ്ടും മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് വയനാട് ജില്ലയിലെ ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ. പ്രിയങ്ക ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലെ മാനന്തവാടിയിൽ ജാനുവിന് വിജയസാധ്യത ഇല്ലെന്നാണ് ഒരു വിഭാഗത്തിൻ്റെ അഭിപ്രായം. ജില്ലാ കോൺഗ്രസ് നേതൃത്വത്തിലെ ഭൂരിഭാഗം പേരും ജാനുവിന് എതിരാണ്.